ഇന്നുമുതല്‍ ഇപിഎഫ് വിഹിതം പഴയതുപോലെ; വിശദാംശങ്ങള്‍ അറിയാം

August 01, 2020 |
|
News

                  ഇന്നുമുതല്‍ ഇപിഎഫ് വിഹിതം പഴയതുപോലെ; വിശദാംശങ്ങള്‍ അറിയാം

ഇന്ന് മുതല്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്റെ വിഹിതം പഴതുപോലെ 24 ശതമാനം (12% ജീവനക്കാരും 12% തൊഴിലുടമയും) ആക്കുന്നു. കോവിഡ് പശ്ചാത്തലത്തിലാണ് തൊഴിലുടമകളുടെയും ജീവനക്കാരുടെയും ഇപിഎഫ് വിഹിതം മെയ് മുതല്‍ ജൂലൈ വരെ 3 മാസത്തേക്ക് കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. നിലവിലെ 12 ശതമാനത്തില്‍ നിന്ന് 10 ശതമാനമായിട്ടാണ് കുറച്ചത്.

പിഎഫ് രണ്ട് ശതമാനം കുറയ്ക്കുന്നതിലൂടെ കോവിഡ് പശ്ചാത്തലത്തില്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ തുക ശമ്പളമായി ലഭിക്കാനും തൊഴിലുടമകളുടെ സാമ്പത്തിക ഭാരം കുറയ്ക്കാനും ഉപകരിക്കും. ഇത് കണക്കിലെടുത്താണ് മെയ് 13-ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇപിഎഫ്ഒയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും തൊഴിലുടമകളുടെയും നിയമാനുസൃത പിഎഫ് സംഭാവനയില്‍ ഇളവ് വരുത്താന്‍ തീരുമാനിച്ചത്.

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്) ഒരു നിക്ഷേപ ഫണ്ട് പദ്ധതിയാണ്. ഇപിഎഫ് സ്‌കീം നിയമങ്ങള്‍ അനുസരിച്ച്, ജീവനക്കാരും തൊഴിലുടമകളും ഓരോ മാസവും ജീവനക്കാരുടെ അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനം ഇപിഎഫ് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യുന്നു. അതായത് മൊത്തത്തില്‍, ജീവനക്കാരുടെ ശമ്പളത്തിന്റെ 24 ശതമാനം അവരുടെ ഇപിഎഫ് അക്കൗണ്ടിലേക്ക് പോകുന്നു. മൊത്തം 24 ശതമാനം സംഭാവനയില്‍, ജീവനക്കാരുടെ വിഹിതവും (അതായത് 12 ശതമാനം), തൊഴിലുടമയുടെ 3.67 ശതമാനവും ഇപിഎഫ് അക്കൗണ്ടിലേക്ക് പോകുന്നു, തൊഴിലുടമയുടെ വിഹിതമായ ബാക്കി വരുന്ന 8.33 ശതമാനം ജീവനക്കാരുടെ പെന്‍ഷന്‍ പദ്ധതിയിലേക്ക് (ഇപിഎസ്) പോകുന്നു.

കോറോണ വൈറസ് പകര്‍ച്ചവ്യാധി കാരണമുണ്ടായ സാമ്പത്തിക പ്രശ്നങ്ങളില്‍ തൊഴിലുടമകളെയും ജീവനക്കാരെയും സഹായിക്കുന്നതിനായാണ് ഇപിഎഫ് സംഭാവന നിരക്ക് കുറച്ചത്. സംഭാവന തുക കുറച്ചതിലൂടെ ജീവനക്കാരുടെ ടേക്ക് ഹോം ശമ്പളം വര്‍ദ്ധിച്ചിരുന്നു. അതേപോലെ തന്നെ തൊഴിലുടമകള്‍ക്ക് ചെറിയ തോതില്‍ സാമ്പത്തിക ലാഭവും ഉണ്ടായി. ഇപിഎഫ് സംഭാവനയിലെ ജൂലൈ വരെയുള്ള ഇളവ് ഇപിഎഫ്ഒയ്ക്കു കീഴിലെ 6.5 ലക്ഷം സ്ഥാപനങ്ങള്‍ക്കും 4.3 കോടി ജീവനക്കാര്‍ക്കും ആശ്വാസമാകുമെന്ന് തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

Related Articles

© 2024 Financial Views. All Rights Reserved