കോഫീ കിങ്ങിന്റെ സ്വപ്‌നമായിരുന്ന ഐടി പാര്‍ക്ക് വാങ്ങുന്നത് യുഎസ് കമ്പനിയായ ബ്ലാക്ക് സ്റ്റോണും കൊല്‍ക്കത്തയിലെ സലപൂരിയ സത്‌വയും ചേര്‍ന്ന്; സലപൂരിയ സ്വന്തമാക്കുന്നത് 25 ശതമാനം ഓഹരി

August 16, 2019 |
|
News

                  കോഫീ കിങ്ങിന്റെ സ്വപ്‌നമായിരുന്ന ഐടി പാര്‍ക്ക് വാങ്ങുന്നത് യുഎസ് കമ്പനിയായ ബ്ലാക്ക് സ്റ്റോണും കൊല്‍ക്കത്തയിലെ സലപൂരിയ സത്‌വയും ചേര്‍ന്ന്; സലപൂരിയ സ്വന്തമാക്കുന്നത് 25 ശതമാനം ഓഹരി

ബെംഗലൂരു: കഫേ കോഫീ ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ സ്വപ്‌ന പദ്ധതിയായിരുന്ന ഐടി പാര്‍ക്ക് ഗ്ലോബല്‍ വില്ലേജ് വാങ്ങുന്നത് യുഎസ് കമ്പനിയായ ബ്ലാക്ക് സ്‌റ്റോണും കൊല്‍ക്കത്തയിലെ കമ്പനിയായ സലപൂരിയ സത്‌വയും ചേര്‍ന്നാണെന്ന് റിപ്പോര്‍ട്ടുകള്‍. 3000 കോടി രൂപയ്ക്ക് നടക്കുന്ന ഇടപാട് ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാകും. വരുന്ന 45 ദിവസത്തിനകം ബ്ലാക്ക്‌സ്‌റ്റോണ്‍ കമ്പനിയുമായി നടത്തേണ്ട ആദ്യ ഘട്ട നടപടികള്‍ പൂര്‍ത്തിയാക്കും. കൊല്‍ക്കത്ത ആസ്താനമായി പ്രവര്‍ത്തിക്കുന്ന സലപൂരിയ സത്വ റിയല്‍ എസ്റ്റേറ്റ് സ്ഥാപനമാണ്.

ഐടി പാര്‍ക്കില്‍ സലപൂരിയയ്ക്ക് 25 ശതമാനം ഓഹരിയുണ്ടാകുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 120 ഏക്കറുകളിലായി വ്യാപിച്ച് കിടക്കുന്ന ടെക്ക് പാര്‍ക്ക് കഫേ ഡേ ഗ്രൂപ്പിന്റെ തന്നെ സഹോദര സ്ഥാപനമായ ടാങ്ക്‌ളിന്റെ ഉടമസ്ഥതയിലാണ്. നിലവില്‍ ബെംഗലൂരവിലും മംഗലൂരുവിലും ടെക്ക്‌നോളജി പാര്‍ക്കുകള്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു ഇവര്‍. 

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇക്വിറ്റി സ്ഥാപനമാണ് ബ്ലാക്ക്സ്റ്റോണ്‍. കഫേ ഡേ ഗ്രൂപ്പിന്റെ തന്നെ സഹ സ്ഥാപനമായ ടാങ്ക്ളിന്‍ ഡെവലപ്മെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് പാര്‍ക്ക്. ഇതിനിടെ ജൂണില്‍ കമ്പനിയുടെ വരുമാനം സംബന്ധിച്ച കണക്കുകള്‍ വൈകാതെ തന്നെ പുറത്ത് വിടുമെന്നും സൂചനകള്‍ പുറത്ത് വരുന്നു. മാര്‍ച്ച് 31ലെ കണക്കുകള്‍ പ്രകാരം ബാങ്ക് ലോണുകള്‍ അടക്കം 6547.38 കോടിയുടെ കടമാണ് കോഫീ ഡേ ഗ്രൂപ്പിനുള്ളത്. 

കോഫി ഡേ ഗ്രൂപ്പിന്റെ ഐടി മേഖലയ്ക്കായുള്ള ഉപകമ്പനിയാണു ടാങ്ലിന്‍ റിട്ടെയില്‍ റിയാലിറ്റിയുടേതാണ് ടെക് പാര്‍ക്ക് ഭുമി. ഗ്ലോബല്‍ വില്ലേജ് ടെക് പാര്‍ക്കിലെ ഭൂമിയില്‍ 4.5 ദശലക്ഷം ചതുരശ്ര അടി കെട്ടിടങ്ങളാണുള്ളത്. സിദ്ധാര്‍ഥയുടെതായി ചൊവ്വാഴ്ച പുറത്തുവന്ന കുറിപ്പില്‍ പറയുന്നത്, അടുത്ത 12 മാസത്തില്‍ വാടകയിനത്തില്‍ ടെക് പാര്‍ക്ക് 250 കോടി രൂപ നേടുമെന്നും 5 ദശലക്ഷം ചതുരശ്ര അടി നിര്‍മാണ സ്ഥലത്തിനുള്ള സാധ്യത ഇവിടെ ഉണ്ടെന്നുമാണ്. മംഗളൂരുവില്‍ നദീമുഖത്തോടു ചേര്‍ന്നു ടാങ്ലിന് 21 ഏക്കര്‍ ടെക് ബേ കൂടി സ്വന്തമായുണ്ട്.

ലോകത്തിലെ വലിയ അള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജറാണ് ടെക്നോളജി പാര്‍ക്ക് ഏറ്റെടുക്കുന്നതിനായി രംഗത്തെത്തിയ ബ്ലാക്ക്സ്റ്റോണ്‍. 2005ലാണ് കമ്പനി ഇന്ത്യയിലെയ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപം തുടങ്ങിയത്. രാജ്യത്ത് 120 ദശലക്ഷം ചതുരശ്ര അടി വ്യവസായിക സ്ഥലത്തിന്റെ ഉടമകളാണ് നിലവില്‍ ബ്ലാക്ക്സ്റ്റോണ്‍. ഇന്ത്യയിലെ വലിയ റിയല്‍ എസ്റ്റേറ്റ് സ്ഥാപനങ്ങളിലൊന്നും.

കോഫി ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ യഥാര്‍ത്ഥ ബാധ്യത 6,547 കോടിയാണെന്നാണു കമ്പനി രേഖകള്‍ സൂചിപ്പിക്കുന്നത്. ഉടമകളുടെ (പ്രമോട്ടര്‍) ഓഹരികളില്‍ 75 ശതമാനത്തിലേറെയും പണയപ്പടുത്തി ഇതിനോടകം വായ്പയെടുത്തിട്ടുണ്ട്. ബാങ്കുകള്‍, സ്വകാര്യ ധനകാര്യസ്ഥാപനങ്ങള്‍, വന്‍കിട കാപ്പി കര്‍ഷകര്‍ തുടങ്ങി ലഭ്യമായ പല മേഖലകളില്‍ നിന്നും കഫേ കോഫി ഡേയ്ക്കായി വിജി പണം സമാഹരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

കഫേ കോഫീ ഡേ സ്ഥാപകന്‍ വി ജി സിദ്ധാര്‍ത്ഥ ഒരു കടവും തിരിച്ചടയ്ക്കാനില്ലെന്ന് ടാറ്റാ ക്യാപിറ്റല്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. 2017 -18 സാമ്പത്തിക വര്‍ഷം 165 കോടി രൂപ കഫേ കോഫീ ഡേയ്ക്ക് വായ്പ നല്‍കിയിരുന്നു. എന്നാല്‍, ഈ തുക 2019 മാര്‍ച്ചില്‍ തിരിച്ചടച്ചതായി ടാറ്റാ ക്യാപിറ്റല്‍ വ്യക്തമാക്കി.

2019 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം കഫേ കോഫി ഡേയ്ക്ക് 5,200 കോടി രൂപയുടെ സാമ്പത്തിക ബാധ്യതകളുണ്ടെന്നാണ് കണക്കാക്കുന്നത്. ഗ്രൂപ്പിന്റെ പ്രമോട്ടറായ സിദ്ധാര്‍ത്ഥയുടെ ഓഹരികളുടെ 75 ശതമാനവും പണയപ്പെടുത്തി വായ്പ വാങ്ങിയിരുന്നു. ഇതുകൂടാതെ ഗ്രൂപ്പില്‍ ലിസ്റ്റ് ചെയ്യാത്ത കമ്പനികള്‍ക്ക് കോടികളുടെ മറ്റ് ബാധ്യതകള്‍ ഉളളതായാണ് റിപ്പോര്‍ട്ടുകള്‍.

Related Articles

© 2024 Financial Views. All Rights Reserved