ചൈനയെക്കൂടാതെ ഇന്ത്യയിലെ ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായങ്ങള്‍ നിലനില്‍ക്കുന്നതെങ്ങനെ?

June 29, 2020 |
|
News

                  ചൈനയെക്കൂടാതെ ഇന്ത്യയിലെ ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായങ്ങള്‍ നിലനില്‍ക്കുന്നതെങ്ങനെ?

ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘര്‍ഷത്തെത്തുടര്‍ന്ന് ബോയ്ക്കോട്ട് ചൈന ക്യാമ്പയ്ന്‍ സജീവമാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും ക്രമേണ ചൈനയുമായുള്ള സഹകരണം അവസാനിപ്പിക്കാനുമാണ് ലക്ഷ്യം. പക്ഷേ ചൈനയെ പൂര്‍ണ്ണമായും ബഹിഷ്‌കരിച്ചുകൊണ്ട് നമുക്ക് മുന്നോട്ടു പോകാനാകുമോ എന്നത് ഇന്ത്യയെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതാണ്. അങ്ങനെ ചൈനയെ പൂര്‍ണമായും ഒഴിവാക്കി ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് വളര്‍ച്ച കൈവരിക്കാന്‍ വിഷമകരമായിരിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. 

ചൈനയില്‍ നിന്നുള്ള ഇറക്കുമതി ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം ഇന്ത്യയിലെ ഓട്ടോമൊബൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് വ്യവസായങ്ങള്‍ക്കു സ്വീകരിക്കുക വിഷമകരമാകുമെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. ബദല്‍ വികസിപ്പിക്കാതെ ഇറക്കുമതി തടയുന്നതിനായുള്ള ഏതൊരു നീക്കവും പ്രാദേശിക ബിസിനസുകളെ ബാധിക്കുമെന്ന് വിവിധ സംരംഭകരുടെ അഭിപ്രായം രേഖപ്പെടുത്തി റിപ്പോര്‍ട്ടില്‍ പറയുന്നു.

വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സാധനങ്ങളിലധികവും ഇന്ത്യയില്‍ ഇപ്പോള്‍ ലഭ്യമല്ല. അതൊന്നുമില്ലാതെ ഒരു കാര്‍ നിര്‍മിക്കാനും നമ്മുക്കാവില്ല. ഒന്നുകില്‍ തദ്ദേശീയമായി സാധനങ്ങള്‍ ഉല്‍പ്പാദിപ്പിക്കണം. അല്ലെങ്കില്‍ വാഹന ഉല്‍പ്പാദനം കുറയ്ക്കണം. അതുമാത്രമാണ് മുന്നിലുള്ള ഒരേയൊരുവഴിയെന്ന് മാരുതി ചെയര്‍മാര്‍ ആര്‍.സി ഭാര്‍ഗവ പറഞ്ഞു.

പല രാജ്യങ്ങളെയും പോലെ, ഇലക്ട്രോണിക് ഘടകങ്ങളും ഔഷധ ചേരുവകളും ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ക്കായി ഇന്ത്യ ചൈനയെയാണ് മുഖ്യമായും ആശ്രയിക്കുന്നത്. അവ അടുത്ത കാലത്തൊന്നും സ്വയമായി വേണ്ടത്ര നിര്‍മ്മിക്കാനോ മറ്റെവിടെയെങ്കിലും നിന്ന് വിലകുറഞ്ഞ രീതിയില്‍ ലഭ്യമാക്കാനോ കഴിയില്ലെന്ന് മിക്ക വ്യവസായ മേഖലാ നേതാക്കളും ചൂണ്ടിക്കാട്ടി.

2019 സാമ്പത്തിക വര്‍ഷം ചൈനയില്‍ നിന്ന് 70.3 ബില്യണ്‍ യുഎസ് ഡോളറിന്റെ ഇറക്കുമതിയാണ് ഇന്ത്യ നടത്തിയത്. വെറും 16.7 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഏതെങ്കിലും രാജ്യവുമായുള്ള ഏറ്റവും വലിയ വ്യാപാര കമ്മി. ഓട്ടോ കോംപൊണന്റ് മാനുഫാക്ചറേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസിഎംഎ) യുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ഓട്ടോ പാര്‍ട്ട് ഇറക്കുമതിയുടെ നാലിലൊന്നായ 4.2 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉല്‍പ്പന്നഹ്ങള്‍ 2019 ല്‍ ചൈനയില്‍ നിന്നാണ് വന്നത്. ഈ ഘടകങ്ങളില്‍ ചിലത് നിര്‍ണായകവും മറ്റെവിടെയെങ്കിലും നിന്ന് കിട്ടാത്തതുമാണെന്ന് എസിഎംഎ ഡയറക്ടര്‍ ജനറല്‍ വിന്നി മേത്ത പറഞ്ഞു. മഹാമാരി മൂലമുണ്ടായ തടസ്സങ്ങളില്‍ നിന്ന് നാം രക്ഷപ്പെട്ടുവരുമ്പോള്‍ ബഹിഷ്‌കരണ നടപടി ഒട്ടും താങ്ങാനാകില്ല.

വില കുറഞ്ഞ ജനറിക് മരുന്നുകള്‍ കയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ കുതിച്ചുയരുന്ന ഔഷധ വ്യവസായത്തിന്റെ നിലനില്‍പ്പിനും ചൈനീസ് അസംസ്‌കൃത ഘടകങ്ങള്‍ അനിവാര്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മരുന്ന് കമ്പനികളായ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസ്, ലുപിന്‍, ഐപിസിഎ ലാബ്സ് എന്നിവ ചൈനയെ ആശ്രയിക്കുന്നു. ഇന്ത്യയുടെ 70 ശതമാനം സജീവ ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകള്‍  ചൈനയില്‍ നിന്നാണെത്തിയിരുന്നതെന്ന് വ്യവസായ അധികൃതര്‍ പറഞ്ഞു.

ചൈനയില്‍ നിന്ന് 1000 കോടി രൂപയുടെ സാധനങ്ങള്‍ തന്റെ കമ്പനി പ്രതിവര്‍ഷം ഇറക്കുമതി ചെയ്യുന്നതായി ബജാജ് ഓട്ടോ മാനേജിംഗ് ഡയറക്ടര്‍ രാജീവ് ബജാജ് പറഞ്ഞു. പക്ഷേ പ്രതിവര്‍ഷം 15,000 കോടി രൂപയുടെ മോട്ടോര്‍ സൈക്കിളുകളും ത്രീ വീലറുകളും കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ബജാജ്. ഈ ഇറക്കുമതിയാണ് ഞങ്ങളെ മത്സരാധിഷ്ഠിതമാക്കാന്‍ സഹായിക്കുന്നത്. ചൈനയെ ചവിട്ടിമെതിച്ച് നാം ഉയരത്തിലെത്തേണ്ടണ്ടതില്ല. നമ്മെത്തന്നെ ഉയര്‍ത്തിക്കൊണ്ട് അത് ക്രിയാത്മകമായി ചെയ്യാന്‍ കഴിയണം. ആ പ്രക്രിയയില്‍, നമ്മള്‍ യഥാര്‍ത്ഥത്തില്‍ ചൈനയില്‍ നിന്ന് പഠിക്കേണ്ടതുണ്ട്. വളരെ മികച്ച കഴിവുകളുള്ള ഒരു വലിയ രാജ്യമാണ് ചൈന എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനകം ബഹിഷ്‌കരണാഹ്വാനത്തിനു ചെവി കൊടുത്ത് രംഗത്തിറങ്ങിയ വാഹന കമ്പനികളെ സ്പെയര്‍ പാര്‍ട്സ് ക്ഷാമം ബാധിക്കുന്നുണ്ട്. കോവിഡ് കാലത്തുതന്നെ ചൈനീസ് ഫാക്ടറികള്‍ അടച്ചിട്ടത് ഇന്ത്യന്‍ നിര്‍മാതാക്കളെ പ്രതിസന്ധിയിലാക്കിയിരുന്നു. കാറ്റലിക് കണ്‍വര്‍ട്ടര്‍, ഫ്യൂവല്‍ ഇഞ്ചക്ഷന്‍ സിസ്റ്റം, സെമി കണ്ടക്ടറുകള്‍ തുടങ്ങി ബി.എസ്. ആറ് എഞ്ചിന്‍ നിര്‍മിക്കാനാവശ്യമായ ചില പ്രധാനപ്പെട്ട യന്ത്രഭാഗങ്ങള്‍ ചൈനയില്‍ നിന്നാണ് ലഭിച്ചിരുന്നത്. ഇവ വിലക്കുറവിലും വലിയ തോതിലും നിര്‍മിക്കുന്നത് ചൈനീസ് കമ്പനികളാണ്.

ഹീറോ, ടി.വി.എസ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളെല്ലാം ചൈനീസ് നിര്‍മാതാക്കളെയാണ് കൂടുതലായി ആശ്രയിച്ചിരുന്നത്. പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ത്യയില്‍തന്നെ സ്പെയര്‍പാര്‍ട്സ് നിര്‍മിക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. എന്നാല്‍ ഫാക്ടറികള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാന്‍ കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും എടുക്കുമെന്നാണ് സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.

വൈദ്യുത വാഹന രംഗത്തും ചൈനയുടെ ആധിപത്യമാണ്. ലിഥിയം അയണ്‍ ബാറ്ററികളുടെ കാര്യത്തില്‍ ലോകത്തിലെ ഏറ്റവും വലിയ ഉല്‍പ്പാദകര്‍ ചൈനീസ് കമ്പനികളാണ്. അതുകൂടാതെ വൈദ്യുത മോട്ടോറുകള്‍, സെന്‍സറുകള്‍ തുടങ്ങി എല്ലാത്തിനും അവരെയാണ് ലോകം ആശ്രയിക്കുന്നത്. ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാല്‍ അത് ആത്യന്തികമായി തങ്ങളെതന്നെ ബാധിക്കുമെന്ന ആശങ്കയിലാണ് നിലവില്‍ വാഹന നിര്‍മാതാക്കള്‍.

Related Articles

© 2024 Financial Views. All Rights Reserved