കോവിഡ് പ്രതിസന്ധി നേരിടാൻ സംസ്ഥാനങ്ങൾക്ക് 17,287.08 കോടിയുടെ സാമ്പത്തിക സഹായം നൽകി കേന്ദ്ര സർക്കാർ

April 04, 2020 |
|
News

                  കോവിഡ് പ്രതിസന്ധി നേരിടാൻ സംസ്ഥാനങ്ങൾക്ക് 17,287.08 കോടിയുടെ സാമ്പത്തിക സഹായം നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി നേരിടാൻ സംസ്ഥാനങ്ങൾക്ക് അടിയന്തരമായി കേന്ദ്ര സർക്കാർ 17,287.08 കോടിയുടെ സാമ്പത്തിക സഹായം അനുവദിച്ചു. കേരളം അടക്കം 14 സംസ്ഥാനങ്ങൾക്ക് 15-ാം ധനകാര്യ കമ്മീഷൻ ശുപാർശ പ്രകാരമുള്ള വരുമാന കമ്മി ഗ്രാൻഡ് ഇനത്തിൽ 6,195.08 കോടിരൂപയും എല്ലാ സംസ്ഥാനങ്ങൾക്കുമായി ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്നുള്ള തുകയുടെ മുൻകൂർ കേന്ദ്ര വിഹിതമായ 11,092 കോടി രൂപയും അടക്കമാണ് ധന സഹായം അനുവദിച്ചതെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

സംസ്ഥാന ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് പണം ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ ഉപയോഗിക്കാമെന്നും കേന്ദ്രം അറിയിച്ചു. മാര്‍ച്ച് 14ന് സംസ്ഥാന ദുരിതാശ്വാസ ഫണ്ട് ഉപയോഗിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു. ക്വാറന്റൈന്‍ സൗകര്യം, പരിശോധന, ലബോറട്ടറി, സുരക്ഷാ സാമഗ്രികള്‍, തെര്‍മല്‍ സ്‌കാനേഴ്‌സ്, വെന്റിലേറ്റര്‍, ആശുപത്രി വികസനം എന്നിവക്കാണ് പണം ചെലവഴിക്കേണ്ടത്. 

കേരളത്തിന് പുറമെ ആന്ധ്ര, ആസം, ഹിമാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗലാൻഡ്, സിക്കിം, പഞ്ചാബ്, തമിഴ്നാട്, ത്രിപുര, ഉത്തരാഖണ്ഡ്, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങൾക്കാണ് അടിയന്തര ഗ്രാൻഡ് ലഭിക്കുക.കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം ആദ്യം 15000 കോടിയുടെ ധനസഹായവും പിന്നീട് 1.70 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജും കേന്ദ്രം പ്രഖ്യാപിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved