വിആര്‍എസ് സ്‌കീമിലേക്ക് ബിഎസ്എന്‍ല്‍ ജീവനക്കാര്‍ അപേക്ഷിച്ച് തുടങ്ങി; മൂന്ന് ദിവസത്തിനിടെ സ്‌കീമിലേക്ക് ഒഴുകിയെത്തിയത് 49,643 പേര്‍

November 09, 2019 |
|
News

                  വിആര്‍എസ് സ്‌കീമിലേക്ക് ബിഎസ്എന്‍ല്‍ ജീവനക്കാര്‍ അപേക്ഷിച്ച് തുടങ്ങി; മൂന്ന് ദിവസത്തിനിടെ സ്‌കീമിലേക്ക് ഒഴുകിയെത്തിയത് 49,643 പേര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഏക പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്ലിനെ കൈവിടാതെ എത്തിയിരിക്കുകയാണ് ജീവനക്കാര്‍. ബിഎസ്എന്‍എല്ലിന്റെ പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായുള്ള സ്വയംവിരമിക്കല്‍ പദ്ധതിയിലേക്ക് കൂട്ടത്തോടെ ജീവനക്കാര്‍ എത്തുകയാണ്. മൂന്ന് ദിവസംകൊണ്ട് അരലക്ഷത്തോളം പേരാണ് താത്പര്യപത്രം കൊടുത്തത്. വെള്ളിയാഴ്ച വൈകീട്ടുള്ള കണക്കുപ്രകാരം ഇത് 49,643 ആണ്. ഡിസംബര്‍ മൂന്ന് വരെയാണ് സ്വയം വിരമിക്കല്‍ പദ്ധതിയായ വിആര്‍എസ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി. 

സ്വയം വിരമിക്കല്‍ പദ്ധതിയിലേക്ക് 77,000 പേരെയെങ്കിലും ഉള്‍പ്പെടത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.  ഡല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കൂടിയായ പികെ പുര്‍വാര്‍ വ്യക്തമാക്കിയിരിക്കുന്നത്. നലവില്‍ ബിഎസ്എന്‍എല്ലില്‍ ജോലി ചെയ്യുന്ന 1.5 ലക്ഷം ജീവനക്കാര്‍ വിആര്‍എസ് പദ്ധതിക്ക് യോഗ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഇക്കഴിഞ്ഞ നവംബര്‍ മൂന്നിനാണ് വിആര്‍എസ് പദ്ധതിക്ക് തുടക്കം കുറിച്ചത്. 

നിലവില്‍ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും കിട്ടാത്ത സ്ഥിതിയാണ്. സാമ്പത്തിക പ്രതിസന്ധിയാണിതിന് കാരണം. അതുകൊണ്ടാണ് ഏവരും വി ആര്‍ എസും വാങ്ങി പിരിയാന്‍ തയ്യാറാകുന്നത്. ഉന്നത തലത്തിലുള്ള ഉദ്യോഗസ്ഥരില്‍ 60 ശതമാനം പേരും ഓപ്ഷന്‍ നല്‍കാന്‍ തയ്യാറാണ്. ഗ്രൂപ്പ് എ, ഗ്രൂപ്പ് ബി വിഭാഗത്തിലുള്ള ജീവനക്കാരാണ് ഇതില്‍ ഏറെയും. ഗ്രൂപ്പ് എ യില്‍ ഇന്ത്യന്‍ ടെലിഫോണ്‍ സര്‍വീസിലുള്ള ജീവനക്കാരാണ്. ഇതിലാണ് ചീഫ് ജനറല്‍ മാനേജര്‍തലം മുതല്‍ മേലോട്ട് ഉള്ളവര്‍ ഉള്‍പ്പെടുക. ഈ ഗണത്തില്‍ 5661 പേരാണ് സ്വയംവിരമിക്കലിന് യോഗ്യരായിട്ടുള്ളത്. വെള്ളിയാഴ്ച ഉച്ചയോടെ ഇതില്‍ 2700 പേര്‍ അപേക്ഷ നല്‍കി.ഗ്രൂപ്പ് ബി തലത്തില്‍ ഡിവിഷണല്‍ എന്‍ജിനിയര്‍ മുതല്‍ ജെ.ടി.ഒ. വരെയുള്ളവര്‍ ഉള്‍പ്പെടുന്നു. 11,971 പേരാണ് ഇതിലുള്ളത്. ഇവരില്‍ 5819 പേരാണ് ഓപ്ഷന്‍ നല്‍കിയത്.

ഗ്രൂപ്പ് സി വിഭാഗത്തില്‍പ്പെടുന്ന ജീവനക്കാരാണ് പദ്ധതിയില്‍ ചേരാന്‍ യോഗ്യരായവരില്‍ കൂടുതലും. ടെക്‌നീഷ്യന്‍, ക്ലാര്‍ക്ക് തുടങ്ങിയ തസ്തികയിലുള്ള ഇവരില്‍ യോഗ്യരായ 71,007 പേരില്‍ 28,862 പേര്‍ ഓപ്ഷന്‍ നല്‍കി. പ്യൂണ്‍, മസ്ദൂര്‍ തസ്തികയിലുള്ളവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഡിയില്‍ യോഗ്യരായ 15,302 പേരില്‍ 4421 പേര്‍ ഓപ്ഷന്‍ നല്‍കി. ബി.എസ്.എന്‍.എലില്‍ ആകെയുള്ള 1.65 ലക്ഷം ജീവനക്കാരില്‍ 1.04 ലക്ഷം സ്വയംവിരമിക്കലിന് യോഗ്യരാണ്.

69,000 കോടി രൂപയാണ് വിആര്‍എസ് പദ്ധതി നടപ്പിലാക്കാന്‍ നീക്കിവെച്ചത്. എംടിഎന്‍എല്‍, ബിഎസ്എന്‍ തുടങ്ങിയ കമ്പനികള്‍ സാമ്പത്തിക പ്രതിസന്ധിയിലകപ്പെട്ടതോടെയാണ് വിആര്‍എസ് പദ്ധതി നടപ്പിലാക്കാന്‍ കമ്പനി നീക്കം നടത്തുന്നത്.  ഇരുവിഭാഗം കമ്പനികളും നഷ്ടത്തിലായതിനെ തുടര്‍ന്ന് ലയിപ്പിച്ച് വിആര്‍എസ് പദ്ധതി നടപ്പിലാക്കാനുള്ള ശ്രമത്തിലാണിപ്പോള്‍ കേന്ദ്രസര്‍ക്കാര്‍. വിആര്‍എസ് പദ്ധതി നടപ്പിലാകുന്നതോടെ കമ്പനികളുടെ നഷ്ടം നികത്താന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.  നിലവില്‍ എംടിഎന്‍എല്‍, ബിഎസ്എന്‍എല്‍ കമ്പനികളുടെ ആകെ നഷ്ടം 40,0.000 കോടി രൂപയോളമാണെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.   

സാമ്പത്തിക പ്രതിസന്ധി മൂലം ബിഎസ്എന്‍എല്‍ ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങികിടക്കുന്ന അവസ്ഥായാണുള്ളത്. ശമ്പളത്തിന് മാത്രമായി ഭീമമായ തുക കണ്ടെത്തേണ്ട അവസ്ഥായാണ് കമ്പനിക്ക് ഇപ്പോള്‍ ഉള്ളത്. അതേസമയം ചിലവിനത്തിലടക്കം കമ്പനിക്ക് ഭീമമായ തുകയാണ് ഇപ്പോള്‍ നേരിടേണ്ടി വന്നിട്ടുള്ളത്. ബിഎസ്എന്‍എല്ലിന് ഭീമമായ തുകയുടെ നഷ്ടമാണ് ആകെ രേഖപ്പെടുത്തിയിട്ടുള്ളത്. നടപ്പുവര്‍ഷം മാത്രം ബിഎസ്എന്‍എല്ലിന് 13,804 കോടി രൂപയുടെ നഷ്ടമാണ് ആകെ ഉണ്ടായിട്ടുള്ളത്. എന്നാല്‍ പൊതുമേഖലാ ടെലികോം കമ്പനിയുടെ ആകെ നഷ്ടം 2018 മാത്രം രേഖപ്പെടുത്തിയത് 90,000 കോടി രൂപയാണെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved