കൊറോണ വൈറസിനെതിരെ വാക്സിൻ നിർമ്മിക്കാനുള്ള ശ്രമത്തിൽ വൻകിട പുകയില കമ്പനികളും; ഫിലിപ്പ് മോറിസും ബ്രിട്ടീഷ് അമേരിക്കൻ റ്റൊബാക്കോയും രം​ഗത്ത്

April 02, 2020 |
|
News

                  കൊറോണ വൈറസിനെതിരെ വാക്സിൻ നിർമ്മിക്കാനുള്ള ശ്രമത്തിൽ വൻകിട പുകയില കമ്പനികളും; ഫിലിപ്പ് മോറിസും ബ്രിട്ടീഷ് അമേരിക്കൻ റ്റൊബാക്കോയും രം​ഗത്ത്

കൊറോണ വൈറസിനെതിരെ വാക്സിൻ നിർമ്മിക്കാനുള്ള ഫാർമ കമ്പനികളുടെ ശ്രമങ്ങളുടെ ഭാ​ഗമായി വൻകിട പുകയില കമ്പനികൾ അണിചേരുന്നതായി റിപ്പോർട്ട്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിനാളുകളെ ബാധിക്കുകയും പതിനായിരങ്ങളെ കൊന്നൊടുക്കുകയും ചെയ്ത മാരകമായ രോഗത്തിനെതിരെ പോരാടാനുള്ള ഫലപ്രദമായ മാർ​ഗമാണ് വാക്സിൻ. ലോകത്തിലെ ഏറ്റവും വലിയ രണ്ട് സിഗരറ്റ് നിർമ്മാതാക്കളായ ഫിലിപ്പ് മോറിസും ബ്രിട്ടീഷ് അമേരിക്കൻ റ്റൊബാക്കോ(ബിഎറ്റി)യും കൊറോണ വൈറസിനെതിരെ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയുന്നു.

യുഎസ് ബയോടെക് സബ്സിഡിയറിയായ കെന്റക്കി ബയോപ്രൊസസിംഗ് വഴി വാക്സിൻ മൃഗങ്ങളിൽ പരീക്ഷിക്കുന്ന പ്രീ-ക്ലിനിക്കൽ പരിശോധന ബിഎറ്റി ഇതിനകം ആരംഭിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഫിലിപ്പ് മോറിസ്, തങ്ങളുടെ ഭാഗിക ഉടമസ്ഥതയിലുള്ള കനേഡിയൻ യൂണിറ്റ് മെഡിഗാഗോയിലൂടെ ഈ വേനൽക്കാലത്ത് വാക്സിൻ മനുഷ്യരിൽ പരീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കെന്റക്കി ബയോപ്രോസസിംഗ് യൂണിറ്റിന് ജൂൺ മുതൽ ആഴ്ചയിൽ 3 മില്യൺ ഡോസുകൾ വരെ വാക്സിൻ ഉത്പാദിപ്പിക്കാൻ കഴിയുന്നതാണ്.

ഈ മേഖലയിലേക്കുള്ള പുകയില കമ്പനികളുടെ ആദ്യ കടന്നുവരവല്ല ഇത്. 2014 ൽ, മാപ്പ് ബയോഫാർമസ്യൂട്ടിക്കലുമായി ചേർന്ന് എബോളയ്ക്ക് എതിരെ ZMapp എന്ന മരുന്ന് വികസിപ്പിക്കുന്നതിൽ ബിഎറ്റിയുടെ കെന്റക്കി ബയോപ്രൊസസിംഗ് ഏർപ്പെട്ടിരുന്നു. എന്നാൽ ആ ചികിത്സ ഒരിക്കലും ലാബിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ പുറത്തേക്ക് പോയില്ല.

ലക്കി സ്ട്രൈക്ക്, ഡൻ‌ഹിൽ, റോത്ത്മാൻ, ബെൻസൺ & ഹെഡ്ജസ് എന്നിവയുൾപ്പെടെയുള്ള ബ്രാൻഡുകളുടെ നിർമ്മാതാവാണ് ബ്രിട്ടീഷ് അമേരിക്കൻ റ്റൊബാക്കോ. അതേസമയം മാർൽബോറോ സിഗരറ്റിന്റെ നിർമ്മാതാക്കളാണ് ഫിലിപ്പ് മോറിസ്. ബ്രിട്ടീഷ് അമേരിക്കൻ റ്റൊബാക്കോ, വൈറസിന്റെ ജനിതക ശ്രേണിയുടെ ഒരു ഭാഗം ക്ലോൺ ചെയ്തതായും കോവിഡ് -19 ആന്റിജനെ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും പറഞ്ഞു. ഇത് ആന്റിബോഡികളുടെ ഉത്പാദനത്തെ പ്രേരിപ്പിക്കുകയും അണുബാധ തടയാൻ ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

ആറ് ആഴ്ച മുമ്പ് ആന്റിജനുവേണ്ടിയുള്ള ജീൻ കോഡിംഗ് പുകയില ചെടികളിൽ കുത്തിവച്ചു. പിന്നീട് അവ വിളവെടുക്കുകയും പരിശോധനയ്ക്കായി പ്രോട്ടീൻ വേർതിരിച്ചെടുക്കുകയും ചെയ്തു. ഇത് പരമ്പരാഗത രീതികളേക്കാൾ വേഗത്തിൽ വാക്സിൻ ഉൽ‌പാദിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ സമയം നിരവധി മാസങ്ങളിൽ നിന്ന് ആറ് ആഴ്ചയായി കുറയ്ക്കുകയും ചെയ്തുവെന്ന് കമ്പനി പറയുന്നു.

പുകയില ചെടിയിൽ വളരുന്ന വൈറസ് പോലുള്ള ഒരു കണികയാണ് ഫിലിപ്പ് മോറിസിന്റെ മെഡിഗാഗോ ഉപയോഗിച്ചത്. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള വാക്സിനുകൾ വൈറസുകളെ അനുകരിക്കുകയും ശരീരത്തിൻറെ രോഗപ്രതിരോധ സംവിധാനത്തെ അവയെ തിരിച്ചറിയാനും, രോഗപ്രതിരോധ പ്രതികരണം സൃഷ്ടിക്കാനും അനുവദിക്കുന്നു.

Related Articles

© 2024 Financial Views. All Rights Reserved