കോഫീ കിങ്ങിന്റെ സ്വപ്‌ന പദ്ധതിയായ ഗ്ലോബല്‍ ടെക്ക്‌നോളജി പാര്‍ക്ക് ബ്ലാക്ക്‌സ്റ്റോണ്‍ വാങ്ങുന്നത് 2800 കോടി രൂപയ്ക്ക്; സെപ്റ്റംബര്‍ അവസാന വാരത്തോടെ 2000 കോടി കൈമാറുമെന്ന് സൂചന

September 07, 2019 |
|
News

                  കോഫീ കിങ്ങിന്റെ സ്വപ്‌ന പദ്ധതിയായ ഗ്ലോബല്‍ ടെക്ക്‌നോളജി പാര്‍ക്ക് ബ്ലാക്ക്‌സ്റ്റോണ്‍ വാങ്ങുന്നത് 2800 കോടി രൂപയ്ക്ക്;  സെപ്റ്റംബര്‍ അവസാന വാരത്തോടെ 2000 കോടി കൈമാറുമെന്ന് സൂചന

മുംബൈ:  രാജ്യത്തെ കാപ്പി രുചിക്കാന്‍ പഠിപ്പിച്ച കഫേ കോഫീ ഡേ കടക്കെണിയിലാകുകയും സ്ഥാപകനായ വി.ജി സിദ്ധാര്‍ത്ഥ ആത്മഹത്യ ചെയ്യുകയും ചെയ്തതിന് പിന്നാലെയാണ് കഫേ കോഫീ ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡ് ഉടമസ്ഥതയില്‍ ബെംഗലൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഗ്ലോബല്‍ വില്ലേജ് ടെക്ക്‌നോളജി പാര്‍ക്ക് ന്യൂയോര്‍ക്ക് ആസ്ഥാനമായ ബ്ലാക്ക്‌സ്‌റ്റോണ്‍ ഗ്രൂപ്പ് വാങ്ങാനൊരുങ്ങുന്നുവെന്ന വാര്‍ത്ത പുറത്ത് വന്നത്. 90 ഏക്കര്‍ വിസ്തൃതിയിലുള്ള പാര്‍ക്ക് 2800 കോടി രൂപയ്ക്കാണ് വില്‍പന നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

സെപ്റ്റംബര്‍ അവസാന വാരത്തോടെ 2000 കോടി കഫേ കോഫീ ഡേയ്ക്ക് കൈമാറുമെന്നാണ് സൂചന. പ്രവര്‍ത്ത മൂലധനം വര്‍ധിപ്പിക്കുന്നതിനായി ബാക്കി 800 കോടി പിന്നീട് കൈമാറും. കഫേ കോഫീ ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള കഫേ കോഫീ ഡേ ഗ്ലോബല്‍ ലിമിറ്റഡ്, സിക്കാല്‍ ലോജിസ്റ്റിക്‌സ, ടാങ്ക്‌ളിന്‍ ഡെവലപ്പമെന്റ്‌സ്, വേ ടു ഹെല്‍ത്ത്, കോഫീ ഡേ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട് എന്നിവയ്ക്ക് എല്ലാം കൂടി 7653 കോടി രൂപയുടെ കടമാണുണ്ടായിരുന്നത്. ഈ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരമാണിത്. 

കടത്തില്‍ മുങ്ങിയ കഫേ കോഫീ ഡേ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ ഓഹരികള്‍ വില്‍ക്കാനുള്ള നീക്കം തല്‍ക്കാലം നീട്ടാന്‍ നീക്കുമെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കമ്പനിയിലേക്ക് നിക്ഷേപകരെ കൊണ്ടുവരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ബിസിനസ് വമ്പന്മാരായ കൊക്ക കോള, ഐടിസി എന്നീ കമ്പനികളുമായി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് ഓഹരി വില്‍ക്കാനുള്ള തീരുമാനം കഫേ കോഫീഡേ നീട്ടിവെച്ചിരിക്കുന്നത്. നിലവില്‍ കോഫീ ബിസിനസിന്റെ കണക്കുകകള്‍ നോക്കിയാല്‍ ലാഭം ലഭിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ കടങ്ങള്‍ വീട്ടാന്‍ ഓഹരികള്‍ വില്‍ക്കുന്നതിന് മുന്‍പ് നിക്ഷേപകരെ എത്തിക്കാനാണ് ശ്രമമെന്നും കമ്പനി വക്താവ് അറിയിച്ചു.

ഇന്ത്യയുടെ കോഫി ബിസിനസില്‍ വിപ്ലവം സൃഷ്ടിച്ച കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന് പിന്നാലെ നടുക്കുന്ന പിന്നാമ്പുറ കഥയാണ് പുറത്ത് വരുന്നത്.  കഫേ കോഫി ഡേയ്ക്ക് 7000 കോടിയുടെ കട ബാധ്യതയുണ്ടായിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് 2000 കോടി രൂപയുടെ വ്യക്തിഗത വായ്പയും ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നത്. നഷ്ടത്തിലായിരുന്ന കമ്പനിയെ രക്ഷിക്കാന്‍ സ്വന്തം പേരിലെടുത്ത വായ്പയാണ് ഇതെന്നായിരുന്ന ആദ്യം വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നത്.

മാര്‍ച്ച് വരെ കമ്പനിയുടെ മൊത്തം കടം 6,547.38 കോടി രൂപയായിരുന്നു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കമ്പനിയുടെ അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വ്യക്തിഗത വായ്പകളില്‍ ഭൂരിഭാഗവും സിദ്ധാര്‍ത്ഥയുടെയും കുടുംബത്തിന്റെയും സ്വകാര്യ സ്വത്തായ പ്ലാന്റേഷന്‍ ബിസിനസില്‍ നിക്ഷേപിക്കാനാണ് ഉപയോഗിച്ചിരുന്നതെന്നും സൂചനകള്‍ വ്യക്തമാക്കുന്നു.  കമ്പനിയുടെ കുടിശ്ശികയുള്ള കടം തീര്‍ക്കാനുള്ള പണം ബിസിനസ്സില്‍ നിന്ന് കിട്ടിയിരുന്നില്ല. ഇതോടെ പലിശ വര്‍ദ്ധിച്ച് കടം ഇരട്ടിയായി ഉയര്‍ന്നു. എന്നാല്‍ കൂടുതല്‍ പണം നല്‍കാന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ തയ്യാറാകുന്നതോടെ പുതിയ കടം എടുക്കുന്നതിലും പ്രശ്നമുണ്ടായിരുന്നില്ല.

Related Articles

© 2024 Financial Views. All Rights Reserved