റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില; പവന് 200 രൂപ വര്‍ധിച്ചു

July 08, 2020 |
|
News

                  റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില; പവന് 200 രൂപ വര്‍ധിച്ചു

കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുതിച്ചുയര്‍ന്നു. പവന് 200 രൂപ വര്‍ദ്ധിച്ച് 36320 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4540 രൂപയാണ് നിരക്ക്. ഇന്നലെ പവന് 320 രൂപ വര്‍ദ്ധിച്ച് 36120 രൂപയ്ക്കാണ് വ്യാപാരം നടന്നത്. ഈ മാസത്തെയും സ്വര്‍ണത്തിന്റെ ചരിത്രത്തിലെ തന്നെയും ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയിലെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില ജൂലൈ ആറിന് രേഖപ്പെടുത്തിയ പവന് 35800 രൂപയാണ്.

കഴിഞ്ഞ സെഷനില്‍ റെക്കോഡ് ഉയരത്തിലെത്തിയ ശേഷം എംസിഎക്‌സില്‍ സ്വര്‍ണ വില ഇന്ന് ഇടിഞ്ഞു. എംസിഎക്സില്‍ ഓഗസ്റ്റ് ഫ്യൂച്ചേഴ്‌സ് നിരക്ക് 10 ഗ്രാമിന് 0.2 ശതമാനം ഇടിഞ്ഞ് 48,712 രൂപയിലെത്തി. കഴിഞ്ഞ സെഷനില്‍ സ്വര്‍ണം 1.2 ശതമാനവും വെള്ളി 0.9 ശതമാനവും ഉയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച സ്വര്‍ണ വില 10 ഗ്രാമിന് 48,982 രൂപയിലും എത്തിയിരുന്നു.

ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകള്‍ വര്‍ദ്ധിച്ചതിനാല്‍ ആഗോള വിപണികളില്‍ സ്വര്‍ണ്ണ വില എട്ട് വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലാണ്. സമ്പദ്വ്യവസ്ഥയെ മുന്നോട്ട് നയിക്കാനുള്ള കൂടുതല്‍ ഉത്തേജക നടപടികളുടെ പ്രതീക്ഷയും സ്വര്‍ണ്ണത്തെ സഹായിച്ചു. ഔണ്‍സിന് 1,793.56 ഡോളറാണ് ഇന്നത്തെ സ്പോട്ട് സ്വര്‍ണ വില.

പണപ്പെരുപ്പത്തിനും കറന്‍സി മൂല്യത്തകര്‍ച്ചയ്ക്കും എതിരായ ഒരു മികച്ച നിക്ഷേപ മാര്‍ഗമായാണ് സ്വര്‍ണത്തെ കണക്കാക്കുന്നത്. വ്യാപകമായ ഉത്തേജക നടപടികള്‍ സ്വര്‍ണ വില ഉയരാന്‍ കാരണമാണ്. ദുര്‍ബലമായ സാമ്പത്തിക വളര്‍ച്ച, സര്‍ക്കാര്‍ വായ്പയെടുക്കല്‍, സെന്‍ട്രല്‍ ബാങ്ക് ഉത്തേജനം എന്നിവ മറ്റ് ആസ്തികളുടെ വില കുറയ്ക്കുന്നതിനാല്‍ സ്വര്‍ണ വില കുതിച്ചുയരും. ഇത് നിക്ഷേപം വര്‍ദ്ധിപ്പിക്കും.

സ്വര്‍ണത്തിനുള്ള നിക്ഷേപ ആവശ്യം ശക്തമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ പിന്തുണയുള്ള ഇടിഎഫ് അല്ലെങ്കില്‍ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ഓഹരികള്‍ ചൊവ്വാഴ്ച 0.66 ശതമാനം ഉയര്‍ന്ന് 1,199.36 ടണ്ണായി.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ആദ്യ പകുതിയില്‍ ഗോള്‍ഡ് ഇടിഎഫുകള്‍ 734 ടണ്‍ റെക്കോര്‍ഡിലെത്തി. ജൂണ്‍ അവസാനത്തോടെ, സ്വര്‍ണ്ണ പിന്തുണയുള്ള ഇടിഎഫുകള്‍ 206 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 3,620 ടണ്‍ സ്വര്‍ണം കൈവശം വച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉപഭോഗ രാജ്യങ്ങളായ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഭൌതിക സ്വര്‍ണ ആവശ്യകത കുത്തനെ കുറഞ്ഞിട്ടും, ഇടിഎഫ് നിക്ഷേപം ഈ വര്‍ഷം ഇതുവരെ 18% ഉയരാന്‍ സഹായിച്ചു.

Related Articles

© 2024 Financial Views. All Rights Reserved