കേന്ദ്രസര്‍ക്കാര്‍ പാപ്പരത്ത നിയമഭേഗഗതിയ്ക്ക് ഒരുങ്ങുന്നത് എന്തുകൊണ്ട്?

November 25, 2019 |
|
News

                  കേന്ദ്രസര്‍ക്കാര്‍ പാപ്പരത്ത നിയമഭേഗഗതിയ്ക്ക് ഒരുങ്ങുന്നത് എന്തുകൊണ്ട്?

ഇന്ത്യയില്‍ പാപ്പരത്ത നിയമത്തില്‍ നിക്ഷേപകര്‍ക്ക് അനുകൂലമായ ഭേദഗതികള്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍. കടക്കെണിയിലായ കമ്പനികളും ആസ്തികളും ഏറ്റെടുക്കാന്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന നയങ്ങള്‍ കൊണ്ടുവരാനാണ് നീക്കം. 2016ലെ ഇന്‍സോള്‍വന്‍സി ആന്റ് ബാങ്ക്‌റപ്റ്റ്‌സി കോഡില്‍ പുതിയ നിക്ഷേപകരെ പഴയ പ്രമോട്ടര്‍മാരോ ഉടമകളോ ചെയ്ത സാമ്പത്തിക കുറ്റകൃത്യങ്ങളുടെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കുന്ന നയങ്ങളാണ് കൊണ്ടുവരിക.

കടക്കെണിയില്‍ കുടുങ്ങി പാപ്പരായ കമ്പനികളുടെ ഏറ്റെടുക്കല്‍ നടപടികള്‍ സുതാര്യവും ആകര്‍ഷകവുമാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ആലോചന. ഇതിനായി രണ്ടാം പാപ്പരത്ത നിയമമാണ് കൊണ്ടുവരിക. പാപ്പരത്ത നിയമം അനുസരിച്ച് ലേലം ചെയ്യുന്ന കമ്പനികളുടെ  ഓഹരികള്‍ വാങ്ങാന്‍ താല്‍പ്പര്യമുള്ള കമ്പനികളോ നിക്ഷേപകരോ, മുന്‍ പ്രമോട്ടര്‍മാരും ഉടമകള്‍ക്കും എതിരെയുള്ള കേസുകളും സാമ്പത്തിക നടപടികളിലും കുടുങ്ങുന്നതിനാല്‍ പിന്‍വാങ്ങുകയാണ് പതിവ്. 

എന്നാല്‍ ഇത്തരം സാമ്പത്തിക ബാധ്യതകള്‍ പുതിയ നിക്ഷേപകന്റെ കൂടി ബാധ്യതയായി മാറാതിരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. പുതിയ നിക്ഷേപകരെ സാമ്പത്തിക ഊരാക്കുടുക്കുകളില്‍ നിന്ന് പരിരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള ഭേദഗതിയാണ് കൊണ്ടുവരിക. നികുതി ഏജന്‍സികളുടെ ആശയക്കുഴപ്പം സൃഷ്ടിക്കുന്ന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കും. 

പാപ്പരത്ത കമ്പനികള്‍ക്ക് ലിക്വിഡേഷനേക്കാള്‍, ഏറ്റെടുക്കലുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പുതിയ വ്യവസ്ഥകളാണ് ഭേദഗതിയുടെ ഭാഗമാകുക. നിലവില്‍ ഇന്ത്യയിലെ 27 പാപ്പരത്ത കോടതികളില്‍ എത്തുന്ന അഞ്ചുകേസുകളില്‍ ഒരെണ്ണം മാത്രമാണ് ഏറ്റെടുക്കലിലേക്ക് എത്തുന്നത്. ബാക്കിയുള്ളവ ലിക്വിഡേഷനിലേക്കാണ് പോകുന്നത്. ഭേദഗതികള്‍ നടപ്പായാല്‍ പാപ്പര്‍ കമ്പനികളുടെ ഏറ്റെടുക്കലുകള്‍ വര്‍ധിച്ചേക്കുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍.  

2019 ജൂണ്‍ മാസം വരെയുള്ള റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചാല്‍ 2,162 കേസുകളാണ് പാപ്പരത്ത കോടതിയില്‍ എത്തിയത്. ഇവയില്‍ 870 കേസുകള്‍ക്ക് തീര്‍പ്പായിട്ടുണ്ട്. ഇവയില്‍ 120 കമ്പനികള്‍ പ്രശ്‌നപരിഹാരത്തിലേക്ക് നീങ്ങിയപ്പോള്‍ 475 കേസുകള്‍ ലിക്വിഡേഷനിലേക്കാണ് പോയത്. ഇവയുടെ വായ്പാ കുടിശികയുടെ 15 മുതല്‍ 25 ശതമാനം വരെ മാത്രമേ, വായ്പാദാതാക്കള്‍ക്ക  ലഭിക്കുകയുള്ളൂ. പുതിയ നിയമഭേദഗതിയോടെ നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുകൊണ്ടുവരാന്‍ സര്‍ക്കാരിനാകും. ഇത് ഇന്ത്യന്‍ ബാങ്കിങ് മേഖലയ്ക്കും ഉണര്‍വേകും.

Related Articles

© 2024 Financial Views. All Rights Reserved