വിരമിച്ചതിന് പിന്നാലെ ആലിബാബ സ്ഥാപകന്റെ ശ്രദ്ധ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും നൂതന വിദ്യാഭ്യാസ പദ്ധതികള്‍ ഏറ്റെടുക്കാനും; ജാക്ക് മാ പടിയിറങ്ങിയത് 55ാം പിറന്നാള്‍ ദിനത്തില്‍

September 12, 2019 |
|
News

                  വിരമിച്ചതിന് പിന്നാലെ ആലിബാബ സ്ഥാപകന്റെ ശ്രദ്ധ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും നൂതന വിദ്യാഭ്യാസ പദ്ധതികള്‍ ഏറ്റെടുക്കാനും; ജാക്ക് മാ പടിയിറങ്ങിയത് 55ാം പിറന്നാള്‍ ദിനത്തില്‍

ആഗോള ബിസിനസ് രംഗത്തെ അതികായന്മാരില്‍ പ്രമുഖനായ ആലിബാബ സ്ഥാപകന്‍ ജാക്ക് മാ പടിയിറങ്ങിയതിന് പിന്നാലെ ഇനിയെന്താകും അദ്ദേഹത്തിന്റെ ലക്ഷ്യം എന്നാണ് ചര്‍ച്ച സജീവമാകുന്നത്. ഓണ്‍ലൈന്‍ വിപണിയിലെ വന്‍ വിജയത്തിന് ശേഷം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പടിയിറങ്ങുമ്പോള്‍ പുത്തന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താനും നൂതന വിദ്യാഭ്യാസ പരിപാടികള്‍ ഏറ്റെടുക്കാനുമാണ് ജാക്ക് മായുടെ ശ്രമം. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്‌സിന്റെ പാത പിന്തുടരുകയാണ് ജാക്ക് മായും.

തന്റെ 55ാം പിറന്നാള്‍ ദിനത്തിലാണ് ജാക്ക് മാ ആലിബാബയുടെ തലപ്പത്തു നിന്നും ഇറങ്ങിയത്. ഇ-കൊമേഴ്‌സ് രംഗത്തെ ചൈനീസ് അതികായരായ അലിബാബയുടെ സഹസ്ഥാപകനും ഉടമയുമായ ജാക്ക് മാ വിരമിക്കല്‍ പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ്. 1999ല്‍ ആലിബാബ സ്ഥാപിക്കുന്നതിനു മുന്‍പ് ഇംഗ്ലീഷ് അധ്യാപകനായിരുന്നു മാ. തന്റെ വിരമിക്കലിനെ ഒരു യുഗത്തിന്റെ തുടക്കമായാണ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മാ അന്ന് വിശേഷിപ്പിച്ചത്. 55ാം വയസ്സിലാണ് മാ വിരമിച്ചത്.

ചൊവ്വാഴ്ച ജാക്ക് മാ അധ്യക്ഷസ്ഥാനം ഒഴിയുമ്പോള്‍ അത് ആലിബാബ ഓഹരികളെയും കമ്പനിയുടെ മുന്നോട്ടുള്ള പ്രയാണത്തെയും ഒട്ടും ബാധിക്കാതിരിക്കാന്‍ വലിയ മുന്‍കരുതലുകളാണ് സ്വീകരിച്ചിരുന്നത്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, യാഹൂ തുടങ്ങിയ കമ്പനികളെയൊക്കെ നായകന്മാരുടെ പടിയിറക്കം ഉലച്ചെങ്കില്‍ ആലിബാബയുടെ കാര്യത്തില്‍ അതുണ്ടാവില്ല എന്നാണ് കരുതുന്നത്. അധികാരക്കൈമാറ്റം ഒരു വര്‍ഷം മുന്‍പേ ആരംഭിച്ചിരുന്നു. യുഎസ്-ചൈന വ്യാപാരയുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഉലച്ചില്‍ തട്ടാതെ പുതിയ മേഖലകള്‍ കയ്യടക്കി ആലിബാബ മുന്നോട്ടുള്ള കുതിപ്പു തുടരുകയാണ്.

1999ല്‍ സുഹൃത്തുക്കളില്‍ നിന്നും കടമായി വാങ്ങിയ 60,000 ഡോളര്‍ ഉപയോഗിച്ചാണ് അലിബാബ എന്ന കമ്പനിക്ക് മാ തുടക്കം കുറിച്ചത്. അതിവേഗം തന്നെ ലോകത്തെ തന്നെ വലിയ സാന്നിധ്യങ്ങളിലൊന്നായി കമ്പനി വളര്‍ന്നു. ഹാങ്ഷുവിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലിരുന്നായിരുന്നു അലിബാബയുടെ ആദ്യകാല പ്രവര്‍ത്തനങ്ങള്‍ മാ നിയന്ത്രിച്ചിരുന്നത്. വസ്തുക്കള്‍ വില്‍ക്കാനും വാങ്ങാനും ഓണ്‍ലൈന്‍ അനന്ത സാധ്യത ഒരുക്കുന്നതായുള്ള തിരിച്ചറിവായിരുന്നു ഇത്തരമൊരു സംരംഭത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ചൈനയിലെ ആയോധനകലയായ തായ് ചിയുടെ ആരാധകനായ മാ ജീവനക്കാര്‍ക്കിടയിലും ഉപയോക്താക്കള്‍ക്കിടയിലും ഏറെ പ്രിയങ്കരനായിരുന്നു.

ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സുമായുള്ള താരതമ്യങ്ങള്‍ക്ക് പലപ്പോഴും ഇതു വഴിവച്ചു.  അസൂയാവഹമായ നേട്ടങ്ങളാണ് അലിബാബയും മായും എത്തിപ്പിടിച്ചത്. 2018 ലെ കണക്കുകള്‍ പ്രകാരം 420.8 ബില്യണ്‍ ഡോളറാണ് കമ്പനിയുടെ ആസ്തി. മായുടെ ആകെയുള്ള ആസ്തിയാകട്ടെ 36.6 ബില്യണ്‍ ഡോളറും. 2006ല്‍ ചൈനയിലെ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രമുഖ വിപണന സൈറ്റായ ഇബേയെ പ്രേരിപ്പിച്ചത് അലിബാബയുടെ സാന്നിധ്യമായിരുന്നു. ഇകൊമേഴ്‌സിനു പുറമെ എഴുത്തിന്റെ ബിസിനസിലും താത്പര്യമുള്ള വ്യക്തിയാണ് ജാക്ക് മാ. ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മൊബൈല്‍ കണ്ടന്റ് പ്ലാറ്റ്‌ഫോമായ യുസി വെബ്.

Related Articles

© 2024 Financial Views. All Rights Reserved