ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി യുകെ; ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തങ്ങാനുള്ള തൊഴില്‍ വിസ പുനഃസ്ഥാപിച്ചു

September 13, 2019 |
|
News

                  ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി യുകെ; ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രാജ്യത്ത് തങ്ങാനുള്ള തൊഴില്‍ വിസ പുനഃസ്ഥാപിച്ചു

ആയിരക്കണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ യുകെയില്‍ നിന്നും പുറത്ത് വരുന്നത്. ബ്രീട്ടീഷ് സര്‍വകലാശാലകളില്‍ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ബ്രിട്ടനില്‍ രണ്ട് വര്‍ഷം കൂടി തങ്ങാന്‍ സാധിക്കും. പഠനാനന്തര തൊഴില്‍ വിസ പുനഃസ്ഥാപിച്ചതോടെ ഇനി യുകെയിലേക്ക് വരുന്ന വിദേശരാജ്യക്കാരായ വിദ്യാര്‍ത്ഥികളുടെ എണ്ണം കൂടുമെന്നാണ് കരുതുന്നത്. പോസ്റ്റ്- സ്റ്റഡി വര്‍ക്ക് വിസ വരുന്നതോടെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച രീതിയില്‍ തങ്ങളുടെ കരിയര്‍ വളര്‍ത്തിയെടുക്കാന്‍ യുകെ അവസരം കൊടുക്കുമെന്നും യുകെ സര്‍ക്കാര്‍ വ്യക്തമാക്കി.

ഈ വിസ 2012ല്‍ റദ്ദാക്കിയതാണ്. 2020തോടെ പോസ്റ്റ് സ്റ്റഡി വിസ പുനരാരംഭിക്കുമെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കിയിരിക്കുന്നത്.  കഴിഞ്ഞയാഴ്ച യൂണിവേഴ്സിറ്റി മന്ത്രി സ്ഥാനം രാജിവച്ച അദ്ദേഹത്തിന്റെ സഹോദരന്‍ ജോ ജോണ്‍സണ്‍, പുതിയ വിസ റൂട്ടിനായുള്ള എല്ലാ ജോലികളും പൂര്‍ത്തിയാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ എല്ലാ അന്തര്‍ദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കും പഠനാനന്തര വിസ ലഭിക്കും. വിദ്യാര്‍ത്ഥിയെന്ന നിലയില്‍ യുകെ ഇമിഗ്രേഷന്‍ ഉള്ളവര്‍ക്കാണ് വിസ അനുവദിക്കുക.

ബിരുദതലത്തിലോ അതിനു മുകളിലോ ഏതെങ്കിലും വിഷയത്തില്‍ പഠന കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കിയവരാണ് ഇതിന്റെ പരിധിയില്‍ വരിക. യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനം പൂര്‍ത്തിയാക്കിയതിന് ശേഷം രണ്ട് വര്‍ഷത്തേക്ക് ജോലിചെയ്യാനോ ജോലി അന്വേഷിക്കാനോ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ സഹായകരമാകും. 2019 ജൂണ്‍ അവസാനിക്കുന്ന വര്‍ഷത്തെ കണക്കുകള്‍ പ്രകാരം യുകെയില്‍ പഠിക്കാന്‍ വരുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഏകദേശം 22,000 ആണ്. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 42 ശതമാനവും മൂന്ന് വര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് നൂറു ശതമാനവും വര്‍ധനവാണ് കാണിക്കുന്നത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇത് ആശ്വാസകരമായ വാര്‍ത്തയാണെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ ഡൊമിനിക് അസ്‌ക്വിത്ത് പറഞ്ഞു. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം കൂടുതല്‍ സമയം യുകെയില്‍ ചെലവഴിക്കാനും ഇതുവരി കൂടുതല്‍ കഴിവുകളും പരിചയവും നേടാനും വിസ പുനഃ സ്ഥാപിക്കുന്നത് സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

© 2024 Financial Views. All Rights Reserved