ടി ലതയുടെ രാജിക്ക് പിന്നില്‍ നീരവ് മോദിയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം;രാജിക്ക് പിന്നില്‍ ദുരൂഹതകള്‍ ഏറെ

November 02, 2019 |
|
Banking

                  ടി ലതയുടെ രാജിക്ക് പിന്നില്‍ നീരവ് മോദിയുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം;രാജിക്ക് പിന്നില്‍ ദുരൂഹതകള്‍ ഏറെ

ന്യൂഡല്‍ഹി: ധനലക്ഷ്മി ബാങ്കിന്റെ  ചീഫ് ഐക്സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ ടി ലത രാജിവെച്ചതിന് പിന്നിലെന്താണ് കാരണം. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജിയെന്ന വാര്‍ത്തകള്‍ പുറത്തുവരുമ്പോഴും അതിന് പിന്നില്‍ ചില ദുരൂഹതകള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. നീരവ് മോദിയുമായി ബന്ധപ്പെട്ടുള്ള കുംഭകോണവുമായി ബന്ധപ്പെട്ട കേസുകളാണിതിന് കാരണം. പഞ്ചാബ് നാഷണല്‍ ബാങ്ക് ജനറല്‍ മാനേജര്‍ ആയിരിക്കവെ അവരുടെ പേരിലുണ്ടായ വിജിലന്‍സ് അന്വേഷണവും കുറ്റപത്രവുമാണ് രാജിക്ക് പിന്നിലെന്നാണ് വിവരങ്ങള്‍. 

പിഎന്‍ബി ബാങ്കില്‍ നടന്ന ഭീമമായ തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകള്‍ നിലനില്‍ക്കവെ ധനലക്്ഷ്മി ബാങ്കിലേക്ക് ടി ലതയെ ഉന്നത പദവിയിലേക്കെത്തിച്ചതിനതിരെ റിസര്‍വ്വ് ബാങ്കിന് പരാതി ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളടക്കം ഈ വാര്‍ത്ത മൂടിവെച്ചിട്ടുണ്ട്. നിലവില്‍ ടി ലത രാജിവെച്ചതിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണെന്നാണ് കഴിഞ്ഞ ദിവസങ്ങളില്‍ വന്ന വാര്‍ത്തകള്‍. മൂന്ന് വര്‍ഷത്തേക്കായിരുന്നു ധനലക്ഷ്മി ബാങ്കിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായും മാനേജിങ് ഡയറക്ടറുമായി ടി ലതയുടെ നിയമനം നടന്നത്. 

പിഎന്‍ബി ബാങ്കില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കി നീരവ് മോദി 110000 കോടി രൂപയോളം തട്ടിയെടുത്ത കേസിലും, അന്വേഷണത്തിന്റെ ഫലമായി ലതയ്‌ക്കെതിരെ വിജിലന്‍സ് കുറ്റപത്രം തയ്യാറാക്കിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ലതയ്‌ക്കെതിരെ വലിയ ആരോപണങ്ങളാണ് ഉണ്ടായിരിക്കുന്നത്.  വിരമിക്കലിന് ശേഷവും ലതയ്‌ക്കെതിരെ നടപികള്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.  എന്നാല്‍ ചില കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി കണ്ടെത്തി അച്ചടക്ക അതോറിറ്റി  2019 ജൂണ്‍ 29 ന് റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ ഭാഗമായി ശമ്പള സ്‌കെയില്‍ കുറവ് വരുത്തിയിരുന്നു. 

നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ ബാങ്കിനെ കരകയറ്റുന്നതില്‍ ടി ലത വഹിച്ച പങ്ക് വലുതാണ്. ബാങ്കിന്റെ നഷ്ടം നികത്തുന്നതിന് ടി ലത 15 മാസക്കാലമാണ് ചുമതല വഹിച്ചത്. നടത്തിപ്പിന്റെ പോരായ്മകള്‍ മൂലം റിസര്‍വ്വ് ബാങ്കിന്റെ തിരുത്തല്‍ നടപടിക്ക് വിധേയമായിരുന്ന ബാങ്കിനെ ശക്തിപ്പെടുത്താനുള്ള നടപടികള്‍ തുടര്‍ന്നതും മോചിപ്പിച്ചതും ടി. ലതയാണ്. 

അതേസമയം 2019-2020 സാമ്പത്തിക വര്‍ഷത്തിലവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കിന് റെക്കോര്‍ഡ് നേട്ടം കൊയ്യാന്‍ സാധിച്ചതും ടി ലതയുടെ പ്രവര്‍ത്തനം മൂലമാണ്. എന്നാല്‍ ടി.ലത രാജിവെച്ച കാരണങ്ങളൊന്നും ഇനിയും വ്യക്തമല്ല. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് ലത രാജിവെച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം ബാങ്ക് ബോര്‍ഡുമായുളള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിയുടെ കാരണമെന്നാണ് ചിലയിടങ്ങളില്‍ നിന്ന് വരുന്ന ആരോപണം. രാജി അറിയിച്ചുകൊണ്ടുള്ള ബോര്‍ഡിന്റെ  തീരുമാനം ആര്‍ബിഐയെ അറിയച്ചതയാണ് വിവരം. ബാങ്ക് അധികൃതര്‍ക്കിടയില്‍ ബാങ്കിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ശക്തമായ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന ആരോപണവും ശക്തമാണ്.

ടി ലത ധനലക്ഷ്മി ബാങ്കിന്റെ ചുമതലയേറ്റെടുത്തതിന് ശേഷം നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ ബാങ്കിന് റെക്കോര്‍ഡ് നേട്ടമാണ് കൈവരിക്കാന്‍ സാധിച്ചത്. ധനലക്ഷ്മി ബാങ്കിന്റെ അറ്റലാഭം 81.6 ശതമാനം ഉയര്‍ന്ന് 22.1 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷം ബാങ്കിന്റെ അറ്റലാഭത്തില്‍ 12.1 കോടി രൂപയായിരുന്നു രേഖപ്പെടുത്തിയത്. 

ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തിലും മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ബാങ്കിന്റെ അറ്റപലിശയിനത്തിലുള്ള വരുമാനത്തില്‍ 15.1 ശതമാനം ഉയര്‍ന്ന് 100.6 കോടി രൂപയായിരുന്നു. നടപ്പുവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ വായ്പാ വളര്‍ച്ചയില്‍ 7.2 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച ബാങ്കിന്റെ അറ്റകിട്ടാക്കടത്തില്‍ 1.65 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 

Related Articles

© 2024 Financial Views. All Rights Reserved