കൊറോണ വൈറസ് ആഘാതം: ഷിയോമി, ലെനോവോ-മോട്ടറോള, ലാവ ഫാക്ടറികൾ അടച്ച് പൂട്ടുന്നു

March 24, 2020 |
|
Lifestyle

                  കൊറോണ വൈറസ് ആഘാതം: ഷിയോമി, ലെനോവോ-മോട്ടറോള, ലാവ ഫാക്ടറികൾ അടച്ച് പൂട്ടുന്നു

ന്യൂഡൽഹി: കൊറോണ വൈറസിന്റെ വ്യാപനം തടയാൻ സംസ്ഥാന സർക്കാരുകൾ ലോക്ക്ഡൗൺ ഉത്തരവിട്ടതിനെത്തുടർന്ന് ഇന്ത്യയിലെ വിവിധ സ്മാർട്ട്ഫോൺ കമ്പനികൾ തങ്ങളുടെ ഫാക്ടറികൾ അടച്ച് പൂട്ടുന്നു. സ്മാർട്ട്‌ഫോൺ വിൽപ്പനയിലെ മാർക്കറ്റ് ലീഡർ ഷിയോമി, ലെനോവോ-മോട്ടറോള, ലാവ എന്നിവ  ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്ഥിതി ചെയുന്ന ഹാൻഡ്‌സെറ്റ് ഫാക്ടറികൾ അടച്ചുപൂട്ടാൻ തീരുമാനിച്ച് കഴിഞ്ഞു. ലെനോവോ മോട്ടറോള ചൊവ്വാഴ്ച മുതൽ സ്മാർട്ട്‌ഫോൺ, പിസി ഫാക്ടറികൾ അടയ്ക്കും. അതേസമയം മാർച്ച് 23 വരെ പുതുച്ചേരി, ചെന്നൈ ഫാക്ടറികൾ പ്രവർത്തിക്കുന്നുണ്ടെന്ന് മോട്ടറോള ഗ്രൂപ്പ് എംഡി പ്രശാന്ത് മണി പറഞ്ഞു.

ഷിയോമിയുടെ തമിഴ്‌നാട്ടിലെയും നോയിഡയിലെയും നാല് ഫാക്ടറികൾ മാർച്ച് 24 മുതൽ നിർമാണം നിർത്തും. ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഇവർക്ക് സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, പവർ ബാങ്കുകൾ എന്നിവയ്ക്കായി എട്ട് പ്ലാന്റുകൾ ഉണ്ട്. ഇതിൽ കരാർ നിർമ്മാതാക്കളും പങ്കാളികളാണ്. കോർപ്പറേറ്റ് ഓഫീസ്, വെയർഹൗസ്, സർവീസ് സെന്റർ, മി ഹോം, മാനുഫാക്ചറിംഗ് പ്ലാന്റ് തുടങ്ങിയ ഓരോ സൗകര്യങ്ങളും ലോക്ക്ഡൗൺ ഓർഡറുകൾ പാലിക്കും എന്ന് ഷിയോമി കമ്പനി വക്താവ് പറഞ്ഞു. എന്നാൽ ഷിയോമിയും ലെനോവോ-മോട്ടറോളയും തങ്ങളുടെ പ്ലാന്റുകൾ എത്ര കാലത്തോളം അടച്ചിടുമെന്ന് പറഞ്ഞിട്ടില്ല.

ഈ ലോക്ക്ഡൗൺ ഏപ്രിൽ മാസത്തിലെ ഫോൺ വിൽപ്പനയിൽ 40 ശതമാനം ഇടിവുണ്ടാക്കാം. കൂടാതെ, ഫോണുകളുടെയും ഭാഗങ്ങളുടെയും ഭൂരിപക്ഷം കയറ്റുമതിക്കാരായ സാംസങ് രണ്ടാഴ്ചയിലേറെയായി അടച്ചുപൂട്ടൽ തുടരുകയാണെങ്കിൽ, കയറ്റുമതി 50 ശതമാനം കുറയാനും സാധ്യതയുണ്ട് എന്ന് കൗണ്ടർപോയിന്റ് ടെക്നോളജി മാർക്കറ്റ് റിസർച്ചിന്റെ ഗവേഷണ ഡയറക്ടർ നീൽ ഷാ പറഞ്ഞു. പ്രാദേശിക ഹാൻഡ്‌സെറ്റ് കമ്പനിയായ ലാവ ഇന്റർനാഷണൽ ഉത്തർപ്രദേശിലെ നോയിഡയിൽ നിർമാണ കേന്ദ്രം അടച്ചു. യുപി സർക്കാരിന്റെ നിർദേശപ്രകാരം മാർച്ച് 22 മുതൽ മാർച്ച് 25 വരെ ഞങ്ങൾ ഫാക്ടറി അടച്ചുപൂട്ടുന്നു എന്ന് ലാവ വക്താവ് പറഞ്ഞു.

കമ്പനിയുടെ കണക്കുകൾ പ്രകാരം, പ്ലാന്റിന്റെ ഉത്പാദന ശേഷി പ്രതിമാസം 3 മില്യൺ യൂണിറ്റാണ്. അതിൽ പ്രതിവർഷം 2 മില്യൺ യൂണിറ്റുകൾ കയറ്റുമതി ചെയുന്നുണ്ട്. ഉത്തർപ്രദേശ് സർക്കാരിന്റെ ലോക്ക്ഡൗൺ ഉത്തരവിനെ തുടർന്ന് മാർച്ച് 22 ന് സാംസങ്, ഓപ്പോ, വിവോ എന്നിവ നോയിഡ, ഗ്രേറ്റർ നോയിഡ എന്നിവിടങ്ങളിലെ പ്ലാന്റുകളിൽ ഉത്പാദനം നിർത്തിവച്ചു.

കോവിഡ് -19 നെതിരെ ഞങ്ങളുടെ ജീവനക്കാരെയും അവരുടെ കുടുംബങ്ങളെയും സംരക്ഷിക്കുന്നതിനുള്ള നടപടിയായും സർക്കാരിൽ നിന്നുള്ള നിർദേശങ്ങൾ പാലിച്ചും നിലവിൽ ഞങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തീരുമാനിക്കുകയും ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ സെയിൽസ്, മാർക്കറ്റിംഗ്, ആർ & ഡി ഓഫീസുകളിലെ ജീവനക്കാരോട് ജോലി ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തതായി സാംസങ് വക്താവ് പ്രസ്താവനയിൽ പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved