ബിപിസിഎല്‍: താത്പര്യപത്രം സമര്‍പ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി; ജൂലൈ 31 വരെ സമര്‍പ്പിക്കാം

May 28, 2020 |
|
News

                  ബിപിസിഎല്‍: താത്പര്യപത്രം സമര്‍പ്പിക്കാനുള്ള തീയതി വീണ്ടും നീട്ടി; ജൂലൈ 31 വരെ സമര്‍പ്പിക്കാം

പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലിനെ സ്വകാര്യവത്കരിക്കുന്നതിന്റെ ഭാഗമായുള്ള, താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അന്തിമ തീയതി രണ്ടാം വട്ടവും കേന്ദ്ര സര്‍ക്കാര്‍ നീട്ടി. പുതിയ വിജ്ഞാപന പ്രകാരം ജൂലൈ 31 വരെ താത്പര്യപത്രം നല്‍കാം. കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിലാണ് അന്തിമ തീയതി വീണ്ടും നീട്ടിയതെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ളിക് അസറ്റ് മാനേജ്‌മെന്റ് (ദിപം) വ്യക്തമാക്കി.

മേയ് രണ്ട് ആയിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് ജൂണ്‍ 13 വരെ നീട്ടി. കഴിഞ്ഞ നവംബറിലാണ്, ബി.പി.സി.എല്ലില്‍ സര്‍ക്കാരിനുള്ള 52.98 ശതമാനം ഓഹരികള്‍ പൂര്‍ണമായി വിറ്റൊഴിയാന്‍ കേന്ദ്ര കാബിനറ്റ് അനുമതി നല്‍കിയത്.ബി.പി.സി.എല്ലില്‍ സര്‍ക്കാരിനുള്ള 114.91 കോടി ഓഹരികളാണ് വിറ്റൊഴിയുക. ഇതില്‍, അസമിലെ നുമാലിഗഢ് ഓയില്‍ റിഫൈനറി ഉള്‍പ്പെടുന്നില്ല. ഈ റിഫൈനറി മറ്റേതെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനിക്ക് കൈമാറും.

1,000 കോടി ഡോളര്‍ (75,000 കോടി രൂപ) മൂല്യമുള്ള സ്വകാര്യ കമ്പനിക്ക് താത്പര്യപത്ര നടപടിയില്‍ പങ്കെടുക്കാം. പരമാവധി നാലു കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിനും പങ്കെടുക്കാം. കണ്‍സോര്‍ഷ്യത്തിനെ നയിക്കുന്ന കമ്പനി 40 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കണം. കുറഞ്ഞത് 100 കോടി ഡോളര്‍ (7,500 കോടി രൂപ) മൂലധനവും വേണം. കണ്‍സോര്‍ഷ്യത്തില്‍ 45 ദിവസത്തിന് ശേഷമേ മാറ്റം വരുത്താനാകൂ. എന്നാല്‍, നായക കമ്പനിക്ക് മാറാനാവില്ല. സര്‍ക്കാര്‍ ഓഹരികള്‍ ഏറ്റെടുക്കുന്ന കമ്പനി/കണ്‍സോര്‍ഷ്യം, അതേ ഓഹരിവിലയ്ക്ക് ഓപ്പണ്‍ ഓഫറിലൂടെ 26 ശതമാനം ഓഹരികള്‍ കൂടി വാങ്ങണമെന്ന് നിബന്ധനയുമുണ്ട്.

Related Articles

© 2024 Financial Views. All Rights Reserved