ട്രെയിനിന് പിന്നാലെ ഫ്‌ളൈറ്റും ഉടന്‍ രംഗത്ത്; ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 18 നകം പുനരാരംഭിക്കാന്‍ നീക്കം

May 12, 2020 |
|
News

                  ട്രെയിനിന് പിന്നാലെ ഫ്‌ളൈറ്റും ഉടന്‍ രംഗത്ത്; ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 18 നകം പുനരാരംഭിക്കാന്‍ നീക്കം

ന്യൂഡല്‍ഹി: ആഭ്യന്തര വിമാന സര്‍വീസുകള്‍ മെയ് 18 നകം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ കമ്പനികളെ അനുവദിക്കുമെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ചയോടെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് വ്യോമയാന മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായാണ് വിവരം. തുടര്‍ച്ചയായി മൂന്ന് ഘട്ടങ്ങളായി നടപ്പാക്കിയ ദേശീയ ലോക്ക്ഡൗണിന്റെ ഭാഗമായി സര്‍ക്കാര്‍ എല്ലാ ട്രെയിനുകളും എയര്‍ലൈനുകളും റദ്ദാക്കിയിരുന്നു.

മെയ് 3 ന് അവസാനിച്ച 40 ദിവസത്തെ ലോക്ക്ഡൗണിനുശേഷം, ചില ഇളവുകളോടെ സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. മെയ് 12 മുതല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് വിമാനങ്ങളുടെയും സര്‍വ്വീസ് പുനരാരംഭിക്കാനുള്ള നീക്കം.

പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞാല്‍ പുനരാരംഭിക്കാന്‍ കുറച്ച് സമയമെടുക്കുമെന്നും, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ സ്വകാര്യ വിമാനത്താവളങ്ങള്‍ ഒഴികെ രാജ്യത്തെ എയര്‍പോര്‍ട്ടുകളില്‍ ഭൂരിഭാഗവും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കുമെന്ന വാര്‍ത്ത പുറത്തു വന്ന ഉടന്‍ തന്നെ എയര്‍ലൈന്‍ കമ്പനികളുടെ ഓഹരികള്‍ ഇന്നലെ കുതിച്ചുയര്‍ന്നു. ബിഎസ്ഇയില്‍ സ്പൈസ് ജെറ്റ് ഓഹരികള്‍ 5 ശതമാനം ഉയര്‍ന്ന് 40.80 രൂപയിലെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ പിന്നിലുള്ള കമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ 4.2 ശതമാനം ഉയര്‍ന്ന് 968 രൂപയായി.

ലോകത്തിലെ തന്നെ ഏറ്റവും കര്‍ശനമായ ലോക്ക്ഡൗണ്‍ നടപ്പാക്കിയ ഇന്ത്യയില്‍ സമ്പദ്വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകാന്‍ ട്രെയിന്‍, ഫ്‌ലൈറ്റ് സേവനങ്ങള്‍ പുനരാരംഭിക്കുന്നത് നിര്‍ണായകമാണ്. ട്രാവല്‍ ഓപ്പറേറ്റര്‍മാരും എയര്‍ലൈന്‍ കമ്പനികളും ഉള്‍പ്പെടെ വിവിധ പങ്കാളികള്‍ വിമാനങ്ങള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിനായി കാത്തിരിക്കുകയാണ്.

സുരക്ഷ, ആരോഗ്യ പ്രശ്‌നങ്ങള്‍ രൂക്ഷമാകുമെന്നതിനാല്‍ അന്താരാഷ്ട്ര ഫ്‌ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാനുള്ള അനുമതിയ്ക്ക് കൂടുതല്‍ സമയമെടുക്കുമെന്നാണ് വിവരം. കൊവിഡ് -19 നെ നേരിടുന്നതില്‍ ലോകത്തെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രോഗം ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണത്തില്‍ ഇന്ത്യ വളരെ പിന്നിലാണ്.

ആഭ്യന്തര വിമാനങ്ങള്‍ പുനരാരംഭിക്കുന്നത് നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത പണം എയര്‍ലൈന്‍സിന്റെയോ ട്രാവല്‍ ഏജന്റിന്റെയോ പക്കല്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് ആശ്വാസം നല്‍കും. പല വിമാനക്കമ്പനികളും, യാത്രക്കാര്‍ക്ക് പണം മടക്കിനല്‍കുന്നതിനുപകരം, ഒരു വര്‍ഷത്തില്‍ ഏത് സമയത്തും യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന അതേ തുകയുടെ ഒരു 'ക്രെഡിറ്റ് ഷെല്‍' നല്‍കിയിരിക്കുകയാണ്. ഇക്കാരണത്താല്‍ വീണ്ടും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ പോലും പണം നഷ്ടമാകാതിരിക്കാന്‍ പലരും വിമാനയാത്രയ്ക്ക് നിര്‍ബന്ധിതരാകുന്ന സ്ഥിതിയാണ്.

Related Articles

© 2024 Financial Views. All Rights Reserved