'ജിഗാഫൈബര്‍' ചുവടുവെപ്പുകള്‍ക്കിടയിലും റിലയന്‍സ് രാജാവ് സന്തോഷവാനോ? 4.55 ലക്ഷം കോടിയുടെ കടബാധ്യത നിലനില്‍ക്കേ 'കടരഹിത' കമ്പനിയാക്കി റിലയന്‍സിനെ ഉടന്‍ മാറ്റാന്‍ സാധ്യമോ? അംബാനിയുടെ പ്ലാന്‍ എന്ത് ?

August 14, 2019 |
|
News

                  'ജിഗാഫൈബര്‍' ചുവടുവെപ്പുകള്‍ക്കിടയിലും റിലയന്‍സ് രാജാവ്  സന്തോഷവാനോ? 4.55 ലക്ഷം കോടിയുടെ കടബാധ്യത നിലനില്‍ക്കേ 'കടരഹിത' കമ്പനിയാക്കി റിലയന്‍സിനെ ഉടന്‍ മാറ്റാന്‍ സാധ്യമോ? അംബാനിയുടെ പ്ലാന്‍ എന്ത് ?

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തില്‍ ജിയോ ജിഗാഫൈബര്‍ അടക്കമുള്ള വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി യഥാര്‍ത്ഥത്തില്‍ സന്തോഷവാനാണോ എന്നതാണ് ഇപ്പോള്‍ ഉയരുന്ന ചോദ്യം. നിറഞ്ഞു കവിയുന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് അദ്ദേഹം പുത്തന്‍ ചുവടുവെപ്പുകള്‍ നടത്തുമ്പോഴും 4.55 ലക്ഷം കോടി രൂപയുടെ കടബാധ്യത ഇല്ലാതാക്കാന്‍ കമ്പനി എന്താണ് നടപ്പാക്കാന്‍ പോകുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്.

വരുന്ന 18 മാസത്തിനകം കട രഹിത കമ്പനിയാക്കി റിലയന്‍സിനെ മാറ്റുമെന്ന് മുകേഷ് അംബാനി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല അഞ്ചു വര്‍ഷത്തിനകം ഇന്ത്യയുടെ ജിഡിപി 80 ശതമാനം അധികം വളര്‍ത്തി 5 ട്രില്യണ്‍ യുഎസ് ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കുമെന്ന മോദി സര്‍ക്കാര്‍ പ്രഖ്യാപനത്തെ മുകേഷ് അംബാനി ആത്മവിശ്വാസത്തോടെ തന്നെ പിന്തുണയ്ക്കുകയും ചെയ്യുന്നു. 2030തോടെ 10 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന സ്വപ്‌നവും റിലയന്ഡസ് രാജാവ് കാണുന്നു.

എന്നാല്‍ പതിനെട്ട് മാസങ്ങള്‍ക്കകം കടരഹിത കമ്പനിയായി മാറാനുള്ള നീക്കം  ഇന്ത്യന്‍ വ്യവസായ ഭീമന് കടം നല്‍കിയിരുന്ന ആഗോള തലത്തിലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കടക്കം തിരിച്ചടിയാകുമോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുന്നുണ്ട്. ഇന്ത്യന്‍ ടെലികോം രംഗത്ത് വിപ്ലവം സൃഷ്ടിച്ച റിലയന്‍സ് ജിയോ രംഗത്തെത്തിയതോടെ വളര്‍ച്ചയുടെ കാര്യത്തില്‍ വന്‍ കുതിപ്പിലായിരുന്നു റിലയന്‍സ്. ജിയോയുടെ മൂന്നാം വാര്‍ഷികത്തില്‍ അതിവേഗ ഇന്റര്‍നെറ്റ് സമ്മാനിക്കുന്ന ജിയോ ജിഗാഫൈബര്‍ കൂടി ഇറക്കുന്നതോടെ ഈ രംഗത്ത് റിലയന്‍സ് തന്നെ ഒന്നാം സ്ഥാനം 'സ്ഥിരമായി' നേടുമെന്നും ഇപ്പോള്‍ വ്യക്തമായി കഴിഞ്ഞു. 

ആഗോള തലത്തില്‍ ഇപ്പോള്‍ ഈടാക്കുന്ന തുകയുടെ പത്തിലൊന്ന് ചെലവില്‍ സേവനം ജനങ്ങളിലേക്ക് എത്തിക്കാനാണ് പദ്ധതി. 100 എംബി പെര്‍ സെക്കന്റുള്ള ബേസിക്ക് പ്ലാന്‍ മുതല്‍ വണ്‍ ജിപി പെര്‍ സെക്കന്റ് വരെയുള്ള പ്ലാനുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 700 രൂപ മുതല്‍ ആരംഭിക്കുന്നതാണ് പ്ലാന്‍. ഒരു ജിപി പെര്‍ സെക്കണ്ട് പ്ലാനിന് ഏകദേശം 10,000 രൂപയായിരിക്കും പ്രതിമാസ വാടക. മാത്രമല്ല ഈ പ്ലാനുകള്‍ക്ക് വോയിസ് കോള്‍ സൗജന്യമായിരക്കുമെന്നും മുകേഷ് അംബാനി വ്യക്തമാക്കി. 

ഇതിനോടകം 1.5 കോടി രജിസ്‌ട്രേഷനുകളാണ് ഗിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ക്കായി ലഭിച്ചത്. രണ്ട് കോടി വീടുകളിലേക്കും ഒന്നര കോടി വ്യവസായ സ്ഥാപനങ്ങളിലേക്കും സേവനം ലഭ്യമാക്കാനാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവില്‍ 50 ലക്ഷം വീടുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍  ഗിഗാഫൈബര്‍ സേവനം നല്‍കുന്നുണ്ട്. 

സെക്കണ്ടില്‍ ഒരു ജിബി വരെ വേഗതയിലുള്ള ബ്രോഡ്ബാന്റ് സേവനം, അധിക ചിലവില്ലാതെ ലാന്റ് ലൈന്‍ സേവനം,  അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മള്‍ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാവും. 

ജിയോ ഫൈബര്‍ വഴി ടെലിവിഷന്‍ സേവനങ്ങളും ലഭ്യമാവും. ഹാത്ത് വേ, ഡെന്‍ പോലുള്ള മുന്‍നിര കേബിള്‍ ഓപ്പറേറ്റര്‍ സേവനങ്ങളെ ഏറ്റെടുത്ത റിലയന്‍സ്. ഈ സേവനങ്ങള്‍ക്ക് കീഴിലുള്ള പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാരുടെ സഹായത്തോടെയാണ് ടെലിവിഷന്‍ സേവനങ്ങള്‍ ഉപയോക്താക്കളിലെത്തിക്കുക. ഡിടിഎച്ച് സേവനങ്ങളേക്കാള്‍ മികച്ച സൗകര്യങ്ങളോടെ പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് സേവനങ്ങള്‍ നല്‍കാനാവുമെന്ന് മുകേഷ് അംബാനി പറഞ്ഞു. 

റിലയന്‍സ് ഓഹരികളുടെ ഗ്രേഡ് കുറച്ച് ക്രെഡിറ്റ് സ്യൂസ്

സാമ്പത്തിക ബാധ്യത കുത്തനെ വര്‍ധിച്ചതിനെ തുടര്‍ന്ന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുളള റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളുടെ ഗ്രേഡ് ക്രെഡിറ്റ് സ്യുസ് കുറച്ചിരുന്നു. 4.55 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ ആകെ ബാധ്യത. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയാണ് സാമ്പത്തിക ബാധ്യതയില്‍ വലിയ വര്‍ധനയുണ്ടായത്

2015ല്‍ 1.33ലക്ഷം കോടിയായിരുന്നു റിലയന്‍സിന്റെ സാമ്പത്തിക ബാധ്യത. നാല് വര്‍ഷത്തിനിപ്പുറം 2019ല്‍ 3.22 ലക്ഷം കോടി രൂപ വര്‍ധിച്ച് 4.55 ലക്ഷം കോടി രൂപയുടെ ബാധ്യത കമ്പനിക്കുണ്ട്. കടം, ക്രൂഡ് ഉല്‍പാദനത്തിനുളള ഉയര്‍ന്ന ചിലവ്, ഉപഭോക്താക്കളില്‍ നിന്നും വാങ്ങിയ മുന്‍കൂര്‍ തുക,സ്‌പെക്ട്രത്തിനായുളള തുക എന്നിവയാണ് റിലയന്‍സിന്റെ സാമ്പത്തിക ബാധ്യതകള്‍. ഇതില്‍ ഏറ്റവും കൂടുതല്‍ കമ്പനി കൊടുത്ത് തീര്‍ക്കാനുളള കടമാണ്.

86000 കോടി രൂപയാണ് റിലയന്‍സിന്റെ കടം.26800 കോടി രൂപയുടെ പലിശയാണ് കമ്പനി കൊടുത്ത് തീര്‍ക്കാനുളളത്.   ഇതിന് പുറമേ പെട്രോകെമിക്കല്‍ വ്യാപാരത്തില്‍ നിന്നുളള കമ്പനിയുടെ വരുമാനത്തില്‍ 6.64 ശതമാനം ഇടിവുണ്ടാവുകയും ചെയ്തു. ഈ സാമ്പത്തിക വര്ഷത്തിലെ ആദ്യ പാദത്തില്‍ 37611 കോടിയാണ് ഈയിനത്തില്‍ റിലയന്‍സിന്റെ വരുമാനം.

ഉപഭോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ജിയോയുടെ വരുമാനവും കുറവാണ്. ഈ പശ്ചാത്തലത്തില്‍ റിലയന്‍സ് ഓഹരികളുടെ ഗ്രേഡ് മികച്ച പ്രകടനം കാഴ്ച വെക്കാത്ത ഓഹരി എന്നാക്കി ക്രെഡിറ്റ് സ്യുസ്  കുറക്കുകയായിരുന്നു. 

Related Articles

© 2024 Financial Views. All Rights Reserved