ഇന്ത്യയെ പിന്നിലാക്കി ചൈന ദക്ഷിണേഷ്യന്‍ വ്യാപാരം വര്‍ദ്ധിപ്പിച്ചു

June 29, 2020 |
|
News

                  ഇന്ത്യയെ പിന്നിലാക്കി ചൈന ദക്ഷിണേഷ്യന്‍ വ്യാപാരം വര്‍ദ്ധിപ്പിച്ചു

കഴിഞ്ഞ രണ്ട് ദശകത്തിനുള്ളില്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളുടെ പ്രധാന വ്യാപാര പങ്കാളിയായി ചൈന ഉയര്‍ന്നു വന്നപ്പോള്‍ പിന്നോക്കം മാറാന്‍ നിര്‍ബന്ധിതമായത് ഇന്ത്യ. 2005 വരെ ഇന്ത്യയും ചൈനയും ദക്ഷിണേഷ്യയുമായുള്ള മൊത്ത വ്യാപാരത്തില്‍ ഏകദേശം ബലാബലത്തിലായിരുന്നുവെങ്കിലും, തുടര്‍ന്ന് ദക്ഷിണേഷ്യയുമായുള്ള വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതില്‍ ചൈന വലിയ വിജയം കൈവരിച്ചു.

പാക്കിസ്ഥാന് പുറമേ 2015 ല്‍ ബംഗ്ലാദേശിന്റെ മികച്ച വ്യാപാര പങ്കാളിയായി ചൈന മാറി.  ഇന്ത്യയില്‍ നിന്ന് ആ സ്ഥാനം തട്ടിയെടുക്കുകയായിരുന്നു. നേപ്പാള്‍, അഫ്ഗാനിസ്ഥാന്‍, മാലിദ്വീപ്, ശ്രീലങ്ക എന്നിവയുമായുള്ള വ്യാപാരവും നിക്ഷേപവും ശക്തിപ്പെടുത്തുകയും ചെയ്തു. ഇത് പ്രധാനമായും ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് ഓര്‍ഗനൈസേഷന്‍ മേഖലയുടെ തന്ത്രപരമായ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന നടപടി കൂടിയായി പരിണമിച്ചു. മ്യാന്‍മറുമായി നേരത്തേ തന്നെ ചൈനയ്ക്കാണ് വ്യാപാരം കൂടുതല്‍.പ്രാദേശികമായ ഉഭയകക്ഷി സ്വതന്ത്ര-വ്യാപാര കരാറുകള്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യയുടെ അയല്‍ക്കാരുമായുള്ള വ്യാപാരത്തിന്റെ അളവ് ചൈനയുടേതിനേക്കാള്‍ താഴെയാണ്.

2014ലെ കണക്കുപ്രകാരം ദക്ഷിണേഷ്യന്‍ രാജ്യങ്ങളുമായി ചൈന നടത്തിയ വ്യാപാരം 6041 കോടി ഡോളറിന്റേതാണ്. ഇന്ത്യയുടെ വ്യാപാരം 2470 കോടി ഡോളര്‍ മാത്രം. 2015ലും 2016ലും ദക്ഷിണേഷ്യന്‍ വ്യാപാരത്തില്‍ ഇന്ത്യയും ചൈനയും ഇടിവ് നേരിട്ടു. 2018ല്‍ ചൈനയുടെ വ്യാപാരത്തിന്റെ മുഖ്യപങ്കും പാകിസ്ഥാനുമായി ആയിരുന്നു. ഇതൊഴിച്ച് നിറുത്തിയാല്‍ ദക്ഷിണേഷ്യയില്‍ ഇന്ത്യയും ചൈനയും നടത്തിയ വ്യാപാരത്തിന്റെ അകലം 1287 കോടി ഡോളര്‍. 1915 കോടി ഡോളറിന്റെ വ്യാപാരമാണ് 2018ല്‍ ചൈന പാകിസ്ഥാനുമായി നടത്തിയത്. 299 കോടി ഡോളറിന്റേതായിരുന്നു ഇന്ത്യയും പാകിസ്ഥാനും തമ്മിലെ വ്യാപരം.

ബംഗ്ളാദേശുമായി 1874 കോടി ഡോളറിന്റെയും മ്യാന്‍മറുമായി 1529 കോടി ഡോളറിന്റെയും വ്യാപാരം 2018ല്‍ ചൈന നടത്തി.ബംഗ്ലാദേശുമായി ഇന്ത്യ നടത്തിയത് 982 കോടി ഡോളറിന്റെ വ്യാപാരം.മ്യാന്‍മറുമായി ഇന്ത്യയുടേത് 175 കോടി മാത്രവും. അഫ്ഗാനുമായി ഇന്ത്യയുടെ വ്യാപാരം 124 കോടി ആയിരുന്നു. ചൈനയുടേത് 69 കോടി. ഭൂട്ടാന്‍- ഇന്ത്യ വ്യാപാരം 96 കോടിയുടേത്. ചൈനയുടേത് ഒരു കോടിയേയുണ്ടായിരുന്നുള്ളൂ. മാലിദ്വീപ്  ഇന്ത്യ : 24 കോടി ; മാലിദ്വീപ് -ചൈന 4 കോടി ഡോളറും.

Related Articles

© 2024 Financial Views. All Rights Reserved