അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന പ്രതീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍; ഡിസംബറില്‍ ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു; തുടര്‍ച്ചയായി അഞ്ചാം മാസവും ഇന്ത്യയുടെ കയറ്റുമതി തളര്‍ച്ചയിലേക്ക് എത്തിനില്‍ക്കുമ്പോള്‍; കേന്ദ്രസര്‍ക്കാര്‍ പറയുന്നു ഇന്ത്യ അതിവേഗം വളരുന്നുവെന്ന്

January 17, 2020 |
|
News

                  അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ എന്ന പ്രതീക്ഷയില്‍ കേന്ദ്രസര്‍ക്കാര്‍; ഡിസംബറില്‍ ഇന്ത്യയുടെ കയറ്റുമതി ഇടിഞ്ഞു; തുടര്‍ച്ചയായി അഞ്ചാം മാസവും ഇന്ത്യയുടെ കയറ്റുമതി തളര്‍ച്ചയിലേക്ക് എത്തിനില്‍ക്കുമ്പോള്‍; കേന്ദ്രസര്‍ക്കാര്‍ പറയുന്നു ഇന്ത്യ അതിവേഗം വളരുന്നുവെന്ന്

ന്യൂഡല്‍ഹി:ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍ 2019 ഡിസംബറിലും ഇടിവ് വന്നതായി റിപ്പോര്‍ട്ട്.  തുടര്‍ച്ചയായി അഞ്ചാം മാസമാണ് ഇന്ത്യയുടെ കയറ്റുമതി വ്യാപാരത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഡിസംബറില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ 1.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്.  കേന്ദ്രവാണിജ്യ മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിട്ടിട്ടുള്ളത്. അതേസമയം വ്യാപാര കമ്മി 11.25 ബില്യണ്‍ ഡോളറാണ് രേഖപ്പെടുത്തിയിട്ടുള്ളത്.  സംസ്‌ക്കരിച്ച പെട്രോളിയം കയറ്റുമതിയില്‍ അടക്കം ഭീമമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നത്. 

അതേസമയം നവംബറില്‍ ഇന്ത്യയുടെ കയറ്റുമതിയില്‍  0.3 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സ്ഥാനത്താണ് ഡിസംബറിലെ കയറ്റുമതിയില്‍  1.8 ശതമാനം ഇടിവ് രേഖപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര തലത്തില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധിയും രൂപയുടെ മൂല്യത്തിലുള്ള ഇടിവും, രാജ്യത്തെ ഉത്പ്പാദന മേഖല നേരിടുന്ന പ്രതിസന്ധിയുമാണ് കയറ്റുമതി വ്യാപാരം തളര്‍ച്ചയിലേക്കെത്താന്‍ കാരണമായത്.  ഡിസംബറില്‍ ഇന്ത്യയുടെ കയറ്റുമതി 27.36 ബില്യണ്‍ ഡോളറിലേക്കാണ് ചുരുങ്ങിയിട്ടുള്ളത്. അതേസമയം ഡിസംബറില്‍ ഇന്ത്യയുടെ ഇറക്കുമതിയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഇറക്കുമതിയില്‍ 8.83 ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.  ഇതോടെ ഇറക്കുമതി വ്യാപാരം 38.61 ബില്യണ്‍ ഡോളറിലേക്ക് ചിുരുങ്ങുകയും ചെയ്തു.  

എന്നാല്‍ 2019 ഡിസംബറിലെ വ്യാപാര കമ്മി മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ചുരുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 2018 ഡിസംബറിലെ വ്യാപാര കമ്മി 14.49 ബില്യണ്‍ ഡോളര്‍ രേഖപ്പെടുത്തിയപ്പോള്‍ 2019 ഡിസംബറിലെ വ്യാപാര കമ്മി 11.25 ബില്യണ്‍ ഡോളറായി ചുരുങ്ങിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലൂടെ വ്യക്തമാകുന്നത്.  കയറ്റുമതി-ഇറക്കുമതി തമ്മിലുള്ള ചിലവിന്റെ അന്തരമാണ് വ്യപാര കമ്മി.  സ്വര്‍ണ ഇറക്കുമതിയും,ഓയില്‍  ഇറക്കുമതിയും കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.  ഒയില്‍ ഇറക്കുമതി 0.83 ശതമാനം ഇടിവ് രേഖപ്പെടുത്തി 10.69 ബില്യണ്‍ ഡോളറിലേക്കും,  സ്വര്‍ണ ഇറക്കുമതി നാല് ശതമാനം ഇടിവ് രേഖപ്പെടുത്തി 2.46 ബില്യണ്‍ ഡോളറിലേക്കും ചുരുങ്ങിയെന്നാണ് കണക്കുകളിലൂടെ വ്യക്തമാക്കുന്നത്. 

 2019-2020 സാമ്പത്തിക വര്‍ഷത്തില്‍ ഏപ്രില്‍-ഡിസംബര്‍ വരെയുള്ള കയറ്റുമതി വ്യാപാരം 239.29 ബില്യണ്‍ ഡോളറായി ചുരുങ്ങി. ഇറക്കുമതി 357.39 ബില്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.  ഇറക്കുമതി വ്യാപാരം അധികരിക്കുകയും, കയറ്റുമതി വ്യാപാരം കൂടുകയും ചെയ്താല്‍ ഇന്ത്യയുടെ വ്യാപാര കമ്മി ഉയര്‍ന്നേക്കും.  ഇത് സര്‍ക്കാറിന് വലിയ തിരിച്ചടിയാവുകയും ചെയ്യും.

Related Articles

© 2024 Financial Views. All Rights Reserved