ആധാറുമായി പേയ്‌മെന്റ് സംവിധാനം ബന്ധിപ്പിക്കാനുള്ള നീക്കത്തില്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്; ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസം

September 12, 2019 |
|
News

                  ആധാറുമായി പേയ്‌മെന്റ് സംവിധാനം ബന്ധിപ്പിക്കാനുള്ള നീക്കത്തില്‍ ഇന്ത്യാ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്; ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിനാളുകള്‍ക്ക് ആശ്വാസം

ഡല്‍ഹി : പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനു ശേഷം പുത്തന്‍ ചുവടുവെപ്പാണ് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ആധാറുമായി തങ്ങളുടെ പേയ്‌മെന്റ് സംവിധാനം ബന്ധിപ്പിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. പേയ്‌മെന്റ്‌സ് ബാങ്കിന്റെ ഒന്നാം വാര്‍ഷികത്തില്‍ കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രി രവിശങ്കര്‍ പ്രസാദാണ് പദ്ധതി അവതരിപ്പിച്ചത്. ഇത് നടപ്പിലാക്കുന്നതോടെ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമല്ലാത്ത ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പണമിടപാട് സംബന്ധിച്ച സേവനം ലഭ്യമാകും. വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്മെന്റ് സെക്രട്ടറി ആനന്ദ് നാരായണ്‍ നന്ദ, ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്സ് ബാങ്ക് എംഡിയും സിഇഒയുമായ സുരേഷ് സേത്തി തുടങ്ങിയവര്‍ പങ്കെടുത്തു.

ഏതു ബാങ്കിന്റെ ഇടപാടുകാരനും സേവനം നല്‍കാവുന്ന വിധത്തില്‍ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കും മാറുകയാണ്. നാഷനല്‍ പേയ്‌മെന്റ്സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ സാങ്കേതികവിദ്യയാണ് പോസ്റ്റല്‍ ബാങ്ക് ലഭ്യമാക്കിയിട്ടുള്ളത്. പണം പിന്‍വലിക്കല്‍, ബാലന്‍സ് അന്വേഷണം തുടങ്ങി അടിസ്ഥാന ബാങ്കിങ് സേവനങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ട് ഏതു ബാങ്കിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാങ്ക് വഴി ലഭ്യമാകും.

തപാല്‍ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്ക് (ഐപിപിബി) സൂക്ഷ്മവായ്പകള്‍ നല്‍കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (എസ്എഫ്ബി)ആയി മാറുന്നുവെന്ന് അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. 100 ദിവസം കൊണ്ട് ഒരു കോടി പുതിയ അക്കൗണ്ടുകള്‍ തുടങ്ങാനും ലക്ഷ്യമിടുന്നുണ്ട്. പേയ്‌മെന്റ് ബാങ്കുകള്‍ക്ക് വായ്പ നല്‍കാന്‍ അനുവാദമില്ല. എസ്എഫ്ബികള്‍ക്ക് ചെറുവായ്പകള്‍ നല്‍കാനാവും. പരിശീലനം സിദ്ധിച്ച ജീവനക്കാരെ ഉപയോഗിച്ച് വീട്ടുപടിക്കല്‍ വായ്പയെത്തിക്കാനാണു ജമ്മുവില്‍ ചേര്‍ന്ന വിവിധ പോസ്റ്റല്‍ സര്‍ക്കിള്‍ മേധാവികളുടെ യോഗത്തില്‍ തീരുമാനിച്ചത്.  

കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ വിഹിതം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വ്യക്തികള്‍ക്കും ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും വായ്പ ലഭിക്കും. നിലവില്‍ ഒരുലക്ഷം രൂപ വരെ ഒരു ഉപഭോക്താവില്‍ നിന്നു നിക്ഷേപം സ്വീകരിക്കാനേ പേയ്‌മെന്റ് ബാങ്കുകള്‍ക്ക് അനുവാദമുള്ളൂ. മൂന്നാംകക്ഷി സേവനങ്ങളുടെ(ഇന്‍ഷുറന്‍സ് മുതലായവ) ഫീസാണ് മുഖ്യവരുമാനം. ഐപിപിബി നിലവില്‍ 15 രൂപ മുതല്‍ 25 രൂപ വരെയാണു സേവനങ്ങള്‍ക്ക് ഈടാക്കുന്നത്. സേവനങ്ങള്‍ വ്യാപിപ്പിക്കുമ്പോള്‍ ഇതില്‍ ചെറിയ ഇളവു വരുത്താനും അധികൃതര്‍ക്ക് ആലോചനയുണ്ടെന്നറിയുന്നു.

നിക്ഷേപങ്ങള്‍ സര്‍ക്കാര്‍ ബോണ്ടുകളിലും മറ്റുമാണ് നിക്ഷേപിക്കുന്നത്. തപാല്‍വകുപ്പ് 2007 മുതല്‍ ബാങ്ക് സേവനങ്ങളാരംഭിക്കാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും നടന്നില്ല. 2007ല്‍ അപ്പോഴത്തെ സാമ്പത്തിക മാന്ദ്യമായിരുന്നു കാരണം. പിന്നീട് 2013ല്‍ ശ്രമിച്ചെങ്കിലും ഒരു പൊതുമേഖലാ ബാങ്കു കൂടി വേണ്ടെന്ന നിലപാടില്‍ റിസര്‍വ് ബാങ്ക് അനുമതി നിഷേധിച്ചു. 2015ലാണ് പേയ്‌മെന്റ് ബാങ്കിനുള്ള ലൈസന്‍സ് ലഭിക്കുന്നത്. നിലവില്‍ 2 ലക്ഷം ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved