പാചകവാതക വില വര്‍ധിച്ചു; ഉയര്‍ന്ന വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

June 01, 2020 |
|
News

                  പാചകവാതക വില വര്‍ധിച്ചു; ഉയര്‍ന്ന വില ഇന്നു മുതല്‍ പ്രാബല്യത്തില്‍

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തതോടെ ജൂണിലെ ആഭ്യന്തര പാചകവാതക വില ഉയര്‍ന്നു. ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഡല്‍ഹിയിലെ സബ്‌സിഡിയില്ലാത്ത ഇന്‍ഡെയ്ന്‍ എല്‍പിജി സിലിണ്ടറിന്റെ വില 11.50 രൂപ വര്‍ദ്ധിപ്പിച്ചു. ഇന്ധന ചില്ലറ വ്യാപാരികള്‍ എല്ലാ മാസവും ആദ്യ ദിവസം തന്നെ എല്‍പിജി സിലിണ്ടറുകളുടെ വില പരിഷ്‌കരിക്കും.

പാചകവാതക വില പ്രാഥമികമായി എല്‍പിജിയുടെ അന്താരാഷ്ട്ര ബെഞ്ച്മാര്‍ക്ക് നിരക്കിനെയും യുഎസ് ഡോളറിന്റെയും രൂപയുടെയും വിനിമയ നിരക്കിനെയും ആശ്രയിച്ചിരിക്കുന്നു. 2020 ജൂണ്‍ മാസത്തില്‍ എല്‍പിജിയുടെ അന്താരാഷ്ട്ര വിലയില്‍ വര്‍ധനയുണ്ടായി. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടായ വര്‍ദ്ധനവ് കാരണം, ഡല്‍ഹി വിപണിയിലെ എല്‍പിജിയുടെ ആര്‍എസ്പി (റീട്ടെയില്‍ വില്‍പ്പന വില) സിലിണ്ടറിന് 11.50 രൂപ വര്‍ദ്ധിപ്പിക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ റിഫൈനറായ ഐഒസി ഞായറാഴ്ച രാത്രി പ്രസ്താവനയില്‍ പറഞ്ഞു.

പെട്രോളിയം ഉല്‍പന്നങ്ങളുടെ ആവശ്യം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിരക്ക് വര്‍ദ്ധനവ്. ഗതാഗത ഇന്ധനങ്ങളുടെ ആവശ്യം കുറച്ചതിനാല്‍ റിഫൈനറുകള്‍ ഉല്‍പാദനം കുറച്ചിരുന്നുവെങ്കിലും ആഭ്യന്തര പാചക വാതകത്തിന്റെ ആവശ്യം വര്‍ദ്ധിച്ചിരുന്നു. 2020 മെയ് മാസത്തില്‍ ഡല്‍ഹി വിപണിയില്‍ എല്‍പിജിയുടെ റീട്ടെയില്‍ വില്‍പ്പന വില 744 രൂപയില്‍ സിലിണ്ടറിന് 581.50 രൂപയായി കുറച്ചിരുന്നു. അന്താരാഷ്ട്ര വിലയിലുണ്ടായ ഇടിവിന് അനുസൃതമായാണ് വില കുറച്ചത്.

പാചകവാതക വില വര്‍ദ്ധനവ് പ്രധാനമന്ത്രി ഉജ്വല (പിഎംയുവൈ) ഗുണഭോക്താക്കളെ ബാധിക്കില്ല, കാരണം അവ പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ യോജനയില്‍ ഉള്‍പ്പെടുന്നു. ജൂണ്‍ 30 വരെ സൌജന്യ സിലിണ്ടറിനും അര്‍ഹതയുണ്ട്. ഇന്ത്യയുടെ കൊറോണ വൈറസ് ദുരിതാശ്വാസ പാക്കേജിന്റെ ഭാഗമായി, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 83 ദശലക്ഷം കുടുംബങ്ങള്‍ക്ക് ഉജ്വല പദ്ധതി പ്രകാരം മൂന്ന് മാസത്തേക്ക് സൌജന്യ പാചകവാതക സിലിണ്ടറുകള്‍ നല്‍കും.

കൊറോണ വൈറസ് ലോക്ക്ഡൗണുകളെ തുടര്‍ന്ന് ലോകത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും ഇന്ധനങ്ങളുടെ ആവശ്യം കുത്തനെ കുറഞ്ഞു. ഇതോടെ വിലകളും കനത്ത ഇടിവ് രേഖപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ വിലകള്‍ വീണ്ടെടുത്ത് തുടങ്ങി. ഏപ്രിലിനുശേഷം ക്രൂഡ് ഓയില്‍ വില വീണ്ടും ഉയര്‍ന്നു. ഏപ്രിലില്‍ ആഗോള എണ്ണ വിപണികള്‍ തകര്‍ന്നടിഞ്ഞിരുന്നെങ്കിലും മെയ് മാസത്തില്‍ വീണ്ടും വില ഉയര്‍ന്നു. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 37.84 ഡോളറാണ്. വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) വിലയും ഉയര്‍ന്ന് ബാരലിന് 35.32 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ലോകത്തിലെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് ഇന്ത്യ. എണ്ണ വിലയിലെ ഓരോ ഡോളര്‍ ഇടിവും ഇറക്കുമതി ബില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 10,700 കോടി രൂപ കുറയ്ക്കുന്നു. 2018-19 ല്‍ ഇന്ത്യ 111.9 ബില്യണ്‍ ഡോളര്‍ എണ്ണ ഇറക്കുമതിക്കായി ചെലവഴിച്ചു.

Related Articles

© 2024 Financial Views. All Rights Reserved