ഖഷോഗിയുടെ കൊലപാതക കേസിന്റെ ചൂടില്‍ റിയാദില്‍ വീണ്ടും നിക്ഷേപ സംഗമം; സൗദിയിലേക്ക് ഇത്തവണയും നിക്ഷേപകര്‍ ഒഴുകിയെത്തുമോ?

October 05, 2019 |
|
News

                  ഖഷോഗിയുടെ കൊലപാതക കേസിന്റെ ചൂടില്‍ റിയാദില്‍ വീണ്ടും നിക്ഷേപ സംഗമം; സൗദിയിലേക്ക് ഇത്തവണയും നിക്ഷേപകര്‍ ഒഴുകിയെത്തുമോ?

റിയാദ്: സൗദിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ കൊലപാതകം ഇപ്പോഴും അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഖഷോഗിയുടെ കൊലപാതകം സൗദി ഭരണകൂടത്തെ ഒന്നാകെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന വാര്‍ത്തകളാണ് കഴിഞ്ഞ കുറേക്കാലമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സൗദി ഭരണകൂടത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന കൊലപാതകം സൗദിയുടെ നിക്ഷേപക, വ്യാപാര സൗഹൃദത്തെ എങ്ങനെയൊക്കെ ബാധിച്ചിട്ടുണ്ടെന്ന് വിലയിരുത്താം. 2018 ഒക്ടോബര്‍ രണ്ടിനാണ് സൗദിയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗി കൊല്ലപ്പെടുന്നത്. 

ഖഷോഗി കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് റിയാദില്‍ അന്താരാഷ്ട്ര നിക്ഷേപ സൗഹൃദ സംഗമം നടക്കുന്നത്. എന്നാല്‍ നിക്ഷേപ സൗഹൃദം അത്ര വിജയം കണ്ടില്ലെന്നാണ് റിപ്പോര്‍ട്ട്. മരുഭൂമിയിലെ ദാവോസ് എന്ന് വിശേഷിപ്പിച്ച് സൗദി റിയാദില്‍ സംഘടിപ്പിച്ച ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇനിഷിയേറ്റീവ്  സംഘടിപ്പിച്ചത് സൗദിയെ നിക്ഷേപ കേന്ദ്രമാക്കി മാറ്റുകയെന്ന സ്വപ്‌നങ്ങള്‍ക്ക് വലിയ തിരിച്ചടികള്‍ നേരിട്ടു. മുന്‍വര്‍ഷങ്ങളില്‍ വന്‍ വിജയം കണ്ടിരുന്ന നിക്ഷേപ സംഗമം സൗദിക്ക് 2018 ല്‍ പൂര്‍ണ വിജയത്തിലേക്കെത്താന്‍ സാധിച്ചിട്ടില്ല. ബാങ്കിങ് മേഖലയിലെ നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറി. ഡസണ്‍ കണക്കിന് നിക്ഷേപകരാണ് അന്ന് പിന്‍മാറിയത്. സൗദിയുടെ വ്യാപാര മേഖലയെ പോലും ഖഷോഗിയുടെ കൊലപാതകം പിടിച്ചുകുലുക്കിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര സാമ്പത്തിക വിദഗ്ധരെല്ലാം ചൂണ്ടിക്കാട്ടുന്നത്. സൗദി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ കൂട്ടത്തോടെ പിന്‍മാറുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍. 

അതേസമയം അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ ജെപി മോര്‍ഗന്‍, ബ്ലാക്ക് റോക്ക്, അന്താരാഷ്ട്ര നാണയ നിധിയുടെ തലവന്‍മാരും സൗദി സംഘടിപ്പിച്ച നിക്ഷേപ സംഗമത്തില്‍ കഴിഞ്ഞ വര്‍ഷം പങ്കെടുത്തിട്ടില്ല. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് അമേരിക്കയിലെ മാധ്യമങ്ങളും രഹസ്യന്വേഷണ ഏജന്‍സികളും പറയുന്നത്. തെളിവുകള്‍ രഹസ്യന്വേഷണ ഏജന്‍സികള്‍ പുറത്തുവിട്ടിട്ടും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെതിരെ ഒരു നടപടിയുമില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപുമായുള്ള സൗഹൃദം തന്നെയാണ് ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മുഹമ്മദ് ബിന്‍ സല്‍മാനെതിരെ നടപടിയെടുക്കാതിരുന്നത്.  

ഒക്ടോബര്‍ അവസാന വാരം മരുഭൂമിയിലെ ദാവോസ് വീണ്ടും റിയാദില്‍ നടക്കും. ആഗോള തലത്തിലെ നിക്ഷേപകരെ എത്തിക്കാനുള്ള എല്ലാ നീക്കവും സൗദി ഇപ്പോള്‍ നടത്തുന്നുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിവിധ കോര്‍പ്പറേറ്റ് കമ്പനികളെല്ലാം നിക്ഷേപ സമ്മേളനത്തില്‍ പങ്കേടുത്തേക്കും. സൗദി അരാംകോയിലേക്കാണ് പല നിക്ഷേപകരും ഇപ്പോള്‍ നോട്ടമിട്ടിരിക്കുന്നത്. ലോകത്തിലേറ്റവും കൂടുതല്‍ എണ്ണ സമ്പന്ന രാജ്യമെന്ന നിലയ്ക്കാണ് നിക്ഷേപരെല്ലാം സൗദിയിലേക്ക് ഒഴുകിയെത്താന്‍ കാരണമായിരിക്കുന്നത്. അതേസമയം സൗദി ഇപ്പോള്‍ തങ്ങളുടെ പരമ്പരാഗത സാമ്പത്തിക നയത്തില്‍ കൂടുതല്‍ അഴിച്ചപപണികളും നടത്തുന്നുണ്ട്. സിനിമ, വ്യവസായികം, വിനോദം, അടിസ്ഥാന സൗകര്യ വികസനം എന്നിവയിലേക്കുള്ള നിക്ഷേപം എത്തിക്കാനുള്ള നീക്കമാണ് സൗദി ഇപ്പോള്‍ നടത്തുന്നത്.

News Desk

Author
mail: author@financialviews.in

Related Articles

© 2020 Financial Views. All Rights Reserved