കോവിഡ്-19 മഹാമാരിയ്‌ക്കെതിരെ പൊരുതാൻ 100 കോടി രൂപയുമായി ബജാജ് ഗ്രൂപ്പ്

March 28, 2020 |
|
News

                  കോവിഡ്-19 മഹാമാരിയ്‌ക്കെതിരെ പൊരുതാൻ 100 കോടി രൂപയുമായി ബജാജ് ഗ്രൂപ്പ്

പൂനെ: കൊവിഡ്-19 മഹാമാരിയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ബജാജ് ഗ്രൂപ്പ് 100 കോടി രൂപ വാഗ്ദാനം ചെയ്തു. ഈ വിഭവങ്ങള്‍ ആവശ്യമുള്ളവരിലേക്ക് എത്തിച്ചേരുമെന്ന് ഉറപ്പാക്കുന്നതിനായി സര്‍ക്കാരുമായി ചേർന്ന് കമ്പനിയുടെ 200 -ലധികം എന്‍ജിഒ പങ്കാളികളുടെ ശൃംഖല പ്രവര്‍ത്തിക്കുന്നതായി ഒരു പ്രസ്താവനയിലൂടെ ബജാജ് ഗ്രൂപ്പ് അറിയിച്ചു. കൊവിഡ് 19 കൈകാര്യം ചെയ്യാനാവശ്യമായ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ പൂനെയില്‍ ഒരുക്കുന്നതിന് പിന്തുണ നല്‍കുമെന്നും ബജാജ് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

ഇന്റന്‍സിവ് കെയര്‍ യൂണിറ്റുകള്‍ (ഐസിയു) നവീകരിക്കുന്നതിനും വെന്റിലേറ്ററുകളും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുള്‍പ്പടെയുള്ളവ ശേഖരിക്കുന്നതിനും പരിശോധന വര്‍ദ്ധിപ്പിക്കുന്നതിനും ഐസോലേഷന്‍ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുമായിരിക്കും ഈ സഹായം പ്രയോജനപ്പെടുത്തുക. സര്‍ക്കാര്‍ ആശുപത്രികളെയും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളെയുമാവും കമ്പനി സഹായിക്കുക. പൂനെ, പിംപ്രി, ചിഞ്ച്‌വാഡ്, പൂനെയിലെ ചില ഗ്രാമപ്രദേശങ്ങള്‍ എന്നിവിടങ്ങളിലെ നിവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

ഭക്ഷണവും താമസവും

കൂലിത്തൊഴിലാളികള്‍, ഭവനരഹിതര്‍, തെരുവില്‍ ജീവിക്കുന്ന കുട്ടികള്‍ എന്നിവര്‍ക്ക് ഉടനടി പിന്തുണ നല്‍കുന്നതിനായി ഒന്നിലധികം സ്ഥാപനങ്ങളുമായി സഹകരിച്ച് കമ്പനി പ്രവര്‍ത്തിക്കുന്നു. ഭക്ഷ്യ വിതരണം, പാര്‍പ്പിടം, ശുചിത്വ, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കുള്ള സംരംഭങ്ങളെ ബജാജ് ഗ്രൂപ്പ് പിന്തുണയ്ക്കും.

 ഗ്രാമീണമേഖല പരിചരണവും ഉപജീവന സഹായവും

നിലവിലുള്ളതിന് വിപരീതമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഗ്രാമങ്ങളിലേക്കാണ് ആളുകള്‍ കുടിയേറുന്നത്. ഗ്രാമീണ മേഖലയിലെ സാമ്പത്തിക സഹായ പദ്ധതിയ്ക്കായി കമ്പനിയുടെ സഹായത്തിന്റെ പ്രധാന ഭാഗം സമര്‍പ്പിക്കുന്നതായി അറിയിച്ചിട്ടുണ്ട്. അതില്‍, ഉപജീവന മാര്‍ഗത്തിനായുള്ള ഗ്രാന്റും ഉള്‍പ്പെടുന്നു. കൊവിഡ് 19 സംബന്ധിച്ച അവബോധം സൃഷ്ടിക്കുന്നതിനും ഗ്രാമീണ മേഖലയിലെ ആരോഗ്യ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കമ്പനി ശ്രമങ്ങള്‍ നടത്തുന്നുണ്ട്.

കൂടാതെ, രോഗനിര്‍ണയ കേന്ദ്രങ്ങളും ഐസോലേഷന്‍ സൗകര്യങ്ങളും മെച്ചപ്പെടുത്താനും അധികാരികളുമായും പങ്കാളികളുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അശ്രാന്തമായി പ്രവര്‍ത്തിക്കുന്ന എല്ലാ ആരോഗ്യ, പരിരക്ഷ, ശുചിത്വ, അടിയന്തിര സഹായ പ്രവര്‍ത്തകര്‍ക്കും പൊലീസിനും കമ്പനി അഭിവാദ്യം അര്‍പ്പിക്കുന്നതായും പ്രസ്താവനയില്‍ പറയുന്നു. മഹാമാരിയെ നേരിടാന്‍ സാധ്യമായ എല്ലാ വിധത്തിലും ഇവരെ സഹായിക്കുന്നതിന് പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved