എസ്‌ബി‌ഐ അക്കൗണ്ട് ഉടമകൾക്ക് ഫോം 15 ജി, ഫോം 15 എച്ച് എന്നിവ ഓൺലൈനായി സമർപ്പിക്കാം

April 22, 2020 |
|
Banking

                  എസ്‌ബി‌ഐ അക്കൗണ്ട് ഉടമകൾക്ക് ഫോം 15 ജി, ഫോം 15 എച്ച് എന്നിവ ഓൺലൈനായി സമർപ്പിക്കാം

എസ്‌ബി‌ഐ അക്കൗണ്ട് ഉടമകൾക്ക് ഫോം 15 ജി, ഫോം 15 എച്ച് എന്നിവ ഓൺലൈനായി സമർപ്പിക്കാം. ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് സൗകര്യം ഉപയോഗിച്ചാണ് ഇവ സമർപ്പിക്കാനാവുകയെന്ന് അക്കൗണ്ട് ഉടമകളോട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശിച്ചു. ബാങ്കിന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഉപഭോക്താക്കളെ ഈ കാര്യം അറിയിച്ചത്.

വരുമാനം നികുതി അടയ്‌ക്കേണ്ട പരിധിക്ക് താഴെയുള്ള ആളുകളാണ് ഫോം 15 ജി, ഫോം 15 എച്ച് എന്നീ ഫോമുകൾ ഫയൽ ചെയ്യുന്നത്. ഇവ സാധാരണയായി നികുതിദായകർ എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഏപ്രിൽ മാസത്തിൽ ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലുമാണ് സമർപ്പിക്കുന്നത്. ഇതില്‍ ഫോം 15 എച്ച് മുതിര്‍ന്ന പൗരന്‍മാര്‍ക്കുവേണ്ടിയുള്ളതാണ്. അക്കൗണ്ടിൽ നിന്ന് ടിഡിഎസ് (ടാക്സ് ഡിഡക്ഷന്‍ അറ്റ് സോഴ്സ്) ഈടാക്കാതിരിക്കാനാണ് ഫോം 15 ജി / ഫോം 15 എച്ച് സമര്‍പ്പിക്കുന്നത്.

ഫോം ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്ന വിധം:

-സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇന്റർനെറ്റ് ബാങ്കിംഗ് വെബ്‌സൈറ്റിൽ പ്രവേശിച്ചശേഷം 'e-services' എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.

-'Submit 15G/H' ഓപ്ഷൻ തിരഞ്ഞെടുക്കുക.

-ഇതിൽ നിന്ന് ഫോം 15 ജി അല്ലെങ്കില്‍ ഫോം 15 എച്ച്‌ തിരഞ്ഞെടുക്കുക. (ഫോം 15 എച്ച്‌ മുതിര്‍ന്ന പൗരന്‍മാര്‍ക്കുവേണ്ടിയുള്ളതാണ്).

-തുടർന്ന് കസ്റ്റമര്‍ ഇന്‍ഫര്‍മേഷന്‍ ഫയല്‍ (സിഐഎഫ്) നമ്പര്‍ തിരഞ്ഞെടുത്ത് Submit' ബട്ടൺ ക്ലിക്കുചെയ്യുക.

-'Submit' ബട്ടണ്‍ ക്ലിക്കുചെയ്യുമ്പോള്‍ ചില വിവരങ്ങളുള്ള ഒരു പേജ് വരും. ഇവിടെ ശേഷിക്കുന്ന വിവരങ്ങള്‍ പൂരിപ്പിക്കുക.

-ഒടുവില്‍ Confirm നല്‍കുക.

എല്ലാ സാമ്പത്തിക വര്‍ഷത്തിലും ഏപ്രില്‍ ആദ്യ വാരത്തിലാണ് ഫോം 15 ജി, ഫോം 15 എച്ച് എന്നിവ സമര്‍പ്പിക്കേണ്ടത്. എന്നാൽ കോവിഡ്-19 പശ്ചാത്തലത്തിൽ രാജ്യത്ത് സമ്പൂർണ്ണ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിനാൽ യഥാസമയം ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ഇവ സമര്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇത് കണക്കിലെടുത്ത് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നികുതിദായകര്‍ സമര്‍പ്പിച്ച ഫോം 15 ജി, ഫോം 15 എച്ച് എന്നിവയ്‌ക്ക് 2020 ജൂണ്‍ 30 വരെ സാധുത ഉണ്ടായിരിക്കുമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിടിഡി) അറിയിച്ചിരുന്നു. ഏപ്രില്‍ മൂന്നിന് ഇറങ്ങിയ ഉത്തരവിലാണ് ഇക്കാര്യമുള്ളത്. ഇതിന് അനുസൃതമായാണ് എസ്ബിഐയുടെ നിര്‍ദേശം.

Related Articles

© 2024 Financial Views. All Rights Reserved