ആധാറും സമൂഹ മാധ്യമവും ബന്ധിപ്പിക്കണമെന്ന ആവശ്യമുയരുമ്പോള്‍ സുപ്രീം കോടതി ആശങ്കപ്പെടുന്നത് 'ഡാര്‍ക്ക് വെബിനെ' പറ്റി; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്ന നിലപാടിലുറച്ച് ഫേസ്ബുക്ക്

August 21, 2019 |
|
News

                  ആധാറും സമൂഹ മാധ്യമവും ബന്ധിപ്പിക്കണമെന്ന ആവശ്യമുയരുമ്പോള്‍ സുപ്രീം കോടതി ആശങ്കപ്പെടുന്നത് 'ഡാര്‍ക്ക് വെബിനെ' പറ്റി;  സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാകുമെന്ന നിലപാടിലുറച്ച് ഫേസ്ബുക്ക്

ഡല്‍ഹി: ആധാറും സമൂഹ മാധ്യമ പ്രൊഫയലുകളും തമ്മില്‍ ബന്ധിപ്പിക്കണമെന്ന  തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കേയാണ്  ഡാര്‍ക്ക് വെബിനെ പറ്റി സുപ്രീം കോടതി ആശങ്ക പങ്കുവെച്ചിരിക്കുന്നത്. ഓണ്‍ലൈനിലെ സ്വകാര്യതയും സമൂഹ മാധ്യമം വഴി വ്യാജ വാര്‍ത്ത മുതല്‍ രാജ്യ വിരുദ്ധ സന്ദേശങ്ങള്‍ വരെ തടയാനുള്ള നീക്കം വേണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും തുല്യമായി പരിഗണിക്കണം എന്നതാണ് നിലവില്‍ സുപ്രീം കോടതിക്ക് മുന്നിലുള്ള വെല്ലുവിളി.

ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങളേക്കാള്‍ രൂക്ഷമാണ് ഡാര്‍ക്ക് വെബില്‍ നിന്നും ഉണ്ടാകാവുന്ന പ്രശ്‌നങ്ങളെന്നും ജസ്റ്റീസ് ദീപക്ക് ഗുപ്ത ചൂണ്ടിക്കാട്ടി. ജസ്റ്റീസ് അനിരുദ്ധ ഗോസ്, ദീപക്ക് ഗുപ്ത എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കുറ്റ കൃത്യങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ആവശ്യനേരങ്ങളില്‍ ഫേസ്ബുക്കും വാട്‌സാപ്പും 12 അക്ക യൂണീക്ക് ഐഡന്റിറ്റി കോഡ് കൈമാറാറുള്ള കാര്യം ഓര്‍ക്കണമെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 

ആധാറുമായി സമൂഹ മാധ്യമ പ്രൊഫൈലുകള്‍  ബന്ധിപ്പിക്കുന്നതിലൂടെ വ്യാജവാര്‍ത്ത, പോര്‍ണോഗ്രഫി, രാജ്യവിരുദ്ധത പ്രചരിപ്പിക്കല്‍ എന്നിവ തടയുമെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. മദ്രാസ് ഹൈക്കോടതിയിലുള്ള കേസ് സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു അറ്റോര്‍ണി ജനറല്‍ ഈ വാദമുന്നയിച്ചത്. പ്രസ്തുത കേസില്‍ തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടിയാണ് കെ കെ വേണുഗോപാല്‍ ഹാജരായത്.

സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലടക്കം നിരവധി ഹര്‍ജികള്‍ നിലവിലുണ്ട്. നിലവില്‍ ഈ പൊതു താല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിനും വിവിധ സമൂഹമാധ്യങ്ങള്‍ക്കും സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു സംസ്ഥാനത്തെ ഹൈക്കോടതിക്ക് തീരുമാനമെടുക്കാവുന്ന വിഷയമല്ല ഇതെന്നും, വിഷയം സുപ്രീം കോടതി തന്നെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് ഫേസ്ബുക്ക് സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

സമൂഹത്തിലെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനും വ്യാജവാര്‍ത്ത നിയന്ത്രിക്കുന്നതിനുമടക്കം ഇത് ഗുണകരമാകുമെന്ന് തമിഴ്‌നാട് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു. സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവിന് തല്‍ക്കാലം സ്റ്റേയില്ല.

അതേസമയം ആധാറുമായി അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നത് ഉപഭോക്താക്കളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ഫേസ്ബുക്ക് അറിയിച്ചിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കും ലൈംഗിക ചൂഷണത്തിനും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നുണ്ടെന്നും, സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിലൂടെ ഇതൊക്കെ തടയാന്‍ സാധിക്കുമെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം. ഈ കേസ് സെപ്റ്റംബര്‍ 13ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.

നിലവില്‍ മദ്രാസ്, മധ്യപ്രദേശ്, ബോംബെ ഹൈക്കോടതികളിലുള്ള കേസ് സുപ്രീംകോടതിയിലേക്ക് മാറ്റും. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി കേന്ദ്രത്തിനും ഫെയ്‌സ്ബുക്കിനും ട്വിറ്ററിനും നോട്ടിസ് അയക്കാനും നിര്‍ദേശിച്ചു. സെപ്തംബര്‍ 13 നു വാദം കേള്‍ക്കുന്നതിനു മുന്‍പ് നിലപാട് അറിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ആധാറുമായി സമൂഹമാധ്യമ അക്കൗണ്ടുകള്‍ ബന്ധിപ്പിക്കുന്നത് സ്വകാര്യതയില്‍ മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കി തമിഴ്‌നാട് സര്‍ക്കാരിന്റെ വാദത്തെ ഫെയ്‌സ്ബുക്ക് കോടതിയില്‍ എതിര്‍ത്തു. കേന്ദ്രത്തിന്റെ  നിലപാട് വിഷയത്തില്‍ നിര്‍ണായകമാകും. 

സുപ്രീംകോടതിയുടെ നോട്ടിസിനു മറുപടി നല്‍കുമ്പോഴാകും കേന്ദ്രം നിലപാട് അറിയിക്കുക. ജസ്റ്റിസ് ദീപക് ഗുപത്, അനിരുദ്ധ ബോസെ എന്നിവരടങ്ങിയ ബെഞ്ചാണ് സെപ്തംബര്‍ 13 ന് മുന്‍പ് മറുപടി നല്‍കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. 

ഡാര്‍ക്ക് വെബ് എന്നാല്‍ 

നമ്മള്‍ കാണാത്ത ഇന്റര്‍നെറ്റിന്റെ 80 ശതമാനമാണ് ഡീപ് വെബ് എന്നത്.ഡീപ് വെബില്‍ നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്ന ഒരു ഭാഗമാണ് ഡാര്‍ക്ക് വെബ്, ടോര്‍ വെബ്‌സൈറ്റുകള്‍ ( TOR Network/Websites ) എന്ന് നമുക്ക് അവയെ വിളിക്കാം. ഒരു ടോര്‍ ക്ലൈന്റ് ഉപയോഗിച്ച് മാത്രമേ നമ്മുക്ക് അവിടെ പ്രവേശിക്കാന്‍ സാധിക്കുകയുള്ളു. സാധാരണ കാണുന്ന വെബ്‌സൈറ്റുകളെ പോലെ ഓര്‍ക്കാന്‍ എളുപ്പമുള്ള പേരുകള്‍ അല്ല ഡാര്‍ക്ക് വെബിലെ വെബ്സൈറ്റുകള്‍ക്ക്. .com എന്നപോലെ ഡാര്‍ക്ക് വെബിലെ ടോര്‍ വെബ്‌സൈറ്റുകള്‍ .onion ഇല്‍ അവസാനിക്കുന്നു. ഉദാ: zahdy4jals66u7ahsp55.onion.

ഇത്തരം വെബ്‌സൈറ്റുകള്‍ നമ്മള്‍ ഉപയോഗിക്കുന്ന ബ്രൗസറില്‍ നിന്നും സന്ദര്‍ശിക്കാന്‍ സാധ്യമല്ല. ( എങ്ങനെ അത്തരം വെബ്‌സൈറ്റ് സന്ദര്‍ശിക്കാമെന്ന് പറയാന്‍ തല്ക്കാലം ഞാന്‍ ആഗ്രഹിക്കുന്നില്ല ) Onion Routing എന്ന സാങ്കേതികവിദ്യ ആണ് ടോര്‍ നെറ്റ്വര്‍ക്ക് ഉപയോഗിക്കുന്നത്. ടോര്‍ നെറ്റ്വര്‍ക്ക് ടോര്‍ റിലേകള്‍ ( TOR Relay ) കൊണ്ട് ഉണ്ടാക്കിയിരിക്കുന്നതാണ്. ഉപയോഗിക്കുന്ന വ്യക്തിയുടെ IP അഡ്രസ്, മറ്റു ഡേറ്റകള്‍ എന്നിവ പലതവണ എന്‍ക്രിപ്റ്റ് ചെയ്താണ് ടോര്‍ നെറ്റ്വര്‍ക്കില്‍ കയ്യമാറ്റം ചെയ്യുന്നത്, ഇതിനാല്‍ ടോര്‍ ഉപയോഗിക്കുന്ന വ്യക്തിയെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്.

ഈ കാരണത്താല്‍ തന്നെ ടോര്‍ വെബ്‌സൈറ്റ് സൈബര്‍ ക്രിമിനലുകള്‍ വളരെ ഏറേ ഉപയോഗിക്കുന്നു. ഡാര്‍ക്ക് വെബിലെ വെബ്‌സൈറ്റുകളില്‍ പ്രധാനമായും നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്യുന്നവയാണ്. ഇതിനാല്‍ തന്നെ ഗൂഗിള്‍ പോലുള്ള സെര്‍ച്ച് എന്‍ജിനുകള്‍ അത്തരം വെബ്‌സൈറ്റ് ഇന്‍ഡക്‌സ് ( index ) ചെയ്യാറില്ല. ഗൂഗിള്‍ ക്രവളേഴ്സ് ( crawlers ) നെ ബ്ലോക്ക് ചെയ്യുന്നതരത്തിലുള്ള authentification mechanisms, robot.txt ഫയലുകള്‍ അത്തരം വെബ്‌സൈറ്റ്കള്‍ ഉപയോഗിക്കും. GoDuckGo, TorWiki പോലുള്ള ടോര്‍ സൈറ്റുകളാണ് ടോര്‍ നെറ്റ്വര്‍ക്കിലെ സെര്‍ച്ച് എന്‍ജിനുകള്‍.

Related Articles

© 2024 Financial Views. All Rights Reserved