കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപനവുമായി എച്ച്‌സിഎല്‍

May 22, 2020 |
|
News

                  കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപനവുമായി എച്ച്‌സിഎല്‍

മുംബൈ: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാര്‍ക്ക് ബോണസ് പ്രഖ്യാപനവുമായി ഇന്ത്യന്‍ ഐ.ടി. കമ്പനിയായ എച്ച്.സി.എല്‍. ടെക്‌നോളജീസ്. ഒന്നരലക്ഷത്തോളം വരുന്ന ജീവനക്കാരില്‍ ആരെയും പിരിച്ചുവിടില്ലെന്നും ശമ്പളം കുറയ്ക്കില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

തുടക്കക്കാരായ 15,000 പേരെ നിയമിക്കാന്‍ കോവിഡ് കാലത്തിനുമുമ്പ് എച്ച്.സി.എല്‍. തീരുമാനിച്ചിരുന്നു. ഈ നിയമനവുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്ന് കമ്പനി നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ കമ്പനിയുടെ പ്രോജക്ടുകള്‍ ഒന്നും റദ്ദായിട്ടില്ലെന്നും എന്നാല്‍, പുതിയ പ്രോജക്ടുകള്‍ വരുന്നതില്‍ താമസം നേരിടുന്നുണ്ടെന്നും ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ വി.വി. അപ്പാറാവു പറഞ്ഞു. നിലവില്‍ വിവിധ വിഭാഗങ്ങളിലായി 5000 പേരെ ആവശ്യമുണ്ട്.

ഈ നിയമനങ്ങളുമായി മുന്നോട്ടുപോകുകയാണ്. ലോക്ക്ഡൗണ്‍ കാലത്ത് കമ്പനിയുടെ ഉത്പാദന ക്ഷമതയില്‍ 16 മുതല്‍ 17 ശതമാനം വരെ വര്‍ധനയുണ്ടായി. ഈ സാഹചര്യത്തില്‍ ഭാവിയില്‍ 50 ശതമാനം ജോലി വീടുകളില്‍ നിന്നാക്കുന്നതിന്റെ സാധ്യത പരിശോധിക്കുന്നതായും അദ്ദേഹം സൂചിപ്പിച്ചു. ഐടി-ബിപിഎം മേഖലയിലെ കമ്പനികളായ ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, ഡബ്ല്യുഎന്‍എസ് തുടങ്ങിയവ ശമ്പള വര്‍ദ്ധനവ് വൈകിപ്പിക്കുകയും പ്രധാന വിപണികളിലുടനീളം അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ പ്രമോഷനുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.


Related Articles

© 2024 Financial Views. All Rights Reserved