ലോക്ക്ഡൗണില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10 ശതമാനം ചുരുങ്ങുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി

June 03, 2020 |
|
News

                  ലോക്ക്ഡൗണില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10 ശതമാനം ചുരുങ്ങുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി

കോവിഡ് 19 ലോക്ക്ഡൗണ്‍ കാരണം, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10 ശതമാനം അല്ലെങ്കില്‍ 20 ലക്ഷം കോടി രൂപ കുറയുമെന്ന് മുന്‍ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് അറിയിച്ചു. 40 വര്‍ഷത്തിനിടെ ആദ്യത്തെ സങ്കോചമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാരിന്റെ 21 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജ് യഥാര്‍ത്ഥത്തില്‍ 1.4-1.5 ലക്ഷം കോടി രൂപയോ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 0.7 ശതമാനമോ മാത്രമാണെന്നും ഗാര്‍ഗ് പറഞ്ഞു.

40 വര്‍ഷത്തിനിപ്പുറം 2020-21 -ല്‍ ഇന്ത്യയുടെ ജിഡിപി ചുരുങ്ങുമെന്ന് ഉറപ്പാണ്. ഇത് ജിഡിപിയുടെ 10 ശതമാനത്തോളം വലിയ സങ്കോചമോ അല്ലെങ്കില്‍ 20 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമോ ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം,' ഒരു ബ്ലോഗ്പോസ്റ്റില്‍ അദ്ദേഹം വ്യക്തമാക്കി. 2020-21 സാമ്പത്തിക വര്‍ഷം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവിനാകും സാക്ഷ്യം വഹിക്കുക.

മൂന്ന് ദശകങ്ങളിലെ മികച്ച വളര്‍ച്ചയുടെ കഥയില്‍ നിന്ന് ഇന്ത്യ വഴിമാറുന്ന വര്‍ഷം കൂടിയാവും ഇതെന്നും ഗാര്‍ഗ് പറയുന്നു. 2019-20 ല്‍ സാമ്പത്തിക ശേഷിയുടെ ഉന്നതിലായിരുന്നില്ല ഇന്ത്യയെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചാ നിരക്ക് കൈവരിച്ച സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച വെറും നാല് ശതമാനം മാത്രമാണെന്നും വ്യക്തമാക്കി.

അടുത്തിടെ റേറ്റിംഗ് ഏജന്‍സികളായ ഫിച്ച്, ക്രിസില്‍ എന്നിവ ദീര്‍ഘകാല ലോക്ക്ഡൗണ്‍ കാരണം, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനത്തെ ഗണ്യമായി വെട്ടിക്കുറച്ചിരുന്നു. 2020-21 ല്‍ അഞ്ച് ശതമാനം സങ്കോചമുണ്ടാകുമെന്നാണ് ഫിച്ച് പ്രവചിക്കുന്നത്. അതായത്, ഏപ്രില്‍ അവസാനത്തില്‍ ആഗോള റേറ്റിംഗ് ഏജന്‍സി പ്രതീക്ഷിച്ച 0.8 ശതമാനം വളര്‍ച്ചയില്‍ നിന്ന് കുത്തനെ ഇടിവ്.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ അഞ്ച് ശതമാനം കുറയുമെന്ന് ക്രിസില്‍ പ്രവചിച്ചു. നേരത്തെ, 1.8 ശതമാനം വളര്‍ച്ച പ്രതീക്ഷിച്ചിരുന്നിടത്താണ് ഇത്. കൊറോണ വൈറസ് വ്യാപനത്തെ ചെറുക്കുന്നതിനുള്ള ഇന്ത്യയുടെ ലോക്ക്ഡൗണ്‍ നടപടി തെറ്റാണെന്നും മുന്‍ ധനകാര്യ സെക്രട്ടറി വിശേഷിപ്പിച്ചു. കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇക്കഴിഞ്ഞ മാര്‍ച്ച് 24 -ന് 21 ദിവസത്തെ രാജ്യവ്യാപക ലോക്ക്ഡൗണാണ് ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. പിന്നീടിത് മെയ് 3 വരെയും ശേഷം മെയ് 17 വരെയും നീട്ടി. ഇപ്പോഴിതാ കണ്‍ടെയിന്‍മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ കൂടി ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുകയാണ്.

Related Articles

© 2024 Financial Views. All Rights Reserved