ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ ആമസോണ്‍; സേവനങ്ങള്‍ വേഗത്തിലാക്കുക പ്രധാന ലക്ഷ്യം

September 16, 2019 |
|
News

                  ഓണ്‍ലൈന്‍ വിപണി കീഴടക്കാന്‍ ആമസോണ്‍; സേവനങ്ങള്‍ വേഗത്തിലാക്കുക പ്രധാന ലക്ഷ്യം

ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാകുന്നു. ഉത്സവ സീസണിന് മുന്നോടിയായ ഡെലിവറിയുടെ കാലതാമസം കുറച്ചും, വിതരണ ശൃംഖല ശക്തിപ്പെടുത്തിയുമുള്ള നീക്കമാണ് ഇ-കൊമേഴ്‌സ് ഭീമനായ ആമസോണ്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ആമോണിന് ഇപ്പോള്‍ രാജ്യത്തെ 75 നഗരങ്ങളില്‍ 1400 വിതരണ കേന്ദ്രങ്ങളാണ് ഇപ്പോള്‍ ഉള്ളത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആമസോണ്‍ തങ്ങളുടെ വിതരണ മേഖല ശക്തിപ്പെടുത്താനും സേവനങ്ങള്‍ വേഗത്തില്‍ ലഭിക്കാനുമുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 

ഇ-കൊമേഴ്‌സ് വിപണന രംഗത്തെ സാധ്യതകളെ മുന്‍നിര്‍ത്തിയാണ് ആമസോണ്‍ ഇന്ത്യയില്‍ കൂടുതല്‍ പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് റസ്റ്റോറന്റ് ചെയിനുകള്‍ ആരംഭിക്കുന്നതിനും ആമസോണ്‍ പദ്ധതിയിടുന്നുണ്ട്. ആദ്യ ഘട്ടത്തില്‍ ബെംഗലൂരു, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ റസ്റ്റോറന്റുകള്‍ ആരംഭിക്കുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഓലയുടെ കയ്യില്‍ നിന്നും ഫുഡ്പാണ്ടയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയ്ക്ക് വാങ്ങാനുള്ള നീക്കത്തിലാണ് ആമസോണ്‍ ഇപ്പോള്‍.  പ്രൈം നൗ സര്‍വീസിലൂടെ തങ്ങളുടെ ഫുഡ് സര്‍വീസ് മുന്നോട്ട് കൊണ്ടു പോകാനാണ് ആമസോണ്‍ നീക്കം നടത്തുന്നത്. അഞ്ചു മുതല്‍ ആറ് രൂപ വരെ മാത്രമേ കമ്മീഷനായി സ്വീകരിക്കൂവെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്വിഗ്ഗിയും സൊമാറ്റോയും അടക്കമുള്ള കമ്പനികള്‍ 20 ശതമാനമാണ് കമ്മീഷനായി സ്വീകരിക്കുന്നത്. രാജ്യത്തെ താല്‍ക്കാലിക സാമ്പത്തികാവസ്ഥയ്ക്കു മാത്രം ഊന്നല്‍ നല്‍കാതെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വീക്ഷണത്തോടെയാകും ഇന്ത്യയില്‍ തങ്ങള്‍ നിക്ഷേപം നടത്തുകയെന്ന് യു.എസ് ആസ്ഥാനമായുള്ള ഓണ്‍ലൈന്‍ റീട്ടെയിലര്‍ കമ്പനി ആമസോണ്‍. ഇന്ത്യയിലെ ഇ- കോമേഴ്‌സ് വിപണിയില്‍ മാന്ദ്യമുള്ളതായി തോന്നുന്നില്ലെന്നും ആമസോണ്‍ ഇന്ത്യ മാനേജര്‍ അമിത് അഗര്‍വാള്‍ പറഞ്ഞു.

ഇപ്പോഴത്തെ 1 ബില്യണ്‍ ഡോളറില്‍ നിന്ന് അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ മേഖലയിലെ വിറ്റുവരവ് 5 ബില്യണ്‍ ഡോളര്‍ ആക്കാനാണു ലക്ഷ്യമിടുന്നത്.-ആഗോളതലത്തില്‍ ആമസോണിന്റെ ഏറ്റവും വലിയ കാമ്പസ് കെട്ടിടം ഹൈദരാബാദില്‍ ആരംഭിച്ച ചടങ്ങിനു ശേഷം മാധ്യമങ്ങളോട് അമിത് അഗര്‍വാള്‍ പറഞ്ഞു.ആഭ്യന്തര വില്‍പ്പനയിലും കയറ്റുമതിയിലും ആമസോണ്‍ ഇന്ത്യ മുന്നേറ്റപാതയിലാണ്.

രജിസ്റ്റര്‍ ചെയ്ത 50,000 വില്‍പ്പനക്കാരുടെ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ ആഗോള വില്‍പ്പന പ്ലാറ്റ്‌ഫോം വഴി ആമസോണ്‍ നിലവില്‍ കൈകാര്യം ചെയ്തുവരുന്നു. ഇന്ത്യയിലെ മൊത്തം ചില്ലറ ഉപഭോഗത്തിന്റെ വളരെ ചെറിയ വിഹിതമേ ഇ-കൊമേഴ്സ് നിറവേറ്റുന്നുള്ളൂ 3% ല്‍ താഴെ. വളരെ ചെറുതായിരിക്കുമ്പോള്‍, വളരാന്‍ വളരെയധികം ഇടമുണ്ട് ഇ-കൊമേഴ്സിനെന്ന് അമിത് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി.

Related Articles

© 2024 Financial Views. All Rights Reserved