ഇന്ത്യന്‍കമ്പനികളുടെ പ്രതീക്ഷ തകരുന്നു; മാന്ദ്യത്തില്‍ കാലിടറി സോഫ്റ്റ്ബാങ്ക്

November 11, 2019 |
|
News

                  ഇന്ത്യന്‍കമ്പനികളുടെ പ്രതീക്ഷ തകരുന്നു; മാന്ദ്യത്തില്‍ കാലിടറി സോഫ്റ്റ്ബാങ്ക്

ആഗോളതലത്തിലുള്ള സംരംഭകരുടെ എക്കാലത്തെയും പ്രതീക്ഷകളിലൊന്നാണ് ജാപ്പനീസ് നിക്ഷേപകഭീമന്‍ സോഫ്റ്റ് ബാങ്ക്. ഇന്ത്യയില്‍ പോലും മികച്ച പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും കമ്പനികള്‍ക്കുമൊക്കെ സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ കൈപ്പിടിച്ചുയര്‍ത്താന്‍ ഈ ജാപ്പനീസ് കമ്പനി തുണയായിട്ടുണ്ട്. എന്നാല്‍ സാമ്പത്തി ക പ്രതിസന്ധി ആഗോളതലത്തില്‍ തന്നെ പിടിമുറുക്കുമ്പോള്‍ സോഫ്റ്റ്ബാങ്ക് പ്രതീക്ഷകളും പൊലിയുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയില്‍ നടപ്പുസാമ്പത്തികവര്‍ഷത്തില്‍ ജാപ്പനീസ് നിക്ഷേപകകമ്പനി സോഫ്റ്റ്ബാങ്ക് പുതിയ നിക്ഷേപങ്ങള്‍ക്ക് തയ്യാറാകില്ലെന്നാണ് വിവരം. ഇന്ത്യന്‍ വിപണിയില്‍ പ്രഖ്യാപിച്ച വലിയ നിക്ഷേപങ്ങള്‍ പോലും യാഥാര്‍ത്ഥ്യമാക്കാന്‍ കമ്പനി മുന്‍കൈ എടുക്കുന്നില്ല. സോഫ്റ്റ് ബാങ്ക് ഏറെ പ്രതീക്ഷയോടെയായിരുന്നു അമേരിക്കന്‍ സ്ഥാപനങ്ങളായ ഊബര്‍, വീവര്‍ക് എന്നിവയില്‍ നിക്ഷേപം നടത്തിയിരുന്നത്. എന്നാല്‍ ഇവയൊന്നും ഐപിഓയില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെച്ചില്ല. ഇത് സോഫ്റ്റ്ബാങ്കിന് വന്‍ തിരിച്ചടിയാണ് സമ്മാനിച്ചത്. 

നൂറ് മില്യണ്‍ ഡോളറിന്റെ സെക്കന്റ് വിഷന്‍ ഫണ്ട് സമാഹരണവും അനിശ്ചിതത്തിലാക്കി. കൂടാതെ ഇക്വിറ്റി,ഡെബ്റ്റ് എന്നിവ വഴി നിക്ഷേപം സമാഹരിക്കാന്‍ അധികൃതര്‍ പരിശ്രമിച്ചെങ്കിലും ഫലംകണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 12ന് പൂര്‍ത്തിയായ പ്രൈമറി വിഷന്‍ ഫണ്ട് പൂര്‍ണമായും വിനിയോഗിച്ച് കഴിഞ്ഞിട്ടുമുണ്ട്. 6.4 ബില്യണ്‍ ഡോളറിന്റെ അറ്റ നഷ്ടമാണ് ബാങ്കിന് നേരിട്ടത്. വിഷന്‍ ഫണ്ടില്‍ നിന്ന് 9 ബില്യണ്‍ ഡോളറും പ്രവര്‍ത്തനനഷ്ടം നേരിട്ടു. 2018ല്‍ ഫസ്റ്റ്‌ക്രൈ ,ഡെല്‍ഹിവെറി എന്നീ സ്റ്റാര്‍ട്ടപ്പുകളില്‍ സോഫ്റ്റ്ബാങ്ക് നിക്ഷേപം നടത്തിയത് വന്‍ ശ്രദ്ധനേടിയിരുന്നു. 

ഓണ്‍ലൈന്‍ ടാക്‌സി കമ്പനി ഓലെയുടെ ഇലക്ട്രിക് വാഹനവിഭാഗത്തിലും 250 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരുന്നു. കഴിഞ്ഞ ആറുമാസമായി പ്രാദേശിക ഭാഷകളിലുള്ള ഓണ്‍ലൈന്‍ വാര്‍ത്താപ്ലാറ്റ്‌ഫോമായ ഡെയ്‌ലി ഹണ്ടില്‍ 200 ദശലക്ഷം ഡോളറും കണ്ണട റീട്ടെയില്‍ കമ്പനി ലെന്‍സ് കാര്‍ട്ടില്‍ 300 ദശലക്ഷം നിക്ഷേപിക്കാനും സോഫ്റ്റ്ബാങ്ക് പദ്ധതി തയ്യാറാക്കിയിരുന്നു. എന്നാല്‍ കരാര്‍ അന്തിമമായെങ്കിലും സെക്കന്റ് വിഷന്‍ ഫണ്ടില്‍ നിന്ന് ഇതുവരെ നിക്ഷേപം കമ്പനികള്‍ക്ക് ലഭിച്ചിട്ടില്ല. തങ്ങള്‍ നിക്ഷേപം നടത്തിയ എല്ലാ കമ്പനികളോടും ഐപിഓയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായി സോഫ്റ്റ്ബാങ്ക് സിഇഓ മസായോഷിസണ്‍ പറഞ്ഞു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved