ആഗോള സമ്പദ്വ്യവസ്ഥ കോവിഡ് ആഘാതത്തില്‍ നിന്ന് കരകയറാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ സമയമെടുക്കുമെന്ന് ഐഎംഎഫ്

May 20, 2020 |
|
News

                  ആഗോള സമ്പദ്വ്യവസ്ഥ കോവിഡ് ആഘാതത്തില്‍ നിന്ന് കരകയറാന്‍ പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ സമയമെടുക്കുമെന്ന് ഐഎംഎഫ്

കോവിഡ് മഹാമാരിയുണ്ടാക്കിയ ആഘാതത്തില്‍ നിന്ന് ആഗോള സമ്പദ്വ്യവസ്ഥ തിരിച്ചു വരവുനടത്താന്‍ മുമ്പ് പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ സമയമെടുക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). 2020ല്‍ ആഗോളതലത്തില്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ മൂന്നു ശതമാനമെങ്കിലും കുറവുണ്ടാകുമെന്ന് ഐ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ പറഞ്ഞു.

വിവിധ രാജ്യങ്ങളില്‍ നിന്നു ലഭിച്ച വിവരങ്ങള്‍ ആദ്യം പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ മോശമാണെന്ന് അവര്‍ വ്യക്തമാക്കി. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നാണ് അതിനര്‍ഥം. അതേസമയം, സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവ് എപ്പോഴുണ്ടാകുമെന്ന് പറയാന്‍ അവര്‍ തയ്യാറായില്ല. ജൂണില്‍ ഇതുസംബന്ധിച്ച അനുമാനം ഐ.എം.എഫ്. പുറത്തുവിട്ടേക്കും.

ഏപ്രിലിലെ കണക്കുകള്‍പ്രകാരം വിവിധ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണിനെത്തുടര്‍ന്ന് വൈറസ് വ്യാപനത്തില്‍ കുറവുണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, ഇനിയും സ്ഥിതി മെച്ചപ്പെട്ടിട്ടില്ല. 1930-കളിലേക്കാള്‍ രൂക്ഷമായ സ്ഥിതിവിശേഷത്തിലേക്കാണ് ഇത് നയിക്കുന്നതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു.

ആഗോള സമ്പദ്വ്യവസ്ഥ തിരിച്ചുവരവു നടത്തും വരെ ആഗോളതലത്തില്‍ കടബാധ്യതയും രാജ്യങ്ങളിലെ ധനക്കമ്മിയും കുതിച്ചുയരും. കമ്പനികളുടെ പാപ്പരത്ത നടപടികളും തൊഴിലില്ലായ്മയും പട്ടിണിയും സാമൂഹിക അസമത്വവും ഉയരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്ക് കൂടുതല്‍ പ്രാധാന്യം കൈവരുമെന്നും അവര്‍ പറയുന്നു.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved