നഗരത്തിലെ ഗോഡൗണുകളുടെ ആവശ്യം വര്‍ധിക്കും; ഇ-കൊമേഴ്‌സ് കമ്പനികളുടെ ലക്ഷ്യം ഒറ്റ ദിവസത്തില്‍ ഡെലിവറി

August 10, 2020 |
|
News

                  നഗരത്തിലെ ഗോഡൗണുകളുടെ ആവശ്യം വര്‍ധിക്കും; ഇ-കൊമേഴ്‌സ് കമ്പനികളുടെ ലക്ഷ്യം ഒറ്റ ദിവസത്തില്‍ ഡെലിവറി

ന്യൂഡല്‍ഹി: ഇനിമുതല്‍ നഗരപ്രദേശത്തെ ചെറുകിട ഗോഡൗണുകളുടെ ആവശ്യം വര്‍ധിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍ ഒറ്റ ദിവസം കൊണ്ട് ഡെലിവറി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നതാണ് കാരണം. 5,000 മുതല്‍ 10,000 ചതുരശ്ര അടി വരെ വിസ്തൃതിയുളള കെട്ടിടങ്ങള്‍ക്കാണ് ആവശ്യം വര്‍ധിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രൊപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് കോള്ളിയേര്‍സ് ഇന്റര്‍നാഷണലാണ് ഇക്കാര്യം പറയുന്നത്. ഇ-കൊമേഴ്‌സ് കമ്പനികള്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെയും പലചരക്ക് സാധനങ്ങളുടെയും മേഖലയിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് ഇതിന്റെ കാരണമായി കണ്‍സള്‍ട്ടന്റ് പറയുന്നത്. ഇതുസംബന്ധിച്ച വാര്‍ത്ത ബിസിനസ് സ്റ്റാന്‍ഡേര്‍ഡാണ് റിപ്പോര്‍ട്ട് ചെയ്തത്.  

മഹാമാരിയെ തുടര്‍ന്ന് രാജ്യത്തെമ്പാടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യ സാധനങ്ങള്‍ക്കടക്കം ജനം ഇ-വിപണിയെ ആശ്രയിച്ചു. ഇതാണ് കമ്പനികളെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. സാധനം വാങ്ങുന്ന അതേ ദിവസം തന്നെ ഡെലിവറിയും എന്നാണ് കമ്പനികള്‍ ലക്ഷ്യമിടുന്നത്. ഇതിന് ഉപഭോക്താക്കളുടെ തൊട്ടടുത്ത് തന്നെ വെയര്‍ഹൗസ് വേണമെന്നാണ് താത്പര്യം.

ഇന്‍ സിറ്റി വെയര്‍ഹൗസുകള്‍ക്ക് ഇനി 12 മാസത്തിനുള്ളില്‍ ധാരാളം ആവശ്യക്കാരുണ്ടാകും. നിലവില്‍ മിക്ക വെയര്‍ഹൗസുകളും നഗര മേഖലകളില്‍ നിന്ന് അല്‍പ്പം അകലെ മാറിയാണ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ കമ്പനികള്‍ക്ക് തങ്ങളുടെ ലക്ഷ്യം നേടണമെങ്കില്‍ പുതിയ സ്റ്റോറേജ് സൗകര്യങ്ങള്‍ കണ്ടെത്തിയേ മതിയാകൂ.

നഗരത്തിനകത്ത് വെയര്‍ഹൗസുകള്‍ സ്ഥാപിക്കാനായാല്‍ ഇ-കൊമേഴ്‌സ് കമ്പനികള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ചെലവുകള്‍ കുറയ്ക്കാനാവും. വേഗത്തില്‍ ഉല്‍പ്പന്നം ഡെലിവര്‍ ചെയ്യാനും അതിലൂടെ രാജ്യത്ത് ഗ്രാമങ്ങളിലേക്ക് വരെ വ്യാപാരം വികസിപ്പിക്കാനും സാധിക്കുമെന്നും കരുതപ്പെടുന്നു.

Related Articles

© 2024 Financial Views. All Rights Reserved