രാജ്യത്തെ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച നാലാം മാസവും നെഗറ്റീവില്‍; കൊറോണയെ മറികടക്കാനാവാതെ സമ്പദ് വ്യവസ്ഥ

August 01, 2020 |
|
News

                  രാജ്യത്തെ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച നാലാം മാസവും നെഗറ്റീവില്‍; കൊറോണയെ മറികടക്കാനാവാതെ സമ്പദ് വ്യവസ്ഥ

രാജ്യത്തെ മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച തുടര്‍ച്ചയായി നാലാം മാസവും നെഗറ്റീവില്‍ തുടരുന്നത് മൊത്തം സമ്പദ് വ്യവസ്ഥയെ ആശങ്കയിലാഴ്ത്തുന്നതായി റേറ്റിംഗ് ഏജന്‍സികളുടെ വിശകലനം. വ്യാവസായിക ഉത്പാദന സൂചികയില്‍ 40 ശതമാനം പങ്കുവഹിക്കുന്ന മുഖ്യ വ്യവസായ മേഖലയുടെ വളര്‍ച്ച നെഗറ്റീവ് 15 ശതമാനത്തിലേക്കാണ് ജൂണില്‍ കൂപ്പുകുത്തിയത്. 2019 ജൂണില്‍ വളര്‍ച്ച പോസിറ്റീവ് 1.2 ശതമാനമായിരുന്നു. വളം ഒഴികെ ബാക്കിയെല്ലാം ഈ ജൂണില്‍ നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.

കല്‍ക്കരി, വൈദ്യുതി, പ്രകൃതിവാതകം, സിമന്റ്, സ്റ്റീല്‍, ക്രൂഡോയില്‍,വളം,റിഫൈനറി ഉത്പന്നങ്ങള്‍ എന്നീ എട്ട് പ്രമുഖ വിഭാഗങ്ങളാണ് മുഖ്യ വ്യവസായ മേഖലയിലുള്ളത്.കല്‍ക്കരി 15.5 ശതമാനവും ക്രൂഡോയില്‍ ആറു ശതമാനവും പ്രകൃതി വാതകം 12 ശതമാനവും റിഫൈനറി ഉത്പന്നങ്ങള്‍ 8.9 ശതമാനവും സ്റ്റീല്‍ 33.8 ശതമാനവും സിമന്റ് 6.9 ശതമാനവും നെഗറ്റീവ് വളര്‍ച്ച രേഖപ്പെടുത്തി.വൈദ്യുതോത്പാദന വളര്‍ച്ച നെഗറ്റീവ് 11 ശതമാനമാണ്.

വളം ഉത്പാദനം പോസിറ്റീവ് 4.2 ശതമാനം ഉയര്‍ന്നു. മേയില്‍ മുഖ്യവ്യവസായ വളര്‍ച്ച നെഗറ്റീവ് 22 ശതമാനമായിരുന്നു. ഏപ്രില്‍-ജൂണില്‍ വളര്‍ച്ച മുന്‍വര്‍ഷത്തെ സമാനകാലയളവിലെ പോസിറ്റീവ് 3.4 ശതമാനത്തില്‍ നിന്ന് നെഗറ്റീവ് 24.6 ശതമാനത്തിലേക്കും കൂപ്പുകുത്തി. വ്യാവസായിക ഉല്‍പാദനത്തില്‍ ജൂണ്‍ മാസത്തില്‍ 15-20 ശതമാനം സങ്കോചമുണ്ടാകുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐസിആര്‍എ പറയുന്നു. കെയര്‍ റേറ്റിംഗ്സ് രേഖപ്പെടുത്തിയത് 20-22 ശതമാനം സങ്കോചമാണ്. വളര്‍ച്ചയുടെ ഇടിവ് മന്ദഗതിയിലായി എന്നതാണ് അല്പം ആശ്വാസമേകുന്ന ഘടകമെന്ന് കെയര്‍ റേറ്റിംഗ്സിലെ മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ മദന്‍ സബ്നാവിസ് പറഞ്ഞു.

Related Articles

© 2024 Financial Views. All Rights Reserved