ചൈനയില്‍ നിന്നുമുള്ള കമ്പനികളെ ആകര്‍ഷിക്കാന്‍ സ്ഥലമൊരുക്കി ഇന്ത്യ; കാത്തിരിക്കുന്നത് ലക്സംബര്‍ഗിന്റെ ഇരട്ടി സ്ഥലം!

May 05, 2020 |
|
News

                  ചൈനയില്‍ നിന്നുമുള്ള കമ്പനികളെ ആകര്‍ഷിക്കാന്‍ സ്ഥലമൊരുക്കി ഇന്ത്യ; കാത്തിരിക്കുന്നത് ലക്സംബര്‍ഗിന്റെ ഇരട്ടി സ്ഥലം!

ചൈനയോടു വിട പറയാനൊരുങ്ങുന്ന വന്‍ ബിസിനസ് സംരംഭകര്‍ക്ക് ഇന്ത്യയില്‍ ഫാക്ടറി സ്ഥാപിക്കുന്നതിനായി ചൂണ്ടിക്കാണിച്ചുകൊടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നത് വിവിധ സംസ്ഥാനങ്ങളിലായി  461,589 ഹെക്ടര്‍ വിസ്തീര്‍ണ്ണം വരുന്ന സ്ഥലങ്ങള്‍. യൂറോപ്പിലെ ലക്സംബര്‍ഗ് രാജ്യത്തിന്റെ ഇരട്ടി വരുമിത്.

ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലുള്ള 115,131 ഹെക്ടര്‍ വ്യാവസായിക ഭൂമിക്കു പുറമേ മറ്റു ചില സംസ്ഥാനങ്ങളിലും വന്‍ വ്യവസായ സംരംഭകരെ ആകര്‍ഷിക്കാന്‍ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെ ഏറ്റവും വലിയ പ്രതിബന്ധം ഭൂമിയാണെന്ന പരാതി മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സൗദി അരാംകോ മുതല്‍ പോസ്‌കോ വരെയുള്ള കമ്പനികള്‍ ഇന്ത്യയിലെ സംരംഭങ്ങള്‍ക്കു ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസത്തില്‍ നിരാശരാണ്.

കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ സപ്ലൈ ചെയിന്‍ തകരാറിനെത്തുടര്‍ന്ന് ഒരു ഉല്‍പാദന അടിത്തറയായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ നിക്ഷേപകര്‍ ശ്രമിക്കുമ്പോള്‍ അത് പരമാവധി മുതലാക്കാന്‍ മോദി ഭരണകൂടം സംസ്ഥാന സര്‍ക്കാരുകളുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് ലക്സംബര്‍ഗ് രാജ്യത്തിന്റെ ഇരട്ടി വിസ്തൃതി വരുന്ന സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാന്‍ കഴിയുന്നതെന്ന് ഉന്നത വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള വിശദമായ പദ്ധതി ഈ മാസം അവസാനത്തോടെ അന്തിമമാകുമെന്ന് അവര്‍ പറഞ്ഞു. ഇതിനകം തന്നെ ശക്തമായ അടിസ്ഥാന സൗകര്യങ്ങളുള്ള പ്രത്യേക സാമ്പത്തിക മേഖലകളില്‍ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ലഭ്യമാക്കുന്നതും പരിശോധിക്കുന്നുണ്ട്.

നിലവില്‍, ഇന്ത്യയില്‍ ഒരു ഫാക്ടറി സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള നിക്ഷേപകര്‍ സ്വന്തമായി ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.  ചെറിയ പ്ലോട്ട് ഉടമകളുമായി വിലപേശി ഏറ്റെടുക്കല്‍ നടത്തേണ്ടിവരുന്ന ഈ പ്രക്രിയ മൂലം പദ്ധതികള്‍ അനിശ്ചിതമായി വൈകുന്നതു പതിവാണ്. അപ്രതീക്ഷിത നഷ്ടം സംഭവിച്ച് സംരംഭകര്‍ ഇതുമൂലം പിന്മാറുന്നു. വൈറസ് ബാധിക്കുന്നതിനു മുമ്പുതന്നെ മന്ദഗതിയിലായിരുന്ന സമ്പദ്വ്യവസ്ഥയിലേക്ക് പുതിയ നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായകമായ സാഹചര്യം വന്നുചേരുമ്പോള്‍ നിയമക്കുരുക്കുകള്‍ക്കിടയില്ലതെ വൈദ്യുതി, വെള്ളം, റോഡ് സൗകര്യങ്ങളുള്ള ഭൂമി നല്‍കുന്നത് വലിയ ഗുണമുണ്ടാക്കുമെന്നാണു സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

നവീന സംരംഭങ്ങള്‍ക്കു വഴി തുറക്കാന്‍ ഇലക്ട്രിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഇലക്ട്രോണിക്സ്, ഹെവി എഞ്ചിനീയറിംഗ്, സൗരോര്‍ജ്ജ ഉപകരണങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, രാസവസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിങ്ങനെ 10 മേഖലകള്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്തിട്ടുണ്ട്. ഇതിനു താല്‍പ്പര്യമുള്ള കമ്പനികളെ തിരിച്ചറിയുന്നതിന് വിദേശത്തെ എംബസികളോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ സംരംഭമാരംഭിക്കാന്‍ ജപ്പാന്‍, യു.എസ്, ദക്ഷിണ കൊറിയ എന്നിവയ്ക്കു പുറമേ ചൈനയില്‍ നിന്നുമുള്ള അന്വേഷണങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ നിക്ഷേപ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയ്ക്ക് ലഭിച്ചതായി സൂചനയുണ്ട്.

വിദേശ നിക്ഷേപം കൊണ്ടുവരുന്നതിനായി സ്വന്തം പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാനങ്ങളെ കേന്ദ്രം പ്രത്യേകമായി പ്രേരിപ്പിച്ചുവരുന്നു. ഉത്തര്‍ പ്രദേശ്  എല്ലാ വ്യാവസായിക, വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ഭൂമി അനുവദിക്കുന്നതിനുള്ള ഓണ്‍ലൈന്‍ സംവിധാനം വികസിപ്പിച്ചെടുത്തുവരികയാണ്. പ്രതിരോധം, എയ്‌റോസ്‌പേസ് തുടങ്ങിയ മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായി ആഗോള കമ്പനികളുമായുള്ള ചര്‍ച്ചാ പരമ്പരയും ഉത്തര്‍ പ്രദേശ് തുടരുന്നുണ്ട്.

ജപ്പാന്‍, യുഎസ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി കമ്പനികളുമായി ആന്ധ്രാപ്രദേശ് ബന്ധപ്പെട്ടിരുന്നു. നിയമാധിഷ്ഠിത ക്ലിയറന്‍സുള്ള തീരപ്രദേശത്തിന്റെയും റെഡിമെയ്ഡ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളുടെയും ഗുണം ഞങ്ങള്‍ക്ക് ഉണ്ട് -സംസ്ഥാന റവന്യൂ വകുപ്പിന്റെ പ്രത്യേക ചീഫ് സെക്രട്ടറി രജത് ഭാര്‍ഗവ പറഞ്ഞു. ഐടി, ഭക്ഷ്യ സംസ്‌കരണം, രാസവസ്തുക്കള്‍ തുടങ്ങിയ ചില മേഖലകളില്‍ ആന്ധ്രാപ്രദേശ്  ശ്രദ്ധ കേന്ദ്രീകരിക്കുന്നു. നിക്ഷേപകരുമായി വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

Related Articles

© 2024 Financial Views. All Rights Reserved