ജീവനക്കാരെ കൈവിടാതെ ഫ്‌ളിപ്പ്കാര്‍ട്ട്; ശമ്പളം വെട്ടിക്കുറക്കില്ലെന്ന് കമ്പനി; ലോക്ക്ഡൗൺ കാലത്ത് സേവനങ്ങൾ പുനരാരംഭിച്ചത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം

April 04, 2020 |
|
News

                  ജീവനക്കാരെ കൈവിടാതെ ഫ്‌ളിപ്പ്കാര്‍ട്ട്;  ശമ്പളം വെട്ടിക്കുറക്കില്ലെന്ന് കമ്പനി; ലോക്ക്ഡൗൺ കാലത്ത് സേവനങ്ങൾ പുനരാരംഭിച്ചത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കിയ ശേഷം

കൊറോണ വൈറസ് മഹാമാരി രാജ്യത്തെ ബിസിനസുകളെ ദോഷകരമായി ബാധിച്ച സാഹചര്യത്തിലും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കില്ലെന്നും വിപുലീകരിച്ച തൊഴില്‍ ഓഫറുകളെ മാനിക്കുമെന്നും വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുള്ള ഫ്‌ളിപ്പ്കാര്‍ട്ട് വ്യക്തമാക്കി. ഇ-കൊമേഴ്‌സ് വമ്പനായ ഫ്‌ളിപ്പ്കാര്‍ട്ട്, വ്യഴാഴ്ച നടത്തിയ ത്രൈമാസ വിര്‍ച്വല്‍ കൂടിക്കാഴ്ചയില്‍ 8,000 -ത്തിലധികം ജീവനക്കാരുടെ പങ്കാളിത്തമാണുണ്ടായത്. ജീവനക്കാര്‍, വെന്‍ഡര്‍മാര്‍, വില്‍പ്പന പങ്കാളികള്‍ എന്നിവരോട് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് ഫ്‌ളിപ്പ്കാര്‍ട്ട് ഗ്രൂപ്പ് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി അറിയിച്ചു.

ശമ്പള വെട്ടിക്കുറവ് ഉണ്ടാവില്ലെന്നും ഇന്റേണ്‍ഷിപ്പുകള്‍ ഉള്‍പ്പടെയുള്ള എല്ലാ തൊഴില്‍ ഓഫറുകളും കമ്പനി മാനിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. രാജ്യത്തെ ഓരോ വ്യക്തികളെയും കുടുംബങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച സുരക്ഷാ നടപടികള്‍ പാലിക്കണമെന്ന് അദ്ദേഹം ജീവനക്കാരെ ഉദ്‌ബോധിപ്പിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇക്കഴിഞ്ഞ മാര്‍ച്ച് 24 -ന് 21 ദിവസത്തെ രാജ്യവ്യാപക ലോക്ക് ഡൗണ്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനാല്‍ തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറുകള്‍ നല്‍കാന്‍ പാടുപെടുകയാണ് ഇ-കൊമേഴ്‌സ് കമ്പനികള്‍ വ്യക്തമാക്കിയിരുന്നു. ഭക്ഷണം, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയുള്‍പ്പടെയുള്ള അവശ്യവസ്തുക്കള്‍ ഇ-കൊമേഴ്‌സ് വഴി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും പലയിടത്തും തങ്ങളുടെ ഡെലിവറി സ്റ്റാഫുകളെ പൊലീസ് തടസപ്പെടുത്തുന്നുണ്ടെന്ന് കമ്പനികള്‍ അടുത്തിടെ പരാതിപ്പെട്ടിരുന്നു.

പ്രാദേശിക അധികാരികള്‍ വെയര്‍ഹൗസുകള്‍ അടച്ചുപൂട്ടുകയും ട്രക്കുകള്‍ സംസ്ഥാന അതിര്‍ത്തി കടക്കുന്നത് തടയുകയും ചെയ്തതോടെ ഇ-കൊമേഴ്‌സ് കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റി. ഇപ്പോള്‍ കമ്പനികള്‍ പ്രവര്‍ത്തനം പുനരാരംഭിക്കുകയും അവശ്യ വസ്തുക്കളുടെ ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. കഴിഞ്ഞയാഴ്ച ഫ്‌ളിപ്കാര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. വിതരണ ശൃംഖലയും ഡെലിവറി എക്‌സിക്യൂട്ടിവുകളും സുരക്ഷിതമായിരിക്കുമെന്ന ഉറപ്പ് ലഭിച്ചതിനുശേഷമാണ് സേവനങ്ങള്‍ പുനരാരംഭിച്ചത്. ബിസിനസുകള്‍ നിര്‍ത്തിവെച്ചതോടെ, കമ്പനികള്‍ ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനും ചെലവുകള്‍ ചുരുക്കുന്നതിനുമുള്ള സാധ്യത കൂടുതലാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കൊവിഡ് 19 മഹാമാരി കാരണം ഒരു ബിസിനസും പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ ടെക് കമ്പനികള്‍ ഉള്‍പ്പടെ നിരവധി ബിസിനസുകള്‍ ഇതിനകം ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved