മാരുതി സുസുക്കി താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തുന്നു; തീരുമാനം കൊറോണ വൈറസ് ബാധയോട് അനുബന്ധിച്ച്

March 23, 2020 |
|
Lifestyle

                  മാരുതി സുസുക്കി താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തുന്നു; തീരുമാനം കൊറോണ വൈറസ് ബാധയോട് അനുബന്ധിച്ച്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഉല്‍പ്പാദനം താല്‍ക്കാലികമായി നിര്‍ത്തുന്നു. ഹരിയാനയിലെ ഗുരുഗ്രാം, മാനേസര്‍ എന്നിവിടങ്ങളിലുള്ള അവരുടെ ഉല്‍പ്പാദന കേന്ദ്രങ്ങളാണ് അടയ്ക്കുന്നത്. കൊറോണ വൈറസിന്റെ ആഘാതത്തിലാണ് പ്രസ്തുത തീരുമാനം.

ഹരിയാനയിലെ ഗുരുഗ്രാം, മാനേസര്‍ എന്നിവിടങ്ങളിലുള്ള കമ്പനിയുടെ ഉല്‍പ്പാദനം അടുത്ത അറിയിപ്പുണ്ടാകുന്നത് വരെ താല്‍ക്കാലികമായി എത്രയും വേഗം നിര്‍ത്തിവയ്ക്കുകയാണെന്ന് മാരുതി സുസുക്കി ഔദ്യോഗികമായ ഒരു പ്രസ്താവനയില്‍ പറഞ്ഞു. റൊഹ്ടാക്കിലുള്ള ആര്‍ ആന്‍ഡ് ഡി സെന്ററും അടച്ചിടുകയാണെന്നും അടച്ചിടുന്നത് എത്ര നാളത്തേക്ക് ആണെന്നത് സര്‍ക്കാര്‍ തീരുമാനങ്ങളെ ആശ്രയിച്ചിരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. അവശ്യ സര്‍വീസ് ഒഴികെയുള്ള മറ്റ് എല്ലാ ഉല്‍പ്പാദന, വിതരണ മേഖലകളും മാര്‍ച്ച് 31 വരെ നിര്‍ത്തി വയ്ക്കാന്‍ ഗുരുഗ്രാം ജില്ലാ ഭരണകൂടത്തില്‍ നിന്നും  ശനിയാഴ്ച ഉത്തരവുണ്ട്.

കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായിയാണ് ഈ നീക്കങ്ങള്‍. ഇതിന് പുറമേ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുചീകരണം നടത്തുക, ശരീര താപനില പരിശോധിക്കുക, സമ്പര്‍ക്കം പരമാവധി കുറച്ച് വീഡിയോ കോണ്‍ഫറസ് പോലുള്ള മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക, യാത്രകള്‍ ഒഴിവാക്കുക, സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ അനുസരിക്കുക തുടങ്ങി നിരവധി കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved