തിങ്കളാഴ്ച മുതൽ എമിറേറ്റ്സ് സേവനം പുനരാരംഭിക്കുന്നു; വെബ്‍സൈറ്റ് വഴി ബുക്കിങ് തുടങ്ങി

April 03, 2020 |
|
News

                  തിങ്കളാഴ്ച മുതൽ എമിറേറ്റ്സ് സേവനം പുനരാരംഭിക്കുന്നു; വെബ്‍സൈറ്റ് വഴി ബുക്കിങ് തുടങ്ങി

ദുബായ്: സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കാന്‍ അനുമതി കിട്ടിയതിന് പിന്നാലെ തിങ്കളാഴ്ച മുതല്‍ സര്‍വീസുകള്‍ തുടങ്ങുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ദുബായില്‍ നിന്ന് ലണ്ടന്‍ ഹീത്രു, ഫ്രാങ്ക്ഫര്‍ട്ട്, പാരിസ്, ബ്രസല്‍സ്, സൂറിച്ച് എന്നിവിടങ്ങളിലേക്കായിരിക്കും ആദ്യ വിമാനങ്ങള്‍.  ലണ്ടനിലേക്ക് ആഴ്ചയില്‍ നാല് സര്‍വീസുകളും മറ്റ് നഗരങ്ങളിലേക്ക് മൂന്ന് സര്‍വീസുകളുമുണ്ടാകും. വെബ്‍സൈറ്റ് വഴി ബുക്കിങും തുടങ്ങിയിട്ടുണ്ട്.

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്നായിരിക്കും സര്‍വീസുകളെല്ലാം. യുഎഇയില്‍ നിന്ന് പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് മാത്രമേ നിലവില്‍ യാത്ര ചെയ്യാനാവൂ. ചരക്കുകള്‍ കൊണ്ടുപോകുന്നതിനും ഇതേ വിമാനങ്ങള്‍ തന്നെ ഉപയോഗിക്കും. അതത് രാജ്യങ്ങളില്‍ പ്രവേശനാനുമതിയുള്ളവര്‍ക്ക് മാത്രമേ യാത്ര ചെയ്യാനാവൂ. വിമാന സര്‍വീസുകള്‍ നിര്‍ത്തിയ സമയത്ത് യുഎഇയില്‍ കുടുങ്ങിപ്പോയവര്‍ക്ക് തിരികെ അതത് രാജ്യങ്ങളിലെത്താനുള്ള സൗകര്യമൊരുക്കുകയാണെന്ന് എമിറേറ്റ്സ് അറിയിച്ചു.

വൈകാതെ തന്നെ പൂര്‍ണതോതില്‍ സര്‍വീസുകള്‍ ആരംഭിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി പല രാജ്യങ്ങളിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് മാറുന്ന മുറയ്ക്കേ പൂര്‍ണമായ സേവനങ്ങള്‍ പുനരാരംഭിക്കാനാവൂ. ഇക്കാര്യങ്ങളില്‍ അധികൃതരുമായി ആശയവിനിമയം നടത്തിവരികയാണ്. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ശ്രമങ്ങള്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

ബോയിങ് 777-300ER വിമാനങ്ങളായിരിക്കും സര്‍വീസുകള്‍ക്ക് ഉപയോഗിക്കുക. ബിസിനസ്, ഇക്കണോമി ക്ലാസുകളിലേക്ക് വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാവും. സുരക്ഷ മുന്‍നിര്‍ത്തി വിമാനങ്ങളില്‍ മാഗസിനുകള്‍ നല്‍കില്ല. ഭക്ഷണം വിതരണം ചെയ്യുമെങ്കിലും പരസ്പരം സമ്പര്‍ക്കം കുറയ്ക്കുന്നതിനുള്ള കര്‍ശന മുന്‍കരുതലുകളെടുക്കും. വിമാനങ്ങളെ അണുവിമുക്തമാക്കുന്നതുള്‍പ്പെടെയുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

© 2024 Financial Views. All Rights Reserved