ചൈനയിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും 4500 ആപ്പുകള്‍ നീക്കം ചെയ്തു

July 06, 2020 |
|
News

                  ചൈനയിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും  4500 ആപ്പുകള്‍ നീക്കം ചെയ്തു

ബീയജിംങ്: ചൈനയിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും  4500 ആപ്പുകള്‍ നീക്കം ചെയ്തു. ചൈനീസ് സര്‍ക്കാറിന്റെ ആവശ്യപ്രകാരമാണ് നടപടി എന്നാണ് ആഗോള മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം ഈ ആപ്പുകള്‍ ഗെയിം ഗണത്തില്‍പ്പെടുന്നവയാണ്. ടെക് നോഡിന്റെ റിപ്പോര്‍ട്ട്  പ്രകാരം ഗെയിം ആപ്പുകളെ ഇത്തരത്തില്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്നും നീക്കം ചെയ്തു എന്നാണ് പറയുന്നത്. ആപ്പിള്‍ സ്റ്റോറിലെ ഏറ്റവും വലിയ ആപ്പ് നീക്കം ചെയ്യല്‍ പ്രക്രിയയാണ് ചൈനയില്‍ നടന്നത്.

ആപ്പിള്‍ സ്റ്റോറില്‍ ആപ്പുകള്‍ അപ്ലോഡ് ചെയ്യും മുന്‍പ് ചൈനീസ് അധികൃതരുടെ അനുമതി വേണം എന്ന നിയമം ലംഘിച്ചതിന് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമാണ് ആപ്പിളിന്റെ നടപടി എന്നാണ് റിപ്പോര്‍ട്ട്. ജൂലൈ 1 മുതലാണ് ഈ പുതിയ നയം നിലവില്‍ വന്നത്. ഒരു ഗെയിമിന് ചൈനീസ് അധികൃതര്‍ അനുമതി നല്‍കാന്‍ 6 മുതല്‍ 12 മാസംവരെ എടുക്കുന്നുണ്ട്, അതിനാല്‍ ഈ ആപ്പുകള്‍ കുറേക്കാലം കാത്തിരിക്കേണ്ടി വരും. ഇത് ദു:ഖകരമായ കാര്യമാണ് ആപ്പിള്‍ ചൈന മാര്‍ക്കറ്റിംഗ് മാനേജര്‍ ടോഡ് കുഗ്‌സ് പ്രതികരിച്ചു.

മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം പുതിയ നയം നിലവില്‍ വന്ന ശേഷം ആപ്പിള്‍ സ്റ്റോര്‍ ജൂലൈ 1ന് 1,571ആപ്പും, ജൂലൈ 2ന് 1,805 ആപ്പും, 1,276 ആപ്പുകള്‍ ജൂലൈ 3നും നീക്കം ചെയ്തുവെന്നാണ് പറയുന്നത്. പുതിയ നയം ഗെയിം ആപ്പുകളെ മാത്രമല്ല ചൈനീസ് ആപ്പിള്‍ സ്റ്റോറിലെ 20,000 ആപ്പുകളെ ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ആപ്പിളിന്റെ ഏറ്റവും വലിയ ആപ്പ് മാര്‍ക്കറ്റാണ് ചൈന. ഒരു വര്‍ഷം 16.4 ശതകോടി അമേരിക്കന്‍ ഡോളറിന്റെ വരുമാനം ഇവിടെ ആപ്പിളിന് ഉണ്ടെന്നാണ് സെന്‍സര്‍ ടവര്‍ റിപ്പോര്‍ട്ട് പറയുന്നത്. അമേരിക്കയില്‍ അതേ സമയം ആപ്പിള്‍ സ്റ്റോറിലെ വരുമാനം 15.4 ശതകോടി അമേരിക്കന്‍ ഡോളറാണ്.

Related Articles

© 2024 Financial Views. All Rights Reserved