പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയായി ട്രംപി​ന്റെ നീക്കം; പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നത് താൽക്കാലികമായി നിർത്തി വച്ചു

April 22, 2020 |
|
News

                  പ്രവാസികൾക്ക് വീണ്ടും തിരിച്ചടിയായി ട്രംപി​ന്റെ നീക്കം; പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കുന്നത് താൽക്കാലികമായി നിർത്തി വച്ചു

അമേരിക്കയിലേക്കുള്ള കുടിയേറ്റം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള എക്‌സിക്യൂട്ടിവ് ഉത്തരവിന്റെ ഭാഗമായി അടുത്ത 60 ദിവസത്തേക്ക് പുതിയ ഗ്രീന്‍ കാര്‍ഡുകള്‍ അല്ലെങ്കില്‍ നിയമപരമായ സ്ഥിര താമസസ്ഥലം നല്‍കുന്നത് നിര്‍ത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എന്നിരുന്നാലും, ഈ നീക്കം താല്‍ക്കാലിക അടിസ്ഥാനത്തില്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നവരെ ബാധിക്കുന്നില്ലെന്ന് ട്രംപ് കൂട്ടിച്ചേര്‍ത്തു. പ്രധാനമായും വിദേശ സാങ്കേതിക വിദഗ്ധര്‍ക്ക് നല്‍കുന്ന എച്ച്-1 ബി പോലുള്ള കുടിയേറ്റേതര വിസയിലുള്ള ഈ തീരുമാനം ബാധിക്കില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കാര്‍ഷിക ആവശ്യങ്ങള്‍ക്കായെത്തുന്ന സീസണല്‍ കുടിയേറ്റ തൊഴിലാളികളെയും ഇത് ബാധിക്കില്ല. എന്തായാലും, ബുധനാഴ്ച ട്രംപ് ഒപ്പിടാനിരിക്കുന്ന എക്‌സിക്യൂട്ടിവ് ഉത്തരവ്, ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ കാത്തിരിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യന്‍ അമേരിക്കക്കാര്‍ക്കാവും തിരിച്ചടിയാവുക. ഇത് പ്രക്രിയയെ കൂടുതല്‍ വൈകിപ്പിക്കുമെന്ന ആശങ്ക പലരും പങ്കുവച്ചു. 'ഞങ്ങള്‍ക്ക് ആദ്യം അമേരിക്കന്‍ ജീവനക്കാരെ പരിപാലിക്കേണ്ടതുണ്ട്. താല്‍ക്കാലികമായ ഈ നിര്‍ത്തിവെക്കല്‍ 60 ദിവസത്തേക്കാവും പ്രാബല്യത്തില്‍ വരിക.

അതിനുശേഷം, ഏതെങ്കിലും വിപുലീകരണത്തിന്റെയോ പരിഷ്‌കരണത്തിന്റെയോ ആവശ്യകതയുണ്ടെങ്കില്‍ സാമ്പത്തിക സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഞങ്ങള്‍ വിലയിരുത്തും', കൊവിഡ് 19 -നെ കുറിച്ചുള്ള തന്റെ ദൈനംദിന വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കൊവിഡ് 19 പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 22 ദശലക്ഷത്തിലധികം അമേരിക്കന്‍ ജീവനക്കാരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചത്. പ്രതിസന്ധിയുടെ ആഘാതം ഇതില്‍ നിന്നു തന്നെ വ്യക്തമാണ്.

യുഎസ് സമ്പദ് വ്യവസ്ഥ തകര്‍ച്ചയിലായതിനാല്‍, വരും ആഴ്ചകളില്‍ ദശലക്ഷക്കണക്കിന് ആളുകള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.കോണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടനുസരിച്ച്. നിലവില്‍ നിയമപരമായി ഒരു ദശലക്ഷം വിദേശ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും ഗ്രീന്‍ കാര്‍ഡ് സ്വീകരിക്കാന്‍ കാത്തിരിക്കുന്നു. 2030 സാമ്പത്തിക വര്‍ഷത്തോടെ ഈ തൊഴില്‍ അധിഷ്ഠിത ബാക്ക്‌ലോഗ് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിആര്‍എസ് കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള നിയമമനുസരിച്ച്, അമേരിക്കയ്ക്ക് പ്രതിവര്‍ഷം പരമാവധി 1,40,000 തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡുകള്‍ നല്‍കാന്‍ സാധിക്കും, ഓരോ രാജ്യത്തിനും ഏഴ് ശതമാനം വീതം. ഇതനുസരിച്ച്, 2019 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് 9,008 കാറ്റഗറി 1(ഇബി 1), 2,908 കാറ്റഗറി 2(ഇബി 2), 5,083 കാറ്റഗറി 3(ഇബി 3) ഗ്രീന്‍ കാര്‍ഡുകള്‍ ലഭിച്ചു. തൊഴില്‍ അടിസ്ഥാനമാക്കിയുള്ള ഗ്രീന്‍ കാര്‍ഡുകളുടെ വിവിധ വിഭാഗങ്ങളാണ് ഇബി 1, 2, 3 എന്നിവ.

Related Articles

© 2024 Financial Views. All Rights Reserved