ശക്തമായ സ്വദേശിവത്കരണ നടപടികളുമായി കുവൈത്ത്; 50 ശതമാനം പ്രവാസി ജീവനക്കാരെ ഉപകരാര്‍ ജോലികളില്‍ നിന്ന് ഒഴിവാക്കുന്നു

August 04, 2020 |
|
News

                  ശക്തമായ സ്വദേശിവത്കരണ നടപടികളുമായി കുവൈത്ത്; 50 ശതമാനം പ്രവാസി ജീവനക്കാരെ ഉപകരാര്‍ ജോലികളില്‍ നിന്ന് ഒഴിവാക്കുന്നു

കുവൈത്ത് സിറ്റി: കുവൈത്തിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ സ്വദേശിവത്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നു. സാങ്കേതികേതര തസ്തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഒഴിവാക്കുന്ന നടപടികളാണ് പുരോഗമിക്കുന്നത്. ഇതനുസരിച്ച് നിരവധി പ്രവാസി ജീവനക്കാര്‍ക്ക് ഇതിനോടകം പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിക്കഴിഞ്ഞു.

അതേസമയം കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന വിദഗ്ധ തൊഴിലാളികളെ അതത് മേഖലയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കാതെ ഘട്ടംഘട്ടമായി ഒഴിവാക്കാനാണ് തീരുമാനം. സര്‍ക്കാര്‍ ജോലികളുടെ ഉപകരാറുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങളിലെ 50 ശതമാനം പ്രവാസി ജീവനക്കാരെ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ പിരിച്ചുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ നേരിട്ട് ജോലി ചെയ്യുന്ന വിദേശികളെ ഒഴിവാക്കുന്ന സാഹചര്യത്തില്‍ നിരവധി പ്രവാസികള്‍ ഉപകരാര്‍ സ്ഥാപനങ്ങളിലേക്ക് മാറിയെന്നാണ് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജനസംഖ്യയിലെ സ്വദേശികളും വിദേശികളും തമ്മിലുള്ള അനുപാതം സംബന്ധിച്ചുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി വിദേശികളെ ഒഴിവാക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പാര്‍ലമെന്ററി ഹ്യൂമണ്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് കമ്മിറ്റി തലവന്‍ എം.പി ഖലീല് അല്‍ സാലെഹ് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള കണക്കുകളും വിവരങ്ങളും തയ്യാറാക്കി നാഷണല്‍ അസംബ്ലിയില്‍ സമര്‍പ്പിക്കുന്നതിനായി അടുത്തയാഴ്ച യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതികേതര ജോലികളിലുള്ള പ്രവാസികളെ ഒഴിവാക്കി അതത് മന്ത്രാലയങ്ങള്‍ ലക്ഷ്യം നേടണം. സര്‍ക്കാര്‍ ജോലികളില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിന് സിവില്‍ സര്‍വീസസ് കമ്മീഷന്‍ ശക്തമായ നടപടികളെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved