ശമ്പളം വെട്ടിക്കുറക്കുമ്പോള്‍ സിടിസിയില്‍ ഇതു പ്രതിഫലിക്കുമോ? അറിയാം വിശദാംശങ്ങള്‍

May 22, 2020 |
|
News

                  ശമ്പളം വെട്ടിക്കുറക്കുമ്പോള്‍ സിടിസിയില്‍ ഇതു പ്രതിഫലിക്കുമോ? അറിയാം വിശദാംശങ്ങള്‍

കൊറോണ ഭീതി വിതച്ച പശ്ചാത്തലത്തില്‍ രാജ്യത്തെ സമ്പദ് രംഗം താറുമാറായിക്കിടക്കുകയാണ്. ഈ അവസരത്തില്‍ സ്വകാര്യ, ബഹുരാഷ്ട്ര കമ്പനികള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ച് സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നു. ശമ്പളം വെട്ടിക്കുറക്കുമ്പോള്‍ സിടിസിയില്‍ ഇതു പ്രതിഫലിക്കുമോ എന്നത് ജീവനക്കാരുടെ പ്രധാന സംശയമിതാണ്.
 
കമ്പനി ഒരു ജീവനക്കാരനായി ചിലവാക്കുന്ന ആകെത്തുകയാണ് സിടിസി. ഇതില്‍ അടിസ്ഥാന ശമ്പളം, വീട്ടുവാടക അലവന്‍സ്, യാത്രാ അലവന്‍സ്, മെഡിക്കല്‍ ആനുകൂല്യങ്ങള്‍, പിഎഫ് സംഭാവന, പെന്‍ഷന്‍ ഫണ്ട് തുടങ്ങിയവ പെടും. എന്നാല്‍ വെട്ടിക്കുറച്ച ശമ്പളം പ്രകാരം സിടിസി പുതുക്കിയില്ലെങ്കില്‍ ബുദ്ധിമുട്ടിലാവുക ജീവനക്കാരായിരിക്കും. കാരണം സിടിസി പ്രകാരമാണ് ആദായ നികുതി വകുപ്പ് നികുതി കണക്കാക്കുക. ശമ്പളം വെട്ടിക്കുറച്ച നടപടി മുഖവിലയ്ക്ക് എടുക്കപ്പെടില്ല.

ആദായ നികുതി നിയമം പ്രകാരം കുടിശ്ശികയുള്ളതോ ലഭിച്ചതോ ആയ ശമ്പളത്തിന് മേല്‍ നികുതി ചുമത്താന്‍ വകുപ്പിന് വ്യവസ്ഥയുണ്ട്. മറുഭാഗത്ത് കമ്പനി ജീവനക്കാരുടെ അക്കൗണ്ടിലേക്ക് പണമടയ്ക്കുന്ന വേളയിലാണ് ടിഡിഎസ് പിടിക്കാറ്. ഈ പശ്ചാത്തലത്തില്‍ ശമ്പളം വെട്ടിക്കുറക്കുകയാണെങ്കില്‍ സിടിസി പുതുക്കാന്‍ ജീവനക്കാര്‍ കമ്പനിയോട് ആവശ്യപ്പെടണമെന്ന് നികുതി വിദഗ്ധര്‍ പറയുന്നു. ഒപ്പം ശമ്പളത്തില്‍ നിന്നുള്ള കിഴിവ് വെട്ടിക്കുറയ്ക്കലാണോ അതോ മാറ്റിവെച്ചതാണോയെന്ന കാര്യവും ചോദിച്ചറിയണം.

ആദായ നികുതി ചട്ടം പ്രകാരം ശമ്പളം ലഭിച്ചാലും ഇല്ലെങ്കിലും സിടിസി പ്രകാരം ശമ്പളക്കാര്‍ ആദായ നികുതി ഒടുക്കേണ്ടതുണ്ട്. ശമ്പള ഘടനയും ഇളവുകളും അടിസ്ഥാനപ്പെടുത്തിയാണ് ഓരോ ജീവനക്കാരന്റെയും നികുതി നിശ്ചയിക്കപ്പെടാറ്. അതുകൊണ്ട് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ശമ്പള ഘടനയും ഇതിന്‍ പ്രകാരം പുതുക്കാന്‍ കമ്പനികള്‍ ബാധ്യസ്തരാണ്.

ശമ്പള ഘടന അല്ലെങ്കില്‍ സിടിസി പുതുക്കിയില്ലെങ്കില്‍ ശമ്പളത്തിലെ കുറവ് കുടിശ്ശികയായി കണക്കാക്കി പഴയ നികുതിത്തന്നെയാകും ആദായ നികുതി വകുപ്പ് ചുമത്തുക. ഇതേസമയം, ശമ്പളത്തിലെ ഒരുവിഹിതം മാറ്റിവെയ്ക്കുക മാത്രമാണ് കമ്പനി ചെയ്യുന്നതെങ്കില്‍ പൂര്‍ണ ശമ്പളം അടിസ്ഥാനപ്പെടുത്തിയായിരിക്കും ആദായ നികുതി വകുപ്പ് നികുതി ഈടാക്കുക.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ ശമ്പളം വെട്ടിക്കുറക്കല്‍ നടപടികള്‍ സജീവമാകവെ ആദായ നികുതി നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം ഇപ്പോള്‍ ശക്തമാണ്. ഈ വര്‍ഷം കുടിശ്ശിക സംഭവിക്കുന്ന ശമ്പളത്തിന്് മേല്‍ നികുതി ഈടാക്കരുതെന്നാണ് ഉയര്‍ന്നു കേള്‍ക്കുന്ന പ്രധാന ആവശ്യം. ശമ്പളം വെട്ടിക്കുറയ്ക്കുകയാണെങ്കില്‍ ശമ്പള ഘടന പുതുക്കണെമെന്ന ചട്ടം പ്രാബല്യത്തില്‍ കൊണ്ടുവരാനും സമ്മര്‍ദ്ദമുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved