എല്‍എന്‍ജി കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട; പ്രകൃതിവാതകത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവയ്പ്പ്

June 04, 2020 |
|
News

                  എല്‍എന്‍ജി കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് വേണ്ട; പ്രകൃതിവാതകത്തിലേക്കുള്ള ഇന്ത്യയുടെ ചുവടുവയ്പ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) വിതരണ കേന്ദ്രം ആരംഭിക്കാന്‍ വേണ്ട നടപടികളില്‍ വന്‍ വിട്ടുവീഴ്ചകള്‍ വരുന്നു. ആര്‍ക്കും സംരംഭം തുടങ്ങാം എന്ന നിലയിലേക്കാണ് പുതിയ ഭേദഗതികളെത്തുന്നത്. ഇതിന് നഗര വാതക വിതരണ ലൈസന്‍സ് ആവശ്യമില്ലെന്ന് റെഗുലേറ്റര്‍ പറഞ്ഞു. ഇതോടെ പ്രകൃതിവാതകത്തിലേക്കുള്ള രാജ്യത്തിന്റെ മാറ്റം കൂടുതല്‍ എളുപ്പമായിരിക്കുകയാണ്.

എല്‍എന്‍ജി സ്റ്റേഷനുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി തുടരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ നീക്കത്തിന് കഴിയും. മാത്രമല്ല, ഗ്യാസ് ലൈസന്‍സ് ഇല്ലാത്ത ചെറുകിട കമ്പനികള്‍ക്ക് സ്വന്തം സ്റ്റേഷനുകള്‍ തുടങ്ങാനും ഇത് സഹായകരമാകും. പെട്രോള്‍ പമ്പുകളുടെ ശൃംഖല ഉപയോഗിച്ച് എല്‍എന്‍ജി റീട്ടെയില്‍ ചെയ്യുന്നത് സംബന്ധിച്ച് ഷെല്‍ സര്‍ക്കാരിനോട് വ്യക്തത തേടിയിരുന്നു. ഷെല്ലും പെട്രോനെറ്റും രാജ്യത്ത് എല്‍എന്‍ജി ഇറക്കുമതി ടെര്‍മിനലുകള്‍ പ്രവര്‍ത്തിക്കുന്നു.

ഇന്ത്യയിലെ വിജയകരമായ ഇന്ധന ബദലായി എല്‍എന്‍ജി മാറുന്നത് അടിസ്ഥാന സൗകര്യങ്ങളെ ആശ്രയിച്ചിരിക്കും. അതിനായി വിപണി പങ്കാളിത്തം അത്യന്താപേക്ഷിതമാണ്. പിഎന്‍ജിആര്‍ബിയുടെ ഈ നീക്കം കൂടുതല്‍ നിക്ഷേപകരെ പങ്കെടുപ്പിക്കാനും രാജ്യവ്യാപകമായി എല്‍എന്‍ജി സ്റ്റേഷനുകളുടെ ഒരു ശൃംഖല വികസിപ്പിക്കാനും കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഷെല്‍ പ്രതികരണത്തില്‍ പറഞ്ഞു.

റെഗുലേറ്ററി വ്യക്തതയ്ക്ക് സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികള്‍ക്കും സ്വകാര്യ റീട്ടെയിലര്‍മാരായ റോസ്‌നെഫ്റ്റ് പിന്തുണയുള്ള നയാരയ്ക്കും റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബിപി എന്നിവയുടെ സംയുക്ത സംരംഭത്തിനും അവസരങ്ങള്‍ വിപുലീകരിക്കാന്‍ കഴിയും. ലൈസന്‍സുകളുള്ള രാജ്യത്തെ ഏറ്റവും വലിയ ഗ്യാസ് വിപണനക്കാരനായ ഗെയില്‍, 6,000 കിലോമീറ്റര്‍ നീളമുള്ള എക്‌സ്പ്രസ് ഹൈവേയില്‍ എല്‍എന്‍ജി സ്റ്റേഷനുകളുടെ ഒരു ശൃംഖല നിര്‍മ്മിക്കുന്നതിന് ഇതിനകം എക്‌സോണ്‍ മൊബീല്‍, മിത്സുയി, കപ്പല്‍ ഉടമകള്‍ എന്നിവരുമായി ചര്‍ച്ച നടത്തി വരുകയാണ്.

Related Articles

© 2024 Financial Views. All Rights Reserved