സോഫ്റ്റ്ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ജാക്ക് മാ പടിയിറങ്ങി

May 18, 2020 |
|
News

                  സോഫ്റ്റ്ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ജാക്ക് മാ പടിയിറങ്ങി

സോഫ്റ്റ്ബാങ്ക് ഗ്രൂപ്പ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ചൈനീസ് ഇ-കൊമേഴ്‌സ് ഭീമനായ അലിബാബയുടെ സഹസ്ഥാപകന്‍ ജാക്ക് മാ രാജിവച്ചു. ജപ്പാന്‍ ആസ്ഥാനമായുള്ള ടെക് നിക്ഷേപ സ്ഥാപനമായ സോഫ്റ്റ്ബാങ്ക് 39 വര്‍ഷ ചരിത്രത്തിലെ ഏറ്റവും വലിയ വാര്‍ഷിക നഷ്ടം ഉടന്‍ പ്രഖ്യാപിക്കുമെന്നുറപ്പായതിനു പിന്നാലെയാണ് രാജിയുണ്ടായത്. സ്വന്തം ഓഹരികള്‍ വന്‍തോതില്‍ തിരികെ വാങ്ങുമെന്ന സോഫ്റ്റ്ബാങ്ക് അറിയിപ്പും ഇതിനിടെ പുറത്തുവന്നു.

മാ വിട്ടുപോയതിന്റെ കാരണം സോഫ്റ്റ്ബാങ്ക് പരാമര്‍ശിച്ചിട്ടില്ല. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി തന്റെ ബിസിനസ്സ് ശ്രമങ്ങളില്‍ നിന്ന് പിന്മാറുമെന്ന് കഴിഞ്ഞ വര്‍ഷം അലിബാബയിലെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് വിരമിക്കവേ മാ അറിയിച്ചിരുന്നു. കൊറോണ വൈറസ് വ്യാപകമായതോടെ മിക്ക കമ്പനികളിലെയും സോഫ്റ്റ് ബാങ്ക് നിക്ഷേപങ്ങളില്‍ കനത്ത നഷ്ടമാണുണ്ടായത്. ഓഫീസ് സ്പേസ് ഷെയറിംഗ് കമ്പനിയായ വിവര്‍ക്കിലെ പങ്കാളിത്തം അതിനു മുമ്പു തന്നെ വന്‍ തിരിച്ചടിയായിരുന്നു. കാര്‍ പങ്കിടല്‍ സേവനദാതാക്കളായ ഉബര്‍, ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഓയോ എന്നിവയിലെ നിക്ഷേപത്തിലും വന്‍ മൂല്യശോഷണമുണ്ടായി.

സോഫ്റ്റ്ബാങ്ക് ചീഫ് എക്സിക്യൂട്ടീവ് മസായോഷി സോണ്‍ അലിബാബയിലെ ആദ്യകാല നിക്ഷേപകനായിരുന്നു. അദ്ദേഹത്തിന്റെ 20 മില്യണ്‍ ഡോളര്‍ പ്രാരംഭ ഓഹരി നിക്ഷേപം ചുരുങ്ങിയ സമയത്തിനകം 100 ബില്യണ്‍ ഡോളറിലധികം വിലമതിക്കുകയും ജാപ്പനീസ് കമ്പനിയുടെ ഏറ്റവും മൂല്യവത്തായ ഹോള്‍ഡിംഗുകളില്‍ ഒന്നായി മാറുകയും ചെയ്തു. ടെലികോം കമ്പനിയില്‍ നിന്ന് ലോകത്തെ ഏറ്റവും വലിയതും ശക്തവുമായ സാങ്കേതിക നിക്ഷേപക സ്ഥാപനമായി മാറാന്‍ സഹായിക്കുന്നതിന് സോഫ്റ്റ്ബാങ്ക് ആ ആസ്തികള്‍ കൊളാറ്ററല്‍ ആയി ഉപയോഗിച്ചു.

സൗദി അറേബ്യയിലെയും അബുദാബിയിലെയും സോവറിന്‍ വെല്‍ത്ത്ഫണ്ടുകളില്‍ നിന്നുള്ള ധനസഹായത്തിലൂടെ രൂപം നല്‍കിയ 100 ബില്യണ്‍ ഡോളര്‍ വിഷന്‍ ഫണ്ട് വഴി പലപ്പോഴും അപകടസാധ്യതയുള്ള സ്റ്റാര്‍ട്ടപ്പുകളിലേക്ക് പണം പമ്പ് ചെയ്തു സോഫ്റ്റ്ബാങ്ക് ചീഫ് എക്സിക്യൂട്ടീവ്. പക്ഷേ, വിവര്‍ക്കില്‍ നിന്നുണ്ടായ ആഘാതത്തിനു പുറമേ കോവിഡ് ദുരന്തം കൂടെയായപ്പോള്‍ മസായോഷി സോണ്‍ ശരിക്കും തളരുകയായിരുന്നു. ജാപ്പനീസ് വസ്ത്രവ്യാപാര കമ്പനിയായ യൂണിക്ലോയുടെ സ്ഥാപകനും പ്രസിഡന്റുമായ തഡാഷി യാനായ് കഴിഞ്ഞ വര്‍ഷം അവസാനം സോഫ്റ്റ്ബാങ്ക് വിട്ടിരുന്നു. കമ്പനി ബോര്‍ഡില്‍ സോണിന്റെ ദീര്‍ഘകാല സഖ്യകക്ഷിയായിരുന്നു യാനായ്.

കരുതല്‍ ധനം വര്‍ദ്ധിപ്പിക്കാനും 23 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വന്തം ഓഹരികള്‍ തിരികെ വാങ്ങി ഓഹരി പങ്കാളിത്തം ഉയര്‍ത്താനുമുള്ള രക്ഷാ പദ്ധതി നടപ്പാക്കുമെന്ന് കഴിഞ്ഞ മാസം സോണ്‍ പ്രഖ്യാപിച്ചു.അലിബാബ ഹോള്‍ഡിംഗുകളുടെ ഒരു ഭാഗം ഉള്‍പ്പെടെ 41 ബില്യണ്‍ ഡോളര്‍ വരുന്ന  ആസ്തിയില്‍ നിന്ന് ഒരു ഭാഗം വിറ്റഴിക്കാനുള്ള നീക്കത്തിലാണദ്ദേഹം. 2021 മാര്‍ച്ച് അവസാനത്തോടെ 4.7 ബില്യണ്‍ ഡോളര്‍ ഈ ലക്ഷ്യത്തിനായി ചെലവഴിക്കുമെന്ന് സോഫ്റ്റ് ബാങ്ക് പ്രഖ്യാപിച്ചതിനു പിന്നാലെ ടോക്കിയോയിലെ കമ്പനിയുടെ ഓഹരികള്‍  2.5 ശതമാനം ഉയര്‍ന്നു. ഈ മാര്‍ച്ച് 31 ന് അവസാനിച്ച വര്‍ഷത്തില്‍ 12.6 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ അനൗദ്യാഗിക നഷ്ടം. 15 വര്‍ഷത്തിനിടെയുള്ള ആദ്യത്തെ വാര്‍ഷിക നഷ്ടമാണിത്.

Related Articles

© 2024 Financial Views. All Rights Reserved