മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയും ജിയോയുടെ ഔദ്യോഗിക സ്ഥാനത്തേക്ക്; ഡയറക്ടറായി നിയമിതനായി

May 27, 2020 |
|
News

                  മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയും ജിയോയുടെ ഔദ്യോഗിക സ്ഥാനത്തേക്ക്; ഡയറക്ടറായി നിയമിതനായി

മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയും ജിയോ പ്ലാറ്റ്‌ഫോമില്‍ ഡയറക്ടറായി ചേര്‍ന്നു. ഫെയ്സ്ബുക്ക്, കെകെആര്‍, വിസ്ത, എന്നിവയില്‍ നിന്ന് കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം ലഭിച്ചതിനാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ കഴിഞ്ഞ ഏതാനും ആഴ്ചകളായി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മൂന്നാമത്തെ മകനാണ് 25കാരനായ ആനന്ദ് അംബാനി. അന്തരിച്ച മുത്തച്ഛനും ആര്‍ഐഎല്‍ സ്ഥാപകനുമായ ധീരുഭായ് അംബാനിയുടെ ജന്മവാര്‍ഷികത്തില്‍ മുഖ്യ പ്രഭാഷണം നടത്തിയത് അംബാനി കുടുംബത്തിലെ ഏറ്റവും ഇളയ സന്തതിയായ ആനന്ദ് അംബാനിയാണ്. ഇന്ത്യയിലെ മാറ്റങ്ങള്‍ക്ക് റിലയന്‍സ് നേതൃത്വം നല്‍കുമെന്നും റിലയന്‍സ് എന്റെ ജീവിതമാണെന്നും ആനന്ദ് അംബാനി പ്രസംഗത്തില്‍ പറഞ്ഞു.

ആനന്ദ് അംബാനി തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഗുജറാത്തിലെ ജാംനഗറിലാണ് ചെലവഴിച്ചത്. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ പഠിച്ച ഇദ്ദേഹം 2017 ല്‍ ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. 18 മാസത്തിനുള്ളില്‍ 108 കിലോ കുറച്ച് ഇടക്കാലത്ത് ആനന്ദ് അംബാനി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിലൂടെയും ആനന്ദ് ശ്രദ്ധ നേടിയിരുന്നു.

ആനന്ദ് അംബാനി ശരീരഭാരം കുറച്ചത് മാധ്യമങ്ങള്‍ ഏറെ ആഘോഷമാക്കിയിരുന്നു. വിട്ടുമാറാത്ത ആസ്ത്മയുള്ള വ്യക്തിയാണ് ആനന്ദ്. ഇതിനായി ഇദ്ദേഹം കഴിക്കുന്ന മരുന്നാണ് ശരീരഭാരം കൂടാന്‍ കാരണം. ഭക്ഷണത്തിലെ മാറ്റങ്ങളും ഒരു ദിവസം 5-6 മണിക്കൂര്‍ കര്‍ശനമായ വ്യായാമ മുറകളും ചെയ്താണ് ആനന്ദ് അംബാനി ശരീര ഭാരം കുറച്ചത്.

ദി ഒബറോയ് ഗ്രൂപ്പിന്റെ ആഡംബര റിസോര്‍ട്ടായ അനന്ത്വിലാസ് ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. രാജ്യത്തും പുറത്തും ആഡംബര ഹോട്ടലുകള്‍ക്ക് പേരുകേട്ട ഒബറോയ് ഗ്രൂപ്പ് കഴിഞ്ഞ സെപ്റ്റംബറില്‍ ആദ്യത്തെ നഗര ആഡംബര റിസോര്‍ട്ട് പ്രഖ്യാപിച്ചു. ഒബറോയ് അനന്ത്വിലാസ് എന്ന് വിളിക്കപ്പെടുന്ന ഈ റിസോര്‍ട്ടിന് അനന്ത് അംബാനിയുടെ പേരാണ് നല്‍കിയിരിക്കുന്നത്. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെയും മേക്കര്‍ ഗ്രൂപ്പിന്റെയും ഉടമസ്ഥതയിലുള്ള ഒരു റിയല്‍ എസ്റ്റേറ്റ് ഹബ്ബിലാണ് റിസോര്‍ട്ട് സ്ഥിതി ചെയ്യുന്നത്.

ജിയോ ഫോണ്‍ 2 ആരംഭിക്കുന്നതിനിടെ ആനന്ദ് അംബാനിയുടെ മൂത്ത സഹോദരങ്ങളായ ഇഷയും ആകാശും നേരത്തെ കുടുംബ ബിസിനസില്‍ ചേരുകയും പ്രസംഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആനന്ദ് ഇപ്പോഴാണ് കുടുംബ ബിസിനസിലേയ്ക്ക് കാലെടുത്തു വയ്ക്കുന്നത്. 25 വയസ്സുള്ളപ്പോഴാണ് ഇഷയും ആകാശും ജിയോ പ്ലാറ്റ്‌ഫോം ബോര്‍ഡില്‍ ഡയറക്ടറായി ചേര്‍ന്നത്.

Related Articles

© 2024 Financial Views. All Rights Reserved