ധനമന്ത്രി നടത്തുന്ന വ്യാവസായിക ചര്‍ച്ചകള്‍ ഇന്ത്യന്‍ വിപണിയ്ക്ക് എത്രത്തോളം ഉണര്‍വേകും? രാജ്യത്തിനകത്തും പുറത്തും നേരിടുന്ന മുഖ്യ പ്രതിസന്ധികളെ ഒന്നു കൂടി പരിശോധിക്കാം; സര്‍ക്കാര്‍ ഇനി സ്വീകരിക്കുന്ന നടപടികള്‍ എന്താകും?

August 12, 2019 |
|
News

                  ധനമന്ത്രി നടത്തുന്ന വ്യാവസായിക ചര്‍ച്ചകള്‍ ഇന്ത്യന്‍ വിപണിയ്ക്ക് എത്രത്തോളം ഉണര്‍വേകും? രാജ്യത്തിനകത്തും പുറത്തും നേരിടുന്ന മുഖ്യ പ്രതിസന്ധികളെ ഒന്നു കൂടി പരിശോധിക്കാം; സര്‍ക്കാര്‍ ഇനി സ്വീകരിക്കുന്ന നടപടികള്‍ എന്താകും?

ഡല്‍ഹി: ആഗോളതലത്തില്‍ നേരിടുന്ന പ്രതിസന്ധി മുതല്‍ യുഎസ്-ചൈന വ്യാപാരയുദ്ധം വരെ സാമ്പത്തിക ഞെരുക്കത്തെ മൂര്‍ധന്യത്തിലെത്തിച്ചിരിക്കുന്ന വേളയില്‍ ഇന്ത്യയും ഏറെ വിഷമ ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. ആര്‍ബിഐ റീപ്പോ നിരക്ക് കുറച്ചതിന് പിന്നാലെയാണ് ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്റെ നേതൃത്വത്തിലുള്ള ചര്‍ച്ചകളും ഇപ്പോള്‍ രാജ്യത്തിന് ആശ്വാസകരമാകുന്നത്. ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്തത് മുതല്‍ കാലാവസ്ഥാ വ്യതിയാനവും വാഹന വിപണിയില്‍ അടക്കം നേരിടുന്ന പ്രതിസന്ധികളും രാജ്യത്തെ സാമ്പത്തിക മേഖലയെ സാരമായി തന്നെ ബാധിച്ചിരിക്കുകയാണ്.

ഈ വെല്ലുവിളികളെ ഇന്ത്യ നേരിടുന്ന വേളയില്‍ തന്നെയാണ് യുഎസ് ചൈന തര്‍ക്കം മുതല്‍ ബ്രെക്‌സിറ്റ് നയം മുതല്‍ ഇറാന്‍ അമേരിക്ക യുദ്ധ സന്നാഹങ്ങളും വരെ രാജ്യാന്തര തലത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്.  റീപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് താഴ്ത്തിയതിന് പിന്നാലെ സര്‍ക്കാര്‍ നിലവില്‍ നടത്തുന്ന വ്യവസായ സമ്പര്‍ക്ക പരിപാടികളും ഇപ്പോള്‍ രാജ്യത്തെ വിപണിയ്ക്ക് ആശ്വാസം പകരുന്നുണ്ട്. ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്  മുന്‍പില്‍ എല്ലാ സെക്ടറുകളും പൊതുവായി നല്‍കുന്നത് ഒരേയൊരു നിര്‍ദ്ദേശമാണ്.  'വിദേശ പോര്‍ട്ട്‌ഫോളിയോ സ്ഥാപനങ്ങളുടെ മേലുള്ള നികുതികളും വന്‍ പണക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ ബജറ്റ് സര്‍ചാര്‍ജുകളും ഒഴിവാക്കണം'.

 കഴിഞ്ഞ അന്‍പത്തിരണ്ട് ആഴ്ച്ചകളിലെ കണക്ക് നോക്കിയാല്‍ 600 ഓഹരികള്‍ താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു.  8686 കോടി രൂപയുടെ വില്‍പ്പനയാണ്  ഓഗസ്റ്റില്‍ മാത്രം വിദേശ ധനകാര്യ സ്ഥാപങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയിരിക്കുന്നത്.  സ്വദേശി ഫണ്ടുകള്‍ 8964 കോടി രൂപയുടെ അധിക നിക്ഷേപം ഇന്ത്യന്‍ വിപണിയില്‍ നടത്തുകയും ചെയ്തിരുന്നു.  ആര്‍ബിഐയുടെ വായ്പാനയം 'അക്കൊമൊഡേറ്റീവ്' ശൈലി സ്വീകരിച്ചത് വിപണിക്ക് ഗുണകരമാണ്. ബാങ്കിങ്, ഓട്ടോ, എന്‍ബിഎഫ്‌സി ഓഹരികള്‍ മുന്നേറ്റം നടത്തി.

2020 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാനിരക്ക് 7%ല്‍ നിന്നു 6.9%ലേക്ക് പുതുക്കി നിശ്ചയിച്ചു. സ്വര്‍ണ വിലയിലെ മാറ്റവും ഈ സമയത്ത് ശ്രദ്ധേയമായ ഒന്നാണ്. സ്വര്‍ണം ഔണ്‍സിന് (30ഗ്രാം) 1500 ഡോളര്‍ മാര്‍ക്ക് തൊട്ടിരിക്കുകയാണ്. 30 ദിവസം കൊണ്ട് 100 ഡോളറിന്റെ വ്യത്യാസമാണ് സ്വര്‍ണത്തിലുണ്ടായത്. 1403 ഡോളര്‍ നിരക്കില്‍ നിന്ന് വെള്ളിയാഴ്ച 1500 ഡോളറിലേക്ക് സ്വര്‍ണം കുതിച്ചു. ജനുവരി 1ന് 1284 ഡോളര്‍ നിരക്കിലായിരുന്നു സ്വര്‍ണവില. ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ പാളിയതാണ് സ്വര്‍ണ്ണത്തെ നിക്ഷേപകര്‍ക്ക് നേട്ടമായത്.

ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര പ്രശ്‌നങ്ങള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ലോക വിപണിയെ വട്ടം കറക്കുകയാണ്. കൂടിയ പ്രതികാര നികുതിയുമായി ഇരുപക്ഷവും വീണ്ടും കളം നിറയാനൊരുങ്ങുമ്പോള്‍ അമേരിക്ക - ചൈന വിപണിയുടെ ഇമേജ് ബാധിക്കുന്ന മറ്റ് വികസ്വര - ഏഷ്യന്‍ - യൂറോപ്യന്‍ വിപണികളും ആശങ്കയിലാണ്. 

ഡോളറുമായുള്ള താരതമ്യത്തില്‍ ഇന്ത്യന്‍ രൂപയ്ക്ക് വന്‍ ഇടിച്ചിലാണ്  സംഭവിച്ചിരിക്കുന്നത്. ഒരു ഡോളര്‍ 71 രൂപ എന്ന നിരക്കിലേക്ക് രൂപ വീണിരിക്കുന്നു. ഇന്ത്യന്‍ കയറ്റുമതി കുറയുകയും എണ്ണ, സ്വര്‍ണം ഇറക്കുമതിയിനത്തില്‍ കൂടുതല്‍ ഡോളര്‍ വാങ്ങേണ്ടിവരുന്നത് രൂപയ്ക്ക് ക്ഷീണവുമാണ് . ഡോളറിന് 74 രൂപ നിരക്കിലേക്ക് രൂപ വീണേക്കാം. ഈ കുത്തനെയുള്ള ഇടിവ് ആശങ്ക ഉയര്‍ത്തുന്നുണ്ട്. ഇന്ത്യന്‍ ടെക് ഓഹരികള്‍ക്കും കയറ്റുമതിക്കാര്‍ക്കും പ്രവാസി ഇന്ത്യക്കാര്‍ക്കും ഗുണകരമാണ്.

മാരുതിയുടെ എല്ലാ പ്ലാന്റുകളിലും ഒരു ഷിഫ്റ്റ് മാത്രമായി മാറുന്നത് ഇന്ത്യന്‍ വ്യാവസായിക 'വളര്‍ച്ച'യുടെ നേര്‍കാഴ്ചയാവുകയാണ്. ഡീലര്‍മാരുടെ പക്കലും പ്ലാന്റുകളിലും കെട്ടികിടക്കുന്ന വാഹന ശേഖരം വിറ്റഴിക്കുന്നതുവരെ ഉല്‍പാദന നിയന്ത്രണം തുടരുന്നതു തന്നെയാണ് കമ്പനികളുടെ അക്കൗണ്ട് ക്ലീയരാകുന്നതിന് നല്ലത്. എന്നാലിത് ദീര്‍ഘ കാലത്തേക്ക് തുടര്‍ന്നാല്‍ തൊഴില്‍ നഷ്ടവും ആഭ്യന്തര ഉത്പാദന ശോഷണവും പ്രതീക്ഷിക്കാം. 

ഓഹരി വിപണികളും, വികസ്വര രാഷ്ട്ര നാണയങ്ങളും പൊതുവില്‍ ക്ഷീണിക്കുന്ന രാഷ്ട്രീയ സാമ്പത്തിക അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. വാണിജ്യ യുദ്ധ ഭീക്ഷണി ലോകക്രമം നിയന്ത്രിക്കുന്ന വന്‍ ശക്തികള്‍ തമ്മിലാണെങ്കില്‍ യുദ്ധ ഭീക്ഷണികള്‍ സജീവമായിരിക്കുന്നത് ലോകസാമ്പത്തിക ക്രമത്തിന്റെ പിന്‍പോയിന്റുകളിലാണ്. ബ്രെക്‌സിറ് നടപടികള്‍ വീണ്ടും വാര്‍ത്തയിലിടം പിടിക്കുന്നതോടെ യൂറോപ്യന്‍ ക്രമങ്ങളും  തെറ്റിത്തുടങ്ങുന്നത് ഓഹരി വിപണികള്‍ക്കു വീണ്ടും ക്ഷീണമാകും.

ബജറ്റിലെ വിപണി വിപരീത നികുതി നിര്‍ദ്ദേശങ്ങള്‍ പിന്‍വലിച്ചേക്കും അല്ലെങ്കില്‍  പരിഷ്‌കരിക്കപ്പെടും എന്ന ചിന്ത ധനകാര്യ മന്ത്രിയുടെ വ്യാവസായിക സമ്പര്‍ക്ക പരിപാടികളോടെ വിപണിയില്‍ ശക്തമാണ്. വെള്ളിയാഴ്ച ശ്രീമതി നിര്‍മല സീതാരാമന്‍ എഫ്പിഐകളുടെയും ഇന്ത്യന്‍ മ്യൂച്ചല്‍ ഫണ്ടുകളുടെയും മേധാവികളുമായി സംവദിച്ചതും എഫ്പിഐകളുടെ മേലുള്ള ബജറ്റ് സര്‍ചാര്‍ജ് പുനപരിശോധിക്കുമെന്നും, സാമ്പത്തിക ശോഷണം ചെറുക്കാനുള്ള പരിപാടികളുമായി മുന്നോട്ട് പോകുമെന്നും പ്രഖ്യാപിച്ചത്  വിപണിക്ക് ഉണര്‍വായി.

മുഖ്യമായും ട്രസ്റ്റുകളായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരെ സര്‍ചാര്‍ജ് വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഉത്തരവിറക്കാനാണ് സര്‍ക്കാര്‍ ആലോചന. എക്‌സിക്യൂട്ടീവ് ഉത്തരവ് പിന്നീട് പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് കോടി രൂപയില്‍ കൂടുതല്‍ (283,045 ഡോളര്‍) വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് വ്യക്തിഗത ആദായനികുതി വര്‍ദ്ധിപ്പിച്ചതാണ് വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുടെ പ്രതിഷേധത്തിനിടയാക്കിയത്.

ഈ മാസത്തെ ആദ്യ രണ്ട് സെഷനുകളില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 2,881 കോടി രൂപ. ആഗോളതലത്തില്‍ ഉയരുന്ന പ്രതിസന്ധികളും ആഭ്യന്തര സമ്മര്‍ദ്ദങ്ങളുമാണ് പ്രധാനമായും ഇന്ത്യന്‍ മൂലധന വിപണിക്ക് വെല്ലുവിളിയാകുന്നത്. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ നിന്നും 2,632.58 കോടി രൂപയാണ് പിന്‍വലിച്ചത്. 

ഡെബ്റ്റ് വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 248.52 കോടി രൂപയും. ആകെ ആഗസ്റ്റ് ഒന്നും രണ്ടിനുമായി പിന്‍വലിച്ചത് 2,881.10 കോടി രൂപയാണ്. ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്നും ജൂലൈ ഒന്ന് മുതല്‍ 31 വരെ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ പിന്‍വലിച്ചത് 2,985.88 കോടി രൂപയാണ്. വിദേശ നിക്ഷേപകരുടെ മൂലധന വിപണിയില്‍ നിന്നുളള പിന്‍മാറ്റം വലിയ സമ്മര്‍ദ്ദം വരും ദിവസങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയില്‍ സൃഷ്ടിക്കുമെന്നുറപ്പാണ്. 

Related Articles

© 2024 Financial Views. All Rights Reserved