മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനി റിലയന്‍സിന്റെ ഉന്നത പടവുകളിലേക്കോ?

July 04, 2020 |
|
News

                  മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനി റിലയന്‍സിന്റെ ഉന്നത പടവുകളിലേക്കോ?

മുകേഷ് അംബാനിയുടെ ഇളയ മകന്‍ അനന്ത് അംബാനിയും റിലയന്‍സ് വ്യവസായ സാമ്രാജ്യത്തിന്റെ ഉന്നത പടവുകളില്‍. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) അഞ്ച് 'വെര്‍ട്ടിക്കലു'കളിലെ മാനേജുമെന്റ് ടീമുകളില്‍ 25 കാരനായ അനന്ത് സ്ഥാനം പിടിച്ചതായി 2019-20 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2019 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം വരെ റിലയന്‍സ് സാമ്രാജ്യത്തില്‍ ഔദ്യോഗിക സ്ഥാനമൊന്നും വഹിച്ചിരുന്നില്ല അനന്ത്. അനന്തിന്റെ സഹോദരങ്ങളായ ആകാശും ഇഷയും 2014 ല്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം, റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്‌സ് എന്നിവയുടെ ബോര്‍ഡുകളില്‍ ചേര്‍ന്നിരുന്നു. ഏകദേശം 24-25 വയസോടെ ബിസിനസില്‍ സജീവമാകുകയെന്ന അംബാനി കുടുംബത്തിലെ പാരമ്പര്യമാണ് അനന്തും പിന്തുടരുന്നത്. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി 24 വയസിലാണ് ആര്‍ഐഎല്ലില്‍ ചേര്‍ന്നത്, 1981 ല്‍. ഇരട്ട സഹോദരങ്ങളായ ആകാശും ഇഷയും ഏകദേശം ഇതേ പ്രായത്തില്‍ തന്നെ പ്രയാണ വഴിയിലെത്തി.

അനന്ത് അംബാനിയെ റിലയന്‍സ് റീട്ടെയില്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വി. സുബ്രഹ്മണ്യം  എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയുള്ള  ബോര്‍ഡില്‍ അനന്തിന്റെ സഹോദരങ്ങളായ ആകാശും ഇഷയുമുണ്ട്. ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റിയും ഓണ്‍ലൈന്‍-ടു-ഓഫ്‌ലൈന്‍  കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ടും ഉള്‍പ്പെടെ ഗ്രൂപ്പിന്റെ എല്ലാ ഡിജിറ്റല്‍ താല്‍പ്പര്യങ്ങളും ഉള്‍ക്കൊള്ളുന്ന ലംബമായ ഡിജിറ്റല്‍ സര്‍വീസസ് ബോര്‍ഡിലും അനന്ത് ഉണ്ട്. 2020 മാര്‍ച്ച് 16 നായിരുന്നു ഈ നിയമനം.മുംബൈയിലെ ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പഠനത്തിനു ശേഷം റോഡ് ഐലന്‍ഡിലെ ബ്രൗണ്‍ സര്‍വകലാശാലയില്‍ നിന്നാണ് അനന്ത് ബിരുദം നേടിയത്.

കുറച്ചു കാലം ആര്‍ഐഎല്ലിന്റെ ജാംനഗര്‍ പ്ലാന്റില്‍ ജോലി ചെയ്തിരുന്നു ഇളയ അംബാനി. ഇപ്പോള്‍ ജാംനഗര്‍ പ്ലാന്റിലെ ശുദ്ധീകരണ,വിപണന, പെട്രോ കെമിക്കല്‍സ് ലംബങ്ങളില്‍ പ്രധാന സ്ഥാനമാണ് അദ്ദേഹം വഹിക്കുന്നതെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പില്‍ വലിയൊരു പങ്കു തന്നെയാണ് ഈ സ്ഥാനങ്ങളിലൂടെ അനന്തിനു വഹിക്കാനുള്ളത്. അതേസമയം എണ്ണ, വാതക പര്യവേക്ഷണം, ഉല്‍പാദനം, ദ്രവ്യത, മൂലധന വിഭവങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്ന ചുമതലകളുടെ ഭാഗമായിട്ടില്ല അദ്ദേഹം.

Related Articles

© 2024 Financial Views. All Rights Reserved