ചൈനയുടെ തലയ്ക്കടിച്ച് ട്രംപ്; ഷാങ്ഹായ് ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം നികുതി ചുമത്തി യുഎസ്; വ്യാപാരയുദ്ധം കടുപ്പത്തിലേക്ക്

August 02, 2019 |
|
News

                  ചൈനയുടെ തലയ്ക്കടിച്ച് ട്രംപ്; ഷാങ്ഹായ് ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെ ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം നികുതി ചുമത്തി യുഎസ്; വ്യാപാരയുദ്ധം കടുപ്പത്തിലേക്ക്

യുഎസ്-ചൈനീസ് വ്യാപാര യുദ്ധം ശക്തമായതിന് പിന്നാലെയാണ് ചൈനയുടെ ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക വീണ്ടും നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം നികുതി ഈടാക്കുകയാണെന്നാണ് ട്രംപ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.  ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധം തീര്‍പ്പാക്കുന്നതിനായി നടന്ന ഷാങ്ഹായ് ചര്‍ച്ച തീരുമാനമാകാതെ അവസാനിച്ചതിന് പിന്നാലെയാണ് യുഎസിന്റെ നടപടി. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്. 

സെപ്തംബര്‍ ഒന്ന് മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുക. സ്മാര്‍ട്ട് ഫോണ്‍ മുതല്‍ വസ്ത്രങ്ങള്‍ വരെയുള്ള സാധനകള്‍ക്കാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. വ്യാപാരയുദ്ധം അവസാനിപ്പിക്കുന്നതിന് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ ചൈന പാലിക്കുന്നില്ലെന്നും ട്രംപ് വിമര്‍ശിച്ചു. എന്നാല്‍ അടുത്ത ഘട്ട ചര്‍ച്ച സെപ്റ്റംബറില്‍ യുഎസില്‍ വെച്ച് നടക്കുമെന്നാണ് സൂചന. 

ചൈനീസ് വൈസ് പ്രസിഡന്റ് ലിയു ഹിയും അമേരിക്കന്‍ വ്യാപാര മേഖലയുടെ തലവന്‍ റോബര്‍ട്ട് ലിഗിഷെര്‍, ട്രഷറി സെക്രട്ടറി സ്റ്റീവന്‍ മ്യൂനിച്ച് എന്നിവരാണ് ആദ്യഘട്ട ചര്‍ച്ചയില്‍ പങ്കെടുത്തത്. ഇരു രാഷ്ട്രങ്ങളും ചുമത്തിയ നികുതി നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമായില്ല. എന്നാല്‍ അമേരിക്കയുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വാങ്ങുന്നത് ചൈന വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്ത് കൊടുക്കുമെന്ന് അമേരിക്കയും വ്യക്തമാക്കിയിരുന്നു. 

ചൈനയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്ക് അനുസൃതമായ കാര്‍ഷിക ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്യുക. ഒസാക്കയില്‍ നടന്ന ജി-20 ഉച്ചകോടിയില്‍ ഇരു രാഷ്ട്ര തലവന്‍മാരും സമവായ ചര്‍ച്ചയില്‍ ഊന്നിക്കൊണ്ടുള്ള ചര്‍ച്ചയാണ് നടന്നത്. ഒരു വര്‍ഷത്തിലധികം നീണ്ടു നില്‍ക്കുന്ന വ്യാപാരയുദ്ധം അവസാനിക്കാതെ തുടര്‍ന്ന് കൊണ്ടിരിക്കും എന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ചൈനീസ് ടെലികോം ഭീമന്‍മാരായ വാവെയ്ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നിരോധനം നീക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നില്ല.

Related Articles

© 2024 Financial Views. All Rights Reserved