എയര്‍ ഇന്ത്യ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കുറച്ചു

July 13, 2020 |
|
News

                  എയര്‍ ഇന്ത്യ ഉയര്‍ന്ന ടിക്കറ്റ് നിരക്ക് കുറച്ചു

കൊച്ചി: കൂടുതല്‍ വിമാനക്കമ്പനികള്‍ കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചതോടെ കനത്ത ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെട്ടിലായി. മറ്റ് സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചതോടെ ഇപ്പോള്‍ ടിക്കറ്റ് നിരക്ക് പകുതിയാക്കി കുറച്ചിരിക്കുകയാണ് ഈ ബജറ്റ് എയര്‍ലൈന്‍. ഫ്‌ലൈ ദുബായ്, എമിറേറ്റ്‌സ് എന്നിവയാണ് ദുബായിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നത്. ഈ മാസം 26 വരയുള്ള വിമാന സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളില്‍ നിന്നാണ് എമിറേറ്റ്‌സ് സര്‍വീസ് പുനരാരംഭിക്കുന്നത്. ദുബായിലേക്ക് തിങ്കളാഴ്ച മുതല്‍ സര്‍വീസ് തുടങ്ങും. 14,701 രൂപയാണ് ഏറ്റവും കുറഞ്ഞ നിരക്ക്. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ നിന്ന് ഫ്‌ലൈ ദുബായിയും സര്‍വീസുകള്‍ തുടങ്ങും. ഞായറാഴ്ച മുതലാണ് ദുബായിലേക്കുള്ള സര്‍വീസ് ഫ്‌ലൈ ദുബായ് പുനരാരംഭിക്കുന്നത്. കൊച്ചിയില്‍ നിന്ന് 12,548 രൂപയാണ് കുറഞ്ഞ നിരക്ക്. തിരുവന്തപുരത്ത് നിന്ന് 13,192 രൂപയും കോഴിക്കോട് നിന്ന് 18,958 രൂപയുമാണ് കുറഞ്ഞ നിരക്കുകള്‍.

ദുബായ്, ഷാര്‍ജ എന്നിവിടങ്ങളിലേക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നേരത്തെ കനത്ത ടിക്കറ്റ് നിരക്കുമായി ഈ ബജറ്റ് എയര്‍ലൈന്‍ എത്തിയത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ മറ്റ് വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ടിക്കറ്റ് നിരക്ക് പകുതിയായി കുറച്ചു. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ വ്യാപകമായി ടിക്കറ്റ് റദ്ദ് ചെയ്ത് മറ്റ് വിമാനങ്ങളില്‍ ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയതോടെയാണ് ഇത്. വ്യാപകമായി ടിക്കറ്റ് റദ്ദാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ പണം റീഫണ്ട് ചെയ്യാനുള്ള ഓപ്ഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് എടുത്തുകളഞ്ഞിരിക്കുകയാണ്. ഇതോടെ നേരത്തെ കൂടിയ നിരക്കിന് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ഇത് റദ്ദ് ചെയ്യാന്‍ പറ്റാത്ത സ്ഥിതിയും സംജാതമായിട്ടുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved