ടിക് ടോക്ക് നിയമന പ്രക്രിയകള്‍ നിര്‍ത്തുന്നു; ഇന്ത്യയില്‍ 2000 ജീവനക്കാര്‍ പ്രതിസന്ധിയില്‍

August 13, 2020 |
|
News

                  ടിക് ടോക്ക് നിയമന പ്രക്രിയകള്‍ നിര്‍ത്തുന്നു;  ഇന്ത്യയില്‍ 2000 ജീവനക്കാര്‍ പ്രതിസന്ധിയില്‍

ചൈന വിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിലുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ടിക് ടോക്ക് മാതൃ കമ്പനിയായ ബൈറ്റ്ഡാന്‍സ് എല്ലാ നിയമന പ്രക്രിയകളും നിര്‍ത്തിയതായി വിവരം. കമ്പനിക്ക് നിലവില്‍ ഇന്ത്യയില്‍ 2000 ഓളം ജീവനക്കാരുണ്ട്. ഇന്ത്യന്‍, ചൈനീസ് സൈന്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനും തുടര്‍ന്നുള്ള ചൈനീസ് ആപ്ലിക്കേഷനുകള്‍, ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് ഉള്‍പ്പെടെയുള്ളവയുടെ നിരോധനത്തിനും ശേഷം മറ്റ് ജോലികള്‍ കണ്ടെത്താന്‍ ജീവനക്കാര്‍ കമ്പനിയില്‍ നിന്ന് പിരിഞ്ഞു പോകാന്‍ ശ്രമിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ ചില സീനിയര്‍ മാനേജ്മെന്റ് റോളുകളിലും ബൈറ്റ്ഡാന്‍സിന് പുതിയ നിയമനം നടത്തേണ്ടി വന്നു. എന്നാല്‍ ഔപചാരിക പിരിച്ചുവിടലുകളൊന്നും കമ്പനിയില്‍ നടക്കുന്നില്ല. സ്ഥിതി സുസ്ഥിരമാണെന്ന് കമ്പനി ആഭ്യന്തര ആശയവിനിമയത്തിലൂടെ ജീവനക്കാരോട് പറഞ്ഞു.  കഴിഞ്ഞ മാസം, ടിക്ക് ടോക്ക് സിഇഒ കെവിന്‍ മേയര്‍, ഇന്ത്യന്‍ ടിക്ക് ടോക്ക് ജീവനക്കാരെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ ഇങ്ങനെ പറയുന്നു. 'ഞങ്ങളുടെ ജീവനക്കാരാണ് ഞങ്ങളുടെ ഏറ്റവും വലിയ ശക്തി, അവരുടെ ക്ഷേമമാണ് ഞങ്ങളുടെ മുന്‍ഗണന. 2,000 ത്തിലധികം ശക്തമായ തൊഴില്‍ സേനയ്ക്കും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നുവെന്ന് കത്തില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ ഇന്ത്യയുടെ മെയിന്‍ഫ്രെയിമില്‍ സജീവമായ പങ്ക് തുടരാന്‍ ആഗ്രഹിക്കുന്നുവെന്നും കമ്പനി വ്യക്തമാക്കി.

വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ടിക് ടോക്കിന്റെ കോര്‍പ്പറേറ്റ് ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ബൈറ്റ്ഡാന്‍സ് ശ്രമിക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കമ്പനി ആസ്ഥാനം ചൈനയില്‍ നിന്ന് മാറ്റാനും നോക്കുന്നുണ്ട്. ചൈനയില്‍ സ്ഥാപിതമായ ബൈറ്റ്ഡാന്‍സിനെ മാറ്റിനിര്‍ത്തി ടിക്ക് ടോക്കിന് വേറിട്ട് മറ്റൊരു ആസ്ഥാനമില്ല. ലോസ് ഏഞ്ചല്‍സ്, ന്യൂയോര്‍ക്ക്, ലണ്ടന്‍, ഡബ്ലിന്‍, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ ഏറ്റവും വലിയ ഓഫീസുകളും ടിക് ടോക്കിനുണ്ട്. ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച് ബൈറ്റ്ഡാന്‍സ് മുംബൈയിലെ വെവര്‍ക് നെസ്‌കോയില്‍ ഒരു ഓഫീസ് സ്‌പേസ് ഡീല്‍ ഒപ്പിട്ടു.

ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയറിറ്റ്, കാംസ്‌കാനര്‍ എന്നിവയുള്‍പ്പെടെ 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിരോധിച്ചു. ഇന്ത്യയിലെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ടിക് ടോക്കിനെ നീക്കംചെയ്തു. യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ നിന്നും ടിക് ടോക്ക് ഉടന്‍ അപ്രത്യക്ഷമായേക്കാം. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുഎസില്‍ നിന്ന് ടിക്ക് ടോക്കിനെ നിരോധിക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയാണിത്.

Related Articles

© 2024 Financial Views. All Rights Reserved