മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാറിന്റെ മറ്റൊരു നീക്കം പുറത്ത്; സെബിയുടെ കൈവശമുള്ള മൂലധനം കൂടി പിടിച്ചുവാങ്ങും; രാജ്യം ഇപ്പോള്‍ നേരിടുന്നത് ഏറ്റവും വലിയ സാമ്പത്തിക ദുരന്തം

December 26, 2019 |
|
News

                  മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ കേന്ദ്രസര്‍ക്കാറിന്റെ മറ്റൊരു നീക്കം പുറത്ത്; സെബിയുടെ കൈവശമുള്ള മൂലധനം കൂടി പിടിച്ചുവാങ്ങും; രാജ്യം ഇപ്പോള്‍ നേരിടുന്നത് ഏറ്റവും വലിയ സാമ്പത്തിക ദുരന്തം

മുംബൈ: റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനം പിടിച്ചുവാങ്ങിയതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ സെബിയുടെ മൂലധനത്തിലും നോട്ടമിടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത്  സാമ്പത്തിക മാന്ദ്യം ശക്തമായതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാറിന്റെ പുതിയ നീക്കം.  സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) യുടെ മിച്ചധനം ഏറ്റെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. സെബിയുടെ മിച്ചധനം സര്‍ക്കാരിന് കൈമാറണമെന്ന് നിര്‍മല സീതാരാമന്‍ ഈവര്‍ഷം അവതരിപ്പിച്ച ബജറ്റില്‍ നിര്‍ദ്ദേശിച്ചിരുന്നു. സെബിയുടെ നീക്കിയിരിപ്പ് തുകയുടെ 75 ശതമാനം തുക സര്‍ക്കാരിന് കൈമാറാനാണ് നിര്‍ദ്ദേശം. ഐആര്‍ഡിഎയുടെയും പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി അഥോറിറ്റിയുടെയും മിച്ചധനവും ഏറ്റെടുക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

സെബിയും മറ്റ് ധനകാര്യ സ്ഥാപനങ്ങളും ഈ നിക്കത്തെ എതിര്‍ക്കുന്നുണ്ടെങ്കിലും 2020 ഫെബ്രുവരി ഒന്നിന് മുമ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. തങ്ങളുടെ സ്വയംഭരണാധികാരത്തിന് മേലുള്ള കൈകടത്തലാണ് ഇതെന്ന് സെബി ചൂണ്ടിക്കാട്ടിയിരുന്നു.2018 മാര്‍ച്ച് 31 വരെയുള്ള കണക്കുപ്രകാരം സെബിയുടെ പൊതുനിധിയില്‍ 3,606 കോടി രൂപയാണുള്ളത്. സെബിയുടെ നിയമമനുസരിച്ച് ഈ വരുമാനം പൂര്‍ണമായും പൊതുനിധിയില്‍ സൂക്ഷിക്കണം. ഇതില്‍ നിന്നാണ് ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ചെലവുകള്‍ നിര്‍വഹിക്കുന്നത്. പ്രധാനമായും വാര്‍ഷിക ഫീസ്, നിക്ഷേപങ്ങള്‍ക്ക് ലഭിക്കുന്ന പലിശ, വരിസംഖ്യ എന്നിവയാണ് സെബിയുടെ വരുമാന സ്രോതസ്സുകള്‍. സെബിയുടെ മിച്ചധനം ആവശ്യപ്പെടുന്നത് വിപണിയിലെ ഇടപാടുകരില്‍ നിന്നും മറ്റൊരു തരത്തില്‍ നികുതി വാങ്ങുന്നതിന് തുല്യമാണ്.

ബജറ്റ് നിര്‍ദ്ദേശത്തിന് പിന്നലെ വിഷയത്തില്‍ എതിര്‍പ്പുമായി സെബി ജീവനക്കാര്‍ രംഗത്ത് എത്തിയിരുന്നു. സര്‍ക്കാരിന്റെ ബജറ്റ് നിര്‍ദ്ദേശം സെബിയുടെ സ്വതന്ത്രാധികാരത്തെ ബാധിക്കുന്നതാണെന്നാണ് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനൊപ്പം സെബിയുടെ വാര്‍ഷിക ചെലവുകള്‍ക്ക് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്നും കത്തിലൂടെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ ഈ നടപടി 1992 ലെ സെബി ആക്ടിനെ അട്ടിമറിക്കുന്നതാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇത്തരം നിര്‍ദ്ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെബി എംപ്ലോയീസ് അസോസിയേഷന്‍ ധനമന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തെഴുതിയിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved