ഇന്ത്യയിലെ ആദ്യ 'ഇന്റര്‍നെറ്റ് കാറിന്' രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റെക്കോര്‍ഡ് ബുക്കിങ്; എം.ജി ഹെക്ടറിന്റെ വില ആരംഭിക്കുന്നത് 12.18 ലക്ഷം മുതല്‍; വാഹന പ്രേമികള്‍ ഇരച്ചെത്തിയതോടെ ബുക്കിങ് നിറുത്തി കമ്പനി; അഞ്ചു വര്‍ഷ വാറണ്ടിയടക്കം ഹെക്ടര്‍ സമ്മാനിക്കുന്നത് ഓഫര്‍ പെരുമഴ

July 18, 2019 |
|
Lifestyle

                  ഇന്ത്യയിലെ ആദ്യ 'ഇന്റര്‍നെറ്റ് കാറിന്' രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റെക്കോര്‍ഡ് ബുക്കിങ്; എം.ജി ഹെക്ടറിന്റെ വില ആരംഭിക്കുന്നത് 12.18 ലക്ഷം മുതല്‍; വാഹന പ്രേമികള്‍ ഇരച്ചെത്തിയതോടെ ബുക്കിങ് നിറുത്തി കമ്പനി; അഞ്ചു വര്‍ഷ വാറണ്ടിയടക്കം ഹെക്ടര്‍ സമ്മാനിക്കുന്നത് ഓഫര്‍ പെരുമഴ

കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി ഓട്ടോമൊബൈല്‍ രംഗത്ത് മുഴങ്ങുന്ന പേരാണ് എംജി ഹെക്ടര്‍. ബ്രിട്ടീഷ് കമ്പനിയായ മോറിസ് ഗാരേജസിന്റെ സൂപ്പര്‍ ഫീച്ചര്‍ കാറായ എംജി ഹെക്ടറിന് രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് കാര്‍ എന്ന വിശേഷണവും ലഭിച്ച് കഴിഞ്ഞിരിക്കുകയാണ്. കാറിന്റെ പ്രത്യേകതകളാണ് വാഹനത്തെ ശ്രദ്ധാ കേന്ദ്രമാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതിന് പിന്നാലെ പുറത്ത് വന്ന വാര്‍ത്തയാണ് കാറിന് ഇരട്ടി തിളക്കം നല്‍കുന്നത്. മോഡലിന്റെ ബുക്കിങ് ആരംഭിച്ചതിന് പിന്നാലെ ആരാധകര്‍ കുത്തിയൊഴുകിയെത്തിയതോടെ ബുക്കിങ് തല്‍ക്കാലേത്തേക്ക് നിറുത്തേണ്ട അവസ്ഥയാണ് കമ്പനിക്ക്.

ജൂലൈ നാലിനാണ് വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചത്. വെറും രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ രാജ്യത്തെമ്പാടുമായി 21000 ബുക്കിങ്ങുകളാണ് കമ്പനിക്ക് ലഭിച്ചത്. ഇന്ത്യയില്‍ വെറും 2000 യൂണിറ്റുകള്‍ മാത്രം നിര്‍മ്മിച്ചുകൊണ്ടിരുന്ന കമ്പനി ഇത്രയധികം ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചില്ല.  ഇനിയും ബുക്കിംഗ് ഉയര്‍ന്നാല്‍ ഉപഭോക്താക്കള്‍ക്ക് ഡെലിവറിയ്ക്കായി നാളുകള്‍ കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകും. ഉപഭോക്താക്കളുടെ ക്ഷമ കെടുത്താതെ കഴിയുന്നത്ര വേഗത്തില്‍ വാഹനങ്ങള്‍ എത്തിച്ചു കൊടുക്കുന്നതിനായാണ് താല്‍ക്കാലികമായി ബുക്കിംഗുകള്‍ നിര്‍ത്തുവാന്‍ തീരുമാനിച്ചത്.

നിലവിലെ ഉല്‍പ്പാദനക്ഷമത വീണ്ടും കൂട്ടുമെന്നും മാസം 2000 യൂണിറ്റ് എന്നുള്ളത് 3000 യൂണിറ്റിലധികം ഉല്‍പ്പാദിപ്പിക്കുവാന്‍ വേണ്ട നടപടിക്രമങ്ങള്‍ കൈക്കൊള്ളുമെന്നും കമ്പനി മേധാവി അറിയിച്ചിട്ടുണ്ട്. 95 വര്‍ഷത്തോളമായി വാഹന നിര്‍മ്മാണ രംഗത്തു പ്രവര്‍ത്തിച്ചു വരുന്ന എംജി മോട്ടോര്‍സ്, തങ്ങളുടെ ഏറ്റവും കാര്യക്ഷമതയുള്ള വാഹനം എന്ന ലേബലിലാണ് ഇന്ത്യയില്‍ ഹെക്ടര്‍ മോഡലുകള്‍ ഇറക്കിയിരിക്കുന്നത്. സാധാരണ വാഹനങ്ങളില്‍ നാം കണ്ടിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഫീച്ചറുകള്‍ ഹെക്ടറിലുണ്ട്.

അതില്‍ എടുത്തു പറയേണ്ടത് വോയ്സ് കമാന്‍ഡ് ആണ്. ന്യൂ ആന്‍സ് ആണ് ഈ സവിശേഷത എംജി ഹെക്ടര്‍ ഇന്ത്യയ്ക്കു വേണ്ടി ചെയ്തിരിക്കുന്നത്. ''ഹലോ എംജി'' എന്ന അഭിസംബോധനയ്ക്കു ശേഷം നൂറിലേറെ കമാന്‍ഡുകളുമായാണ് എംജി ഹെക്ടര്‍ തുടക്കത്തില്‍ തന്നെ എത്തിയിരിക്കുന്നത്.  കാറിന്റെ വിന്‍ഡോകള്‍, സണ്‍റൂഫ് എന്നിവ തുറക്കുന്നതിനും അടയ്ക്കുന്നതിനും, എസി നിയന്ത്രിക്കുന്നതിനും ഒക്കെയാണ് പ്രധാനമായും വോയ്സ് കമാന്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് സഹായകരമാകുന്നത്.

1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, പെട്രോള്‍ ഹൈബ്രിഡ്, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്നീ എന്‍ജിന്‍ ഓപ്ഷനാണ് ഹെക്ടറിനുള്ളത്. പെട്രോളില്‍ 143 പിഎസ് പവറും 250 എന്‍എം ടോര്‍ക്കും ലഭിക്കും. ഡീസലില്‍ 170 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും. പെട്രോള്‍ ഹൈബ്രിഡും ഡീസലും 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ്. പെട്രോളില്‍ 6 സ്പീഡ് മാനുവല്‍, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്. 

ഐസ്മാര്‍ട്ട് നെക്സ്റ്റ് ജനറല്‍ 10.4 ''ഹെഡ് യൂണിറ്റില്‍ സ്ഥാപിച്ചിട്ടുണ്ട്. എംജി മോട്ടോര്‍ കാറിന്റെ മസ്തിഷ്‌കം എന്നാണ് ഇതിനേ കമ്പനി വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു ടച്ച് അല്ലെങ്കില്‍ വോയ്സ് കമാന്‍ഡ് ഉപയോഗിച്ച് ഡ്രൈവര്‍ മുഴുവന്‍ കാര്‍ സിസ്റ്റത്തെയും നിയന്ത്രിക്കാന്‍ അനുവദിക്കുന്ന ലംബ ഇന്റര്‍ഫേസ് ഉപയോഗിച്ചാണ് സ്‌ക്രീന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ കടുത്ത കാലാവസ്ഥയെ നേരിടാന്‍ സാധിക്കുന്ന ഹെഡ് യൂണിറ്റാണ് കാറിന്റെ മറ്റൊരു സവിശേഷത. വിനോദത്തിനായുള്ള പ്രോഗ്രാമുകളും മുന്‍കൂട്ടി ലോഡുചെയ്തിട്ടുമുണ്ട്. 

എംജി ഹെക്ടറിന്റെ പ്രാരംഭ പെട്രോള്‍ പതിപ്പിന് 12.18 ലക്ഷം രൂപ മുതലും, ഉയര്‍ന്ന ഡീസല്‍ പതിപ്പിന് 16.88 ലക്ഷം രൂപ വരെയുമാണ് വില. കാര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് അഞ്ചു വര്‍ഷത്തെ വാറന്റിയും (അണ്‍ലിമിറ്റഡ് കി.മീ.) ലേബര്‍ ഫ്രീ സര്‍വ്വീസുകളും, റോഡ്‌സൈഡ് അസിസ്റ്റന്‍സും ഒക്കെയായി മികച്ച വില്‍പ്പനാനന്തര സേവനങ്ങളാണ് എംജി വാഗ്ദാനം ചെയ്യുന്നത്. 

Related Articles

© 2024 Financial Views. All Rights Reserved