ഫെഡറല്‍ ബാങ്കില്‍ നിന്ന് ഇനി അതിവേഗ വാഹന വായ്പ; മുംബൈ, എറണാകുളം എന്നിവിടങ്ങളിലെ ബ്രാഞ്ചുകളില്‍ സൗകര്യം ലഭ്യം

August 21, 2019 |
|
Banking

                  ഫെഡറല്‍ ബാങ്കില്‍ നിന്ന് ഇനി അതിവേഗ വാഹന വായ്പ;  മുംബൈ, എറണാകുളം എന്നിവിടങ്ങളിലെ ബ്രാഞ്ചുകളില്‍ സൗകര്യം ലഭ്യം

കൊച്ചി: വാഹന വായ്പകള്‍ അതിവേഗം ലഭ്യമാക്കുന്ന പുതിയ സംവിധാനം ഫെഡറല്‍ ബാങ്ക് അവതരിപ്പിച്ചു. വായ്പാ അപേക്ഷയും അനുബന്ധ രേഖകളും ഓണ്‍ലൈന്‍ വഴി സ്വീകരിച്ച് പരിശോധിച്ച് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഓണ്‍ലൈനായി വായ്പ അനുവദിക്കുന്ന സംവിധാനമാണിത്. അപേക്ഷയോടൊപ്പമുള്ള രേഖകളും അപേക്ഷകരുടെ മുന്‍കാല വായ്പാ ഇടപാടുകളും കൃത്യമായി അതിവേഗത്തില്‍ പരിശോധിക്കാനുള്ള സങ്കേതവും നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള ഈ സംവിധാനത്തിലുണ്ട്. ഫെഡറല്‍ ബാങ്കിന്റെ മുംബൈ, എറണാകുളം എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലാണ് ഇപ്പോള്‍ ഈ സൗകര്യം ലഭ്യമായിട്ടുള്ളത്. ഭാവിയില്‍ ഇതു മറ്റിടങ്ങളിലും ലഭ്യമാക്കും. 

ഉപഭോക്താക്കള്‍ക്ക് സമയം ലാഭിക്കാനും വേഗത്തില്‍ വായ്പ തരപ്പെടുത്താനും ഈ പുതിയ ഓണ്‍ലൈന്‍ വായ്പാ സംവിധാനം സഹായിക്കും. ഉപഭോക്താവിന്റെ തിരിച്ചടവു ശേഷിയും വായ്പാ അപേക്ഷയും വിശകലനം ചെയ്യുന്നതടക്കമുള്ള നേരത്തെ ഓഫ്‌ലൈന്‍ ആയി ചെയ്തു വന്നിരുന്ന പ്രക്രിയകള്‍, ഈ പുതിയ അതിവേഗ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ഇപ്പോള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. 

ഫെഡറല്‍ ബാങ്ക് ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ശാലിനി വാര്യര്‍ ഈ സംവിധാനം ഔപചാരികമായി അവതരിപ്പിച്ചു. ഈ വായ്പാ സംവിധാനത്തിലൂടെ ലഭ്യമാക്കിയ  ആദ്യ വാഹനം ശാലിനി വാര്യര്‍, ഹുണ്ടെയ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് സംസ്ഥാന മേധാവി രാഹുല്‍ ജെയ്ന്‍, എന്നിവര്‍ ചേര്‍ന്ന് കൈമാറി. ഉതസവകാല ഓഫറായി കേരളത്തിലെ ഹ്യുണ്ടായ്, മാരുതി മോഡലുകള്‍ക്ക് ഓണ്‍-റോഡ് വിലയുടെ 95% വരെ വായ്പ നല്കുമെന്ന് ഫെഡറല്‍ ബാങ്ക് കേരള തലവനും എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റുമായ ജോസ് കെ മാത്യു അറിയിച്ചു. ഫെഡറല്‍ ബാങ്ക് ഡിജിറ്റല്‍ വിഭാഗം തലവനും ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ ജിതേഷ് പി.വി, ഫെഡറല്‍ ബാങ്ക്, പോപ്പുലര്‍ ഹുണ്ടെയ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. 

Related Articles

© 2024 Financial Views. All Rights Reserved